Friday, March 29, 2019

എകെജി ദമ്പതികള്‍ക്കൊപ്പം നായര്‍ ദമ്പതികള്‍


https://www.janmabhumidaily.com/news853503

എകെജി ദമ്പതികള്‍ക്കൊപ്പം  നായര്‍  ദമ്പതികള്‍



പി. ശ്രീകുമാര്‍



ലോകസഭയിലെ മലയാളി ദമ്പതിമാര്‍ ആര് എന്ന ചോദ്യത്തിനുത്തരം എ.കെ.ഗോപാലാന്‍-സുശീല ഗോപാലാന്‍ എന്നായിരിക്കും. 1967-ല്‍ എകെജി പാലക്കാട്ടുനിന്ന് നിയമസഭയിലേക്ക് ജയിക്കുമ്പോള്‍ അമ്പലപ്പുഴയില്‍ നിന്ന് ഭാര്യ സുശീലയും ജയിച്ചു. എകെജി 67ന് മുന്‍പ് മൂന്നുതവണ കാസര്‍കോടു നിന്നും ഒരു തവണ കണ്ണൂരില്‍നിന്നും ജയിച്ചിരുന്നു. സുശീലയും രണ്ടു തവണകൂടി പാര്‍ലമെന്റിലെത്തി. എകെജി മരിച്ചതിനുശേഷം 1980, 91ലും.

1967ല്‍ എകെജി-സുശീല ദമ്പതികള്‍ക്കൊപ്പം മറ്റൊരു മലയാളിയും ഭാര്യയും ലോകസഭയിലെത്തിയിരുന്നു. കെ.കെ.നായരും ഭാര്യ ശകുന്തള നായരും. ജനസംഘം ടിക്കറ്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇരുവരും ജയിച്ചതെന്നുമാത്രം. കെ.കെ.നായര്‍ ബഹരക് മണ്ഡലത്തില്‍ നിന്ന് ജയിച്ചപ്പോള്‍ ഭാര്യ ശകുന്തള കൈസര്‍ഗഞ്ച് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. ശകുന്തള 52-ല്‍ ഗോണ്ട മണ്ഡലത്തില്‍നിന്നും ജയിച്ചിരുന്നു. 62-ല്‍ കെ.കെ.നായര്‍ യുപി നിയമസഭയിലേക്കും ജയിച്ചിട്ടുണ്ട്. എംപി എന്ന നിലയിലല്ലാതെ ഇന്ത്യയുടെ ചരിത്രത്തില്‍ പ്രത്യേകിച്ച് അയോധ്യയുടെ ചരിത്രത്തില്‍ ഇടംതേടിയ ആളാണ് കെ.കെ.നായര്‍. അയോധ്യ തര്‍ക്കത്തില്‍ ആദ്യം ഒരു തീരുമാനമെടുത്തത് ഈ കുട്ടനാട്ടുകാരനായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറും മജിസ്ട്രേറ്റുമായിരുന്ന അദ്ദേഹം ഈ പ്രശ്നത്തില്‍ കൈക്കൊണ്ട തീരുമാനമാണ് പിന്നീട് വര്‍ഷങ്ങള്‍നീണ്ട തര്‍ക്കത്തിലേക്ക് നീങ്ങിയത്.

കൈനകരി കണ്ടംകളത്തില്‍ ശങ്കരപ്പണിക്കര്‍-പാര്‍വതിയമ്മ ദമ്പതിമാരുടെ മകനായ കെ.കെ. നായര്‍ 46ലായിരുന്നു ഫൈസാബാദ് കളക്ടറായി ചുമതലയേറ്റത്. ഇദ്ദേഹം കളക്ടറായിരിക്കെ 49ലാണ് അയോധ്യയില്‍ തര്‍ക്കം ഉടലെടുക്കുന്നത്.ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവിടത്തെ തര്‍ക്കമന്ദിരത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. 49 ഡിസംബര്‍ 23ന് സന്ന്യാസിമാരുടെ സംഘം ഇവിടെ പ്രവേശിച്ച് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും, അത് നീക്കംചെയ്യാന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു നിര്‍ദേശിക്കുകയും ചെയ്തു. അന്നത്തെ യു.പി. മുഖ്യമന്ത്രി ഗോവിന്ദവല്ലഭ് പന്ത് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. പക്ഷേ, കെ.കെ. നായര്‍ വഴങ്ങിയില്ല. അയോധ്യയില്‍ രക്തച്ചൊരിച്ചിലിനേ ഇതുപകരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് നായരെ സസ്പെന്‍ഡു ചെയ്തു. ഇതിനെ കോടതിയില്‍ ചോദ്യംചെയ്യുകയും കെ.കെ. നായരെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയെ്തങ്കിലും അദ്ദേഹം അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുകയായിരുന്നു.

ഇതിനിടെ 1952ല്‍ അദ്ദേഹത്തിന്റെ ഭാര്യ ശകുന്തള ജനസംഘം ടിക്കറ്റില്‍ ലോക്സഭാംഗമായി. പിന്നീട് കെ.കെ. നായരും ജനസംഘം ടിക്കറ്റില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു

അടിയന്തരാവസ്ഥക്കാലത്ത് ഈ ദമ്പതിമാര്‍ ജയില്‍ശിക്ഷയും അനുഭവിച്ചിരുന്നു. '77 സപ്തംബര്‍ ഏഴിന് ഇദ്ദേഹം മരിക്കുംവരെ പൊതുപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു.

ആലപ്പുഴ എസ്.ഡി.വി. സ്‌കൂളിലും തുടര്‍ന്ന് തിരുവനന്തപുരത്തും പഠിച്ച കെ.കെ. നായര്‍ ലണ്ടനില്‍നിന്ന് 22ാംവയസ്സില്‍ ഐ.സി.എസ്. പരീക്ഷ പാസ്സായി. 11 ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു ഇദ്ദേഹത്തിന്.

പാര്‍ലമെന്റ് കണ്ട മറ്റൊരു മലയാളി ദമ്പതിമാര്‍ കൂടിയുണ്ട്. കെ.എ. ദാമോദരമേനോനും ലീലാ ദാമോദരമേനോനും .ഭര്‍ത്താവ് ലോക്സഭയിലായിരുന്നുവെങ്കില്‍ ഭാര്യ രാജ്യസഭയില്‍ .ഒരേസമയത്തും ആയിരുന്നില്ല ഈ ദമ്പതികള്‍ അംഗങ്ങളായിരുന്നത്. 1952-ല്‍ കോഴിക്കോട്ടുനിന്നാണ് കെ.എ. ദാമോദരമേനോന്‍ ലോക്സഭയിലേക്ക് ജയിച്ചത്. 1974 മുതല്‍ 80 വരെ ലീലാദാമോദരമേനോന്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി.

എന്നാല്‍ ഈ ദമ്പതികള്‍ ഒരേസമയം കേരളനിയമസഭയില്‍ അംഗമായിരുന്നു. 1960-ല്‍ പറവൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച മേനോന്‍ പട്ടം താണുപിള്ള മന്ത്രിസഭയിലും തുടര്‍ന്ന് ആര്‍. ശങ്കര്‍ മന്ത്രിസഭയിലും മന്ത്രിയായിരുന്നു. കുന്നമംഗലം മണ്ഡലത്തില്‍നിന്നാണ് ലീല ജയിച്ചത്. പിന്നീട് പട്ടാമ്പിയില്‍ നിന്നും അവള്‍ ജയിച്ച് നിയമസഭയില്‍ എത്തി.

മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയും രാജ്യസഭയില്‍ കേരളത്തില്‍നിന്ന് അംഗമായിട്ടുണ്ട്. ഭാരതി ഉദയഭാനു, കേരളത്തിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.പി. ഉദയഭാനുവിന്റെ ഭാര്യ. 1954 മുതല്‍ രണ്ടു തവണയായി 10 വര്‍ഷം രാജ്യസഭാംഗമായി.




No comments:

Post a Comment