Wednesday, March 27, 2019

ഇരട്ടവിജയത്തിന്റെ മധുരം


https://www.janmabhumidaily.com/news853228




ഇരട്ടവിജയത്തിന്റെ മധുരം

പി ശ്രീകുമാര്‍


ഇരട്ടവിജയത്തിന്റെ മധുരം രണ്ടു തവണ ആസ്വദിച്ചവര്‍ രണ്ടു പേര്‍. അടല്‍ ബിഹാരി വാജ്‌പേയിയും മുലായംസിങ് യാദവും. മൂന്നു മണ്ഡലങ്ങളില്‍ ഒരേ സമയം പോരിനിറങ്ങിയവരിലും രണ്ട്  ദേശീയ നേതാക്കളുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയും ദേവീലാലും. രണ്ട് മണ്ഡലത്തില്‍ ഒന്നിച്ചു തോല്‍ക്കാനുള്ള നിര്‍ഭാഗ്യം രണ്ടു തവണ വാജ്‌പേയിക്കുണ്ടായി. രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ജനവിധി തേടി രണ്ടിടത്തും ജയിച്ച റെക്കോഡ് വാജ്പേയിക്കു മാത്രം.  മുലയം സിങ് യാദവിനും ഇരട്ട വിജയത്തില്‍ ഡബിള്‍ ഉണ്ടെങ്കിലും എല്ലാം ഉത്തര്‍പ്രദേശില്‍ നിന്നു മാത്രമായിരുന്നു. ഒരേ സമയം രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് ഒരേ സമയം ജയിച്ചവരില്‍ ഇന്ദിരാഗാന്ധിയും നരേന്ദ്ര മോദിയും ദേവീലാലും നരസിംഹ റാവുവും സോണിയ ഗാന്ധിയും  ഉണ്ട്
1957-ല്‍ വാജ്‌പേയി ലഖ്നൗ ബല്‍റാംപൂര്‍, മഥുര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയായി. ബല്‍റാംപൂരില്‍ ജയിച്ചെങ്കിലും ലഖ്നൗവിലും മഥുരയിലും തോറ്റു. 1962-ല്‍ വാജ്‌പേയി സിറ്റിങ് സീറ്റായ ബല്‍റാംപൂരിനു പുറമേ  ലഖ്‌നൗവിലും മത്സരിച്ചു. രണ്ടിടത്തും തോറ്റു. 1991-ല്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും മധ്യപ്രദേശിലെ വിദിശയിലും മത്സരിക്കാനിറങ്ങി. രണ്ടിടത്തും ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയം. ലഖ്നൗ നിലനിര്‍ത്തി. 1996ലും രണ്ടു സംസ്ഥാനങ്ങളിലായി രണ്ടു മണ്ഡലങ്ങള്‍. ലഖ്നൗവിനു പുറമെ എല്‍.കെ. അദ്വാനിയുടെ സിറ്റിങ് സീറ്റായിരുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍. ഹവാലാ കേസില്‍ പേരു പരാമര്‍ശിക്കപ്പെട്ടതിനാല്‍ മത്സരത്തിനില്ലെന്ന് അദ്വാനി പ്രഖ്യാപിച്ചതിനാലാണ് വാജ്‌പേയിക്ക് മത്സരിക്കേണ്ടിവന്നത്. രണ്ടിടത്തും ജയിച്ചു. ലഖ്നൗ നിലനിര്‍ത്തി. ഗാന്ധിനഗര്‍ ഉപേക്ഷിച്ചു.
വാജ്പേയിക്ക് പുറമെ മൂന്നു മണ്ഡലങ്ങളില്‍ ഒരേ തവണ മത്സരത്തിനിറങ്ങിയത് മുന്‍ ഉപപ്രധാനമന്ത്രി ദേവീലാലാണ്. 1989-ല്‍ റോത്തക് (ഹരിയാന), സിക്കാര്‍ (രാജസ്ഥാന്‍), ഫിറോസ്പൂര്‍ (പഞ്ചാബ്) എന്നിവിടങ്ങളില്‍ മത്സരിച്ച ദേവീലാല്‍ ആദ്യ രണ്ടിടത്തും ജയിച്ചു. പഞ്വാബില്‍ മൂന്നാമനായി. സിക്കാര്‍ സീറ്റ് നിലനിര്‍ത്തി.
രണ്ടിടത്തെ വിജയങ്ങള്‍
ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന വി ജി ദേശ്പാണ്ഡെയാണ് ലോകസഭയിലേക്ക് രണ്ടു മണ്ഡലത്തില്‍ നിന്ന്്് ജയിച്ച ആദ്യത്തെ ആള്‍.  1952 ല്‍  മധ്യപ്രദേശിലെ ഗുണ, ഗ്വാളിയര്‍ മണ്ഡലങ്ങളില്‍ നിന്നാണ് ജയച്ചത്. ഗുണ നില നിര്‍ത്തി.
 1980-ല്‍ ഇന്ദിരാഗാന്ധി സ്ഥിരം മണ്ഡലമായ റായ്ബറേലിക്കു പുറമെ ആന്ധ്രയിലെ മേധക്കിലും മത്സരിച്ചു. റായ്ബലേറിയില്‍ വിജയരാജ സിന്ധ്യയും മേധക്കില്‍ ജയ്പാല്‍ റെഡ്ഡിയുമായിരുന്നു എതിരാളികള്‍. രണ്ടിടത്തും ജയിച്ച ഇന്ദിര മേധക്ക് നിലനിര്‍ത്തി.
1991-ല്‍ എല്‍.കെ. അദ്വാനി ഗാന്ധി നഗറിനു പുറമെ  ന്യൂദല്‍ഹിയിലും മത്സരിച്ചു. നടന്‍ രാജേഷ് ഖന്നയായിരുന്നു ദല്‍ഹില്‍ എതിരാളി. രണ്ടിടത്തും ജയം. ഗാന്ധിനഗര്‍ നിലനിര്‍ത്തി. 1999-ല്‍ സോണിയ ഗാന്ധി അമേത്തിക്കു പുറമെ കര്‍ണാടകയിലെ ബെല്ലാരിയിലും മത്സരത്തിനിറങ്ങി. രണ്ടിടത്തും ജയിച്ച് അമേഠി നിലനിര്‍ത്തി. സുഷമ സ്വരാജായിരുന്നു ബല്ലാരിയില്‍ എതിരാളി. 
മുലയം സിങ് യാദവ് 1999ലും 2014ലും ഇരട്ട വിജയങ്ങള്‍ നേടി. 1999ല്‍ സമ്പാല്‍, കഞ്ചു മണ്ഡലങ്ങളില്‍ ജയിച്ച മുലയം സമ്പാല്‍ നിലനിര്‍ത്തി. 2014-ല്‍ മയിന്‍പുരി, അസംഗഡ് എന്നിവിടങ്ങളിലായിരുന്നു ജയം, അസംഗഡ് നിലനിര്‍ത്തി. മുലയത്തിന്റെ മകന്‍ അഖിലേഷും ഇരട്ട വിജയം നേടിയിട്ടുണ്ട്. 2009-ല്‍ കഞ്ചുവിലും ഫിറോസാബാദിലും ജയിച്ച അഖിലേഷ് കഞ്ചു നിലനിര്‍ത്തി. ലാലു പ്രസാദ് യാദവും രണ്ടു തവണ ഇരട്ടപ്പോരിനിറങ്ങി. 2004-ല്‍ ഛപ്രയിലും മേധേപുരയിലും മത്സരിച്ച ലാലു ഇരട്ട ജയം നേടി. 2009-ല്‍ സരണിലും പാടലീപുത്രത്തിലും മത്സരിച്ചെങ്കിലും പാടലീപത്രയില്‍ തോറ്റു.
മുന്‍ പ്രധാന മന്ത്രി പി.വി നരംസിംഹ റാവു രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും ഒരേ സമയം രണ്ടു തവണ മത്സരിച്ചിട്ടുണ്ട്. 1984ലും 1996ലും. 84ല്‍ ആന്ധ്രപ്രദേശിലെ ഹനമംകോണ്ടയിലും മഹാരാഷ്ട്രയിലെ റാംടെക്കിലും ജനവിധി തേടി. ഹനമം‌കോണ്ടയിൽ തോറ്റു റാംടെക്കിൽ ജയിച്ചു. ഹനമംകോണ്ടയിൽ ഹാട്രിക് വിജയം നേടി റാവുവിനെ തോൽപ്പിച്ചത് ബിജെപിയുടെ സി.ജഗറെഡ്ഡിയാണ്. ഇന്ദിരാ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ കിട്ടിയ രണ്ട് സീറ്റിൽ ഒന്ന് ഇതായിരുന്നു. 1996ലെ ആന്ധ്രയിലെ നന്ദ്യാലില്‍ നിന്നും  ഒറീസയിലെ ബെറാംപൂരില്‍ നിന്നും മത്സരിച്ച റാവു രണ്ടിടത്തും ജയിച്ചു. ബെറാംപൂര്‍ നിലനിര്‍ത്തി.
2014-ല്‍ നരേന്ദ്ര മോദിയുടെ ഇരട്ട വിജയങ്ങള്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ റെക്കോഡായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ അഞ്ചര ലക്ഷത്തിലധികം വോട്ടിനും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അഞ്ചു ലക്ഷത്തിനടുത്തും വോട്ടുകള്‍ക്കാണ് മോദി ജയിച്ചത്. വാരാണസി നിലനിര്‍ത്തി. വാരാണസിയില്‍ അരവിന്ദ് കേജ്രിവാളായിരുന്നു എതിരാളി. 
കേരളത്തിലെ ഇരട്ടവിജയങ്ങള്‍
കേരളത്തില്‍ ലോകസഭയിലേക്ക് ഇരട്ട വിജയം രുചിച്ചവരില്ല. എന്നാല്‍ നിയമസഭ മത്സരത്തില്‍ ഡബിള്‍ അടിച്ച ഒരാളുണ്ട്. കെ. കരുണാകരന്‍. 1982-ല്‍ സ്ഥിരം മണ്ഡലമായ മാളയ്ക്കു പുറമെ നേമത്തും ജനവിധി തേടി. രണ്ടിടത്തും ജയിച്ച കരുണാകരന്‍ മാള നിലനിര്‍ത്തി. ഉപേക്ഷിച്ച നേമത്ത് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് സിപിഎം. എന്നാല്‍ കേരളത്തില്‍ ഒരേ സമയം രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച ആദ്യ നേതാവ് കരുണാകരനല്ല.
1952-ല്‍ കൊല്ലത്തു നിന്ന് ലോക്സഭയിലേക്കും ചവറയില്‍ നിന്ന് നിയമസഭയിലേക്കും ഒരേ സമയം മത്സരിച്ച് എന്‍. ശ്രീകണ്ഠന്‍ നായര്‍ രണ്ടിടത്തും ജയിച്ചു. പാര്‍ലമെന്റ് അംഗത്വം നിലനിര്‍ത്തി. 1957-ല്‍ തിരുവനന്തപുരത്ത് ലോക്സഭയിലേക്കും നിയമസഭയിലേക്കും പട്ടം താണുപിള്ള ഒന്നിച്ച് മത്സരിച്ചു. നിയമസഭയില്‍ ജയിച്ചു. തിരുവനന്തപുരത്തുകാര്‍ക്ക് പട്ടത്തെ വിട്ടുകൊടുക്കാനിഷ്ടമില്ലന്നായിരുന്നു ലോക്സഭാ പരാജയത്തെക്കുറിച്ച് അന്നുണ്ടായിരുന്ന ട്രോള്‍.

No comments:

Post a Comment