Friday, March 29, 2019

എകെജി ദമ്പതികള്‍ക്കൊപ്പം നായര്‍ ദമ്പതികള്‍


https://www.janmabhumidaily.com/news853503

എകെജി ദമ്പതികള്‍ക്കൊപ്പം  നായര്‍  ദമ്പതികള്‍



പി. ശ്രീകുമാര്‍



ലോകസഭയിലെ മലയാളി ദമ്പതിമാര്‍ ആര് എന്ന ചോദ്യത്തിനുത്തരം എ.കെ.ഗോപാലാന്‍-സുശീല ഗോപാലാന്‍ എന്നായിരിക്കും. 1967-ല്‍ എകെജി പാലക്കാട്ടുനിന്ന് നിയമസഭയിലേക്ക് ജയിക്കുമ്പോള്‍ അമ്പലപ്പുഴയില്‍ നിന്ന് ഭാര്യ സുശീലയും ജയിച്ചു. എകെജി 67ന് മുന്‍പ് മൂന്നുതവണ കാസര്‍കോടു നിന്നും ഒരു തവണ കണ്ണൂരില്‍നിന്നും ജയിച്ചിരുന്നു. സുശീലയും രണ്ടു തവണകൂടി പാര്‍ലമെന്റിലെത്തി. എകെജി മരിച്ചതിനുശേഷം 1980, 91ലും.

1967ല്‍ എകെജി-സുശീല ദമ്പതികള്‍ക്കൊപ്പം മറ്റൊരു മലയാളിയും ഭാര്യയും ലോകസഭയിലെത്തിയിരുന്നു. കെ.കെ.നായരും ഭാര്യ ശകുന്തള നായരും. ജനസംഘം ടിക്കറ്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇരുവരും ജയിച്ചതെന്നുമാത്രം. കെ.കെ.നായര്‍ ബഹരക് മണ്ഡലത്തില്‍ നിന്ന് ജയിച്ചപ്പോള്‍ ഭാര്യ ശകുന്തള കൈസര്‍ഗഞ്ച് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. ശകുന്തള 52-ല്‍ ഗോണ്ട മണ്ഡലത്തില്‍നിന്നും ജയിച്ചിരുന്നു. 62-ല്‍ കെ.കെ.നായര്‍ യുപി നിയമസഭയിലേക്കും ജയിച്ചിട്ടുണ്ട്. എംപി എന്ന നിലയിലല്ലാതെ ഇന്ത്യയുടെ ചരിത്രത്തില്‍ പ്രത്യേകിച്ച് അയോധ്യയുടെ ചരിത്രത്തില്‍ ഇടംതേടിയ ആളാണ് കെ.കെ.നായര്‍. അയോധ്യ തര്‍ക്കത്തില്‍ ആദ്യം ഒരു തീരുമാനമെടുത്തത് ഈ കുട്ടനാട്ടുകാരനായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറും മജിസ്ട്രേറ്റുമായിരുന്ന അദ്ദേഹം ഈ പ്രശ്നത്തില്‍ കൈക്കൊണ്ട തീരുമാനമാണ് പിന്നീട് വര്‍ഷങ്ങള്‍നീണ്ട തര്‍ക്കത്തിലേക്ക് നീങ്ങിയത്.

കൈനകരി കണ്ടംകളത്തില്‍ ശങ്കരപ്പണിക്കര്‍-പാര്‍വതിയമ്മ ദമ്പതിമാരുടെ മകനായ കെ.കെ. നായര്‍ 46ലായിരുന്നു ഫൈസാബാദ് കളക്ടറായി ചുമതലയേറ്റത്. ഇദ്ദേഹം കളക്ടറായിരിക്കെ 49ലാണ് അയോധ്യയില്‍ തര്‍ക്കം ഉടലെടുക്കുന്നത്.ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവിടത്തെ തര്‍ക്കമന്ദിരത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. 49 ഡിസംബര്‍ 23ന് സന്ന്യാസിമാരുടെ സംഘം ഇവിടെ പ്രവേശിച്ച് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും, അത് നീക്കംചെയ്യാന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു നിര്‍ദേശിക്കുകയും ചെയ്തു. അന്നത്തെ യു.പി. മുഖ്യമന്ത്രി ഗോവിന്ദവല്ലഭ് പന്ത് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. പക്ഷേ, കെ.കെ. നായര്‍ വഴങ്ങിയില്ല. അയോധ്യയില്‍ രക്തച്ചൊരിച്ചിലിനേ ഇതുപകരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് നായരെ സസ്പെന്‍ഡു ചെയ്തു. ഇതിനെ കോടതിയില്‍ ചോദ്യംചെയ്യുകയും കെ.കെ. നായരെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയെ്തങ്കിലും അദ്ദേഹം അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുകയായിരുന്നു.

ഇതിനിടെ 1952ല്‍ അദ്ദേഹത്തിന്റെ ഭാര്യ ശകുന്തള ജനസംഘം ടിക്കറ്റില്‍ ലോക്സഭാംഗമായി. പിന്നീട് കെ.കെ. നായരും ജനസംഘം ടിക്കറ്റില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു

അടിയന്തരാവസ്ഥക്കാലത്ത് ഈ ദമ്പതിമാര്‍ ജയില്‍ശിക്ഷയും അനുഭവിച്ചിരുന്നു. '77 സപ്തംബര്‍ ഏഴിന് ഇദ്ദേഹം മരിക്കുംവരെ പൊതുപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു.

ആലപ്പുഴ എസ്.ഡി.വി. സ്‌കൂളിലും തുടര്‍ന്ന് തിരുവനന്തപുരത്തും പഠിച്ച കെ.കെ. നായര്‍ ലണ്ടനില്‍നിന്ന് 22ാംവയസ്സില്‍ ഐ.സി.എസ്. പരീക്ഷ പാസ്സായി. 11 ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു ഇദ്ദേഹത്തിന്.

പാര്‍ലമെന്റ് കണ്ട മറ്റൊരു മലയാളി ദമ്പതിമാര്‍ കൂടിയുണ്ട്. കെ.എ. ദാമോദരമേനോനും ലീലാ ദാമോദരമേനോനും .ഭര്‍ത്താവ് ലോക്സഭയിലായിരുന്നുവെങ്കില്‍ ഭാര്യ രാജ്യസഭയില്‍ .ഒരേസമയത്തും ആയിരുന്നില്ല ഈ ദമ്പതികള്‍ അംഗങ്ങളായിരുന്നത്. 1952-ല്‍ കോഴിക്കോട്ടുനിന്നാണ് കെ.എ. ദാമോദരമേനോന്‍ ലോക്സഭയിലേക്ക് ജയിച്ചത്. 1974 മുതല്‍ 80 വരെ ലീലാദാമോദരമേനോന്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി.

എന്നാല്‍ ഈ ദമ്പതികള്‍ ഒരേസമയം കേരളനിയമസഭയില്‍ അംഗമായിരുന്നു. 1960-ല്‍ പറവൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച മേനോന്‍ പട്ടം താണുപിള്ള മന്ത്രിസഭയിലും തുടര്‍ന്ന് ആര്‍. ശങ്കര്‍ മന്ത്രിസഭയിലും മന്ത്രിയായിരുന്നു. കുന്നമംഗലം മണ്ഡലത്തില്‍നിന്നാണ് ലീല ജയിച്ചത്. പിന്നീട് പട്ടാമ്പിയില്‍ നിന്നും അവള്‍ ജയിച്ച് നിയമസഭയില്‍ എത്തി.

മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയും രാജ്യസഭയില്‍ കേരളത്തില്‍നിന്ന് അംഗമായിട്ടുണ്ട്. ഭാരതി ഉദയഭാനു, കേരളത്തിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.പി. ഉദയഭാനുവിന്റെ ഭാര്യ. 1954 മുതല്‍ രണ്ടു തവണയായി 10 വര്‍ഷം രാജ്യസഭാംഗമായി.




ആദ്യ പ്രതിപക്ഷ നേതാവ് എകെജിയുമല്ല മുഖര്‍ജിയുമല്ല


https://www.janmabhumidaily.com/news853570


ആദ്യ പ്രതിപക്ഷ നേതാവ്
എകെജിയുമല്ല മുഖര്‍ജിയുമല്ല


ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര്. കമ്മയുണിസ്റ്റ്്് നേതാവ് എകെജി എന്ന് പ്രചരിപ്പിക്കുന്നവരും വിശ്വസിക്കുന്നവരും ഉണ്ട്. എകെ ജി എന്ന എ കെ ഗോപാലന്‍ പ്രതിപക്ഷ നേതാവായില്ല എന്നതാണ് സത്യം.  ജനസംഘം നേതാവ് ശ്യമ പ്രസാദ് മുഖര്‍ജി എന്നു പറയുന്നവരുമുണ്ട്. രണ്ടും ശരിയല്ല. ഇത് രണ്ടും ശരിയല്ലെന്നതാണ് ചരിത്രം. എകെ ഗോപാലന്‍ പ്രതിപക്ഷ നേതാവയില്ലങ്കിലും മലയാളി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രതിപക്ഷത്തിനെ നയിച്ചിട്ടുണ്ട്.
1951ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 489 സീറ്റില്‍ 364ഉം നേടി കോണ്‍ഗ്രസ് ഭരണകക്ഷിയായപ്പോള്‍ 16 സീറ്റ് നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു രണ്ടാമത്. 12 സീറ്റുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാം കക്ഷിയുമായി. ആകെ സീറ്റിന്റെ 10 ശതമാനം സീറ്റെങ്കിലും നേടുന്ന പാര്‍ട്ടിയുടെ പ്രതിനിധിയായാല്‍ മാത്രമെ പ്രതിപക്ഷ പദവി കിട്ടൂ. പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ സീറ്റുണ്ടായിരുന്ന ഒറ്റക്കക്ഷി സിപിഐയുടെ നേതാവ് എ.കെ.ഗോപാലന് പക്ഷെ പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടിയില്ല.
 ജനസംഘം നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി പ്രതിപക്ഷത്തെ 32 അംഗങ്ങളെ കൂട്ടിച്ചേര്‍ത്ത് നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചെങ്കിലും സ്പീക്കര്‍ പ്രതിപക്ഷ നേതാവ് സ്ഥാനം മുഖര്‍ജിക്ക് പൂര്‍ണമായി നല്‍കിയില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്നനിലയിലുള്ള എല്ലാ പരിഗണനയും കിട്ടിയത് മുഖര്‍ജിക്കായിരുന്നു.
1969ല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിനെത്തുടര്‍ന്ന് സംഘടനാ കോണ്‍ഗ്രസുകാരനായ ഡോ. റാം സുഭഗ് സിംഗിന് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും കാബിനറ്റ് പദവിയും മറ്റ് ആനുകൂല്യ്ങ്ങളും നിശ്ചയിച്ചത് 1977ലെ ജനത ഭരണകാലത്താണ്. അതിന്‍പ്രകാരം ആദ്യ പ്രതിപക്ഷ നേതാവായത് ആറാം ലോക്‌സഭയില്‍ വൈ.ബി.ചവാന്‍. മൊറാര്‍ജി ദേശായിയായിരുന്നു പ്രധാനമന്ത്രി. ചവാനുപകരം മലയാളിയായ സിഎം സ്റ്റീഫനെ പ്രതിപക്ഷ നേതാവാക്കി. നാല് മാസം തികയും മുന്‍പ് മാറ്റി ചവാന്‍ വീണ്ടും പ്രതിപക്ഷ നേതാവായി. ഒരു വര്‍ഷം മൂന്ന് പ്രതിപക്ഷ നേതാക്കന്മാരെ കാണാന്‍ 1979ന് സാധിച്ചു. ഏഴ് എട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം ലഭിക്കുകയും പ്രതിപക്ഷ നേതാവാകാന്‍ ആവശ്യമായ സീറ്റുകള്‍ ഒരു പാര്‍ട്ടിയും കിട്ടാതിരുന്നതിനാലും പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല.
9-ാം ലോക്‌സഭയില്‍ വി.പി.സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായി. (1989-90) വി.പി.സിംഗിന് പകരം ചന്ദ്രശേഖര്‍ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ലാല്‍ കൃഷ്ണ അദ്വാനി (90-) പ്രതിപക്ഷ നേതാവായി. പ്രതിപക്ഷ നേതാവ് പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായ ആദ്യ രണ്ടുവര്‍ഷം അദ്വാനിയായിരുന്നു പ്രതിപക്ഷ നേതാവ് (91-93) തുടര്‍ന്ന് വാജ്‌പേയിയുടെ 13 ദിവസത്തെ ഭരണത്തില്‍ റാവു പ്രതിപക്ഷനേതാവായി. തുടര്‍ന്ന് ദേവഗൗഡയും എ.കെ.ഗുജ്‌റാളും ഭരിച്ചപ്പോഴും വാജ്‌പേയി തന്നെ (96-97) പ്രതിപക്ഷത്തെ നയിച്ചു. വീണ്ടും വാജ്‌പേയി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ശരദ് പവാറും (98-99) പിന്നീട് സോണിയാഗാന്ധിയും (99-2004) പ്രതിപക്ഷ നേതാക്കളായി. മന്‍മോഹന്‍സിംഗിന്റെ പ്രതിപക്ഷ നേതാവ് അദ്വാനിയും (2004-09) തുടര്‍ന്ന് സുഷമ സ്വരാജു(2009 14)മായി.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നു. ആകെ സീറ്റിന്റെ 10 ശതമാനം കിട്ടിയ ഒരു പാര്‍ട്ടിയും പ്രതിപക്ഷത്തില്ലായിരുന്നു എന്നതായിരുന്നു കാരണം

Wednesday, March 27, 2019

മങ്കമാരില്‍ മുന്നില്‍ സുശീല

https://www.janmabhumidaily.com/news854507



മങ്കമാരില്‍ മുന്നില്‍ സുശീല

പി. ശ്രീകുമാര്‍

സ്പീക്കര്‍ സുമിത്രാ മഹാജന്‍ മന്ത്രിമാരായ സുഷമ സ്വരാജ്, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, ഉമാഭാരതി...15-ാം ലോക്സഭ വനിതാശക്തിയുടെ കാര്യത്തില്‍  സമ്പന്നമായിരുന്നു. എന്നാല്‍ വനിതാ ശാക്തീകരണത്തെ കുറിച്ച് വാതോരാതെ പറയുന്ന കേരളത്തില്‍ നിന്ന് ആകെയുണ്ടായിരുന്നത് ഒരംഗം.ഭരണകക്ഷി അധ്യക്ഷ സോണിയഗാന്ധി, പ്രതിപക്ഷനേതാവ് സുഷമസ്വരാജ്, സ്പീക്കര്‍ മീരകുമാര്‍ തുടിങ്ങി പ്രധാന പദവികളില്‍  വനിതകള്‍ തിളങ്ങിയ 15-ാം ലോക്സഭ  പൊടിക്കുപോലും മലയാളി മങ്കമാരില്ലായിരുന്നു. കളിഞ്ഞ 16 ലോക സഭാ തെരഞ്ഞെടുപ്പില്‍ 6 തവണയും കേരളത്തെ പ്രതിനിധീകരിച്ച് സ്ത്രീശബ്ദം സഭയിലുയര്‍ന്നില്ല. ഏട്ട് മലയാളി വനിതകളാണ് ഇതുവരെ ലോക്സഭയില്‍ എത്തിയിട്ടുള്ളത്.
ഒന്നാം ലോക്സഭയില്‍ തിരവനന്തപുരത്തു നിന്നും ജയിച്ച ആനി മസ്‌ക്രീനാണ് ആദ്യം ലോക്സഭയുടെ പടികടന്നത്. മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നായി ഏറ്റവും കൂടുതല്‍ തവണ ജയിച്ച സുശീലാ ഗോപാലനാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ തവണ ലോക്സഭയിലെത്തിയത്.എ.കെ.പ്രേമജവും  സാവിത്രി ലക്ഷ്മണനും രണ്ടു തവണ വീതം എംപിമാരായി. കൂടുതല്‍ തവണ വനിതാ പ്രതിനിധിയെ ലഭിച്ച മണ്ഡലം വടകരയും.

 1991 ലും 2004 ലും രണ്ടുപേര്‍വീതം ഉണ്ടായിരുന്നു എന്നതാണ് റിക്കാര്‍ഡ്. ഒരാള്‍ മൂന്നുതവണയും രണ്ടുപേര്‍ രണ്ടുതവണ വീതവും ലോക്സഭയിലെത്തി ആകെ 6 പേര്‍മാത്രമാണ് ഇതേവരെ ലോക്സഭ എംപിമാരായി എന്നനിലയില്‍ ജയിച്ചുപോയത്. ലോസഭാംഗമായ ഒരു മലയാളി വനിതയും കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നല്ലാതെ രാജ്യസഭയില്‍ എത്തിയ മലയാളി സ്ത്രീ മന്ത്രിസഭയിലെത്തുകയും ചെയ്തു.
1967-ല്‍ അമ്പലപ്പുഴയില്‍നിന്നും ജയിച്ച സുശീലാ ഗോപാലനാണ് ആദ്യമായി ലോക്സഭാംഗമാകുന്ന മലയാളി വനിത. കാസര്‍കോട്ടുനിന്ന് എ.കെ. ഗോപാലനും അതേവര്‍ഷം എംപിയായിരുന്നു. ലോകസഭയിലെ മലയാളി ദമ്പതികള്‍. സുശീല 71-ല്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ കെ. ബാലകൃഷ്ണനോട് തോല്‍വിയായിരുന്നു ഫലം.
77-ല്‍ ആലപ്പുഴയില്‍നിന്നും 91-ല്‍ ചിറയിന്‍കീഴില്‍നിന്നും ജയിച്ച സുശീല ഗോപാലന്‍ ലോക്സഭയിലെത്തിയപ്പോള്‍ മൂന്നുവട്ടം എന്ന റിക്കാര്‍ഡും സ്വന്തമാക്കി. 71-ല്‍ സുശീല ഗോപാലന്‍ തോറ്റെങ്കിലും അടൂരില്‍ നിന്നും ജയിച്ച സിപിഐയുടെ കെ. ഭാര്‍ഗവി വനിതാ പ്രാതിനിധ്യം കാത്തു. പാര്‍ട്ടി പിളര്‍പ്പിനെതുടര്‍ന്ന് സിപിഐ ഉം സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി.കെ. കുഞ്ഞച്ചനെ തോല്‍പ്പിച്ചായിരുന്നു ഭാര്‍ഗവിയുടെ ജയം. കേരളത്തില്‍നിന്നു ജയിച്ച ഏക പിന്നാക്കക്കാരിയും ഭാര്‍ഗവിയാണ്.
89ലും 91ലും മുകുന്ദപുരത്തുനിന്നു ജയിച്ച സാവിത്രി ലക്ഷ്മണനാണ് കേരളത്തില്‍നിന്നുള്ള ലോക്സഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരി. ലോകസഭാംഗമായ ഏക കോണ്‍ഗ്രസുകാരിയും സാവിത്രി തന്നെ. 91ല്‍ സുശീലയും സാവിത്രിയും ഒരേസമയം അംഗങ്ങളായിരുന്നതുപോലെ 2004ല്‍ 14-ാം ലോക്സഭയിലും രണ്ട് മലയാളി മഹിളകള്‍ ഉണ്ടായിരുന്നു. മാവേലിക്കരയില്‍ നിന്നും ജയിച്ച സി.എസ്.സുജാതയും വടകരയില്‍ നിന്നു ജയിച്ച പി.സതീദേവിയും ഇരുവരും സിപിഎം പ്രതിനിധികള്‍. വടകരയില്‍നിന്ന് 98ലും 99ലും ജയിച്ച എ.കെ.പ്രേമജം (സിപിഎം) ആണ് എംപിയായ മറ്റൊരു വനിത. കണ്ണൂരില്‍ നിന്ന് ജയിച്ച പി കെ ശ്രീമതി ടീച്ചറാണ് 16-ാം സഭയിലെ മലയാളി മങ്ക.
 കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത ലക്ഷ്മി.എന്‍.മേനോന്‍ ആണ്. ബീഹാറില്‍നിന്നും രാജ്യസഭയിലെത്തിയ ലക്ഷ്മി വിദേശകാര്യ സഹമന്ത്രിയായി നെഹ്‌റു, നന്ദ, ലാല്‍ ബഹൂദര്‍ ശാസ്ത്രി മന്ത്രിസഭകളിലുണ്ടായിരുന്നു.

അംഗങ്ങളുടെ അന്ത്യം: അനന്തപുരി മുന്നില്‍

https://www.janmabhumidaily.com/news854502

അംഗങ്ങളുടെ അന്ത്യം: അനന്തപുരി മുന്നില്‍



 പി. ശ്രീകുമാര്‍


തങ്ങളുടെ പ്രതിനിധിയുടെ മരണത്തിനു സാക്ഷ്യം വഹിക്കാന്‍ കൂടുതല്‍ ദുരുയോഗം ഉണ്ടായ മണ്ഡലം തിരുവനന്തപുരമാണ്. അനന്തപുരിക്കാര്‍ ജയിപ്പിച്ചുവിട്ട മൂന്നുപേരാണ് കാലാവധി തീരും മുന്‍പേ കാലയവനിയയില്‍ മറഞ്ഞത്. എംപി യായിരിക്കെ മരിച്ച ആദ്യ മലയാളി പി.എസ്. നടരാജപിള്ളയാണ്. 1966 ജനുവരി 10 മരിക്കുമ്പോള്‍ തിരുവനന്തപുരം എംപിയാണ്. തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുമ്പോഴാണ് 1974 ഒക്ടോബര്‍ 6 ന് വി.കെ. കൃഷ്ണമേനോന്‍ മരിക്കുന്നത്. എറ്റവും അവസാനം മരിച്ച മലയാളി ലോക് സഭാഗം പികെ വാസുദേവന്‍ നായരാണ്.തിരുവനന്തപുരം എംപിയായിരിക്കുമ്പോളാണ് 2005 ജൂലൈയ് 12 ന് പികെവി മരിച്ചത്.
എറണാകുളത്തിന്റെ പ്രതിനിധിയായിരിക്കെ രണ്ടു പേര്‍ മരിച്ചു. 1997 ഫെബ്രുവരി 9ന് നിര്യാതനായ സേവ്യര്‍ അറയ്ക്കലും 2003 ജൂലൈ 26ന് അന്തരിച്ച ജോര്‍ജ് ഈഡനും. ഈ മരണങ്ങളെ തുടര്‍ന്നു നടന്ന രണ്ട് ഉപതെരഞ്ഞടുപ്പിലും ജയിച്ചത് സെബാസ്റ്റ്യന്‍ പോളായിരുന്നു.
കേന്ദ്രമന്ത്രിയായിരിക്കെ മരിക്കുന്ന ഏക മലയാളി പമ്പിള്ളി ഗോവിന്ദമേനോനാണ് മുകുന്ദപുരത്തെ പ്രതിനിധിയായിരിക്കെ 1970 മേയ് 23 മരിക്കുമ്പോള്‍ റയില്‍വേ മന്ത്രിയായിരുന്നു.മുഹമ്മദ് ഇസ്മഈല്‍ സാഹിബ് (1972 ഏപ്രില്‍ 5, മഞ്ചേരി), ഡോ. കെ.ജി. അടിയോടി (1987 ഒക്ടോബര്‍ 22, കോഴിക്കോട്) എന്നിവരും അംഗമായിരിക്കെ നിര്യാതരായി.
എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സി.എം. സ്റ്റീഫന്‍ 1984 ജനുവരി 16ന് അന്തരിക്കുമ്പോള്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍നിന്ന് ലോക്‌സഭയിലംഗമായിരുന്നു
സി.കെ. ഗോവിന്ദന്‍നായര്‍ (1964 ജൂണ്‍ 17), തഴവാ കേശവന്‍ (1969 നവംബര്‍ 28), ടി.കെ.സി. വടുതല (1988 ജൂലെ ഒന്ന്), പി.കെ. കുഞ്ഞച്ചന്‍ (1991 ജൂണ്‍ 14), എന്‍.ഇ. ബലറാം (1994 ജൂലൈ 16) കൊരമ്പയില്‍ അഹമ്മദ് ഹാജി,(2003 മേയ് 12).എന്നവര്‍ രാജ്യസഭയില്‍ അംഗമായിരിക്കെ നിര്യാതരായ മലയാളികളാണ്. ഒറീസയില്‍ നിന്നുള്ള കെ. വാസുദേവപണിക്കരും അംഗമായിരിക്കെ 1988 മേയ് മൂന്നിന് നിര്യാതനായി. ഏറ്റവും കുറഞ്ഞകാലം (85 ദിവസം) കേരളത്തെ പ്രതിനിധീകരിച്ച രാജ്യസഭാംഗമാണ് ഗോവിന്ദന്‍നായര്‍. രണ്ട് അംഗങ്ങളുടെ അടുത്തടുത്തുള്ള നിര്യാണം കാരണം ഒരു രാജ്യസഭാ സീറ്റ് മൂന്നുപേര്‍ പങ്കുവയ്‌ക്കേണ്ടതായി വന്ന ഒരു അപൂര്‍വ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. ടികെസി വടുതല, പി.കെ.കുഞ്ഞച്ചന്‍, തെന്നല ബാലകൃഷ്ണപിള്ള എന്നിവരാണ്.

ജോണ്‍ മത്തായി മുതല്‍


https://www.janmabhumidaily.com/news854490



ജോണ്‍ മത്തായി മുതല്‍ 


പി ശ്രീകുമാര്‍



കേന്ദ്രത്തില്‍ മലയാളികളില്ലാതിരുന്ന മന്ത്രി സഭ ഒരിക്കല്‍ മാത്രം. കേന്ദ്രം ഭരിച്ച പാര്‍ട്ടിക്ക് കേരളത്തില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാതിരുന്നിട്ടും മലയാളികളെ മന്തിമാരാക്കിയിട്ടുമുണ്ട് .അംഗങ്ങള്‍  ഉണ്ടായിട്ടും കേരളത്തിന് മന്ത്രികുപ്പായം കിട്ടാതിരുന്നത് 1952 ല്‍ നെഹ്റു മന്ത്രി സഭയില്‍. പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ മന്ത്രി സഭയായിരുന്നു അത്. കെ കേളപ്പന്‍,പി ടി ചാക്കോ തുടങ്ങിയ തലമുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നിട്ടും മന്ത്രിമാരായില്ല.



സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ നെഹ്റു പ്രധാനമന്ത്രിയാരി രൂപീകരിച്ച 16 അംഗ മന്ത്രിസഭയില്‍ മലയാളിയുണ്ടായിരുന്നു. ജോണ്‍ മത്തായി. റെയില്‍വേ മന്ത്രിസ്വതന്ത്ര ഇന്ത്യയുടെ ആദ്യ റെയില്‍വേ ബജറ്റവതരിപ്പിച്ചത് ഇദ്ദേഹമാണ്. രണ്ടാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കാനുള്ള അവസരവും ജോണ്‍ മത്തായിക്ക് ലഭിച്ചു. ധനമന്ത്രിയായിരുന്ന ആര്‍. കെ.ഷണ്മുഖം ചെട്ടി രാജിവച്ചതിനാലാണിത്. 

തെരഞ്ഞെടുപ്പിനുശേഷം ആദ്യ കേന്ദ്രമന്ത്രിയും ആദ്യ കാബിനറ്റ് മന്ത്രിയുമായ മലയാളി വി.കെ.കൃഷ്ണമേനോനാണ്. കേന്ദ്രമന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രതിനിധിയല്ലാത്ത ആദ്യ മലയാളി ജി. രവീന്ദ്രവര്‍മയാണ്. ഏറ്റവും കൂടുതല്‍ മന്ത്രി സഭയില്‍ അംഗമായിരുന്നമലയാളി എ.എം.തോമസാണ്. 1957 മുതല്‍ 1967 വരെുള്ള കാലത്ത് നെഹ്റു, നന്ദ, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ നാല് പ്രധാനമന്ത്രിമാരോടൊപ്പം ആറ് മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിരുന്നു.  എ കെ ആന്റണി രണ്ടു പ്രധാനമന്ത്രിമാരോടൊപ്പം(നരസിംഹറാവു, മന്‍മോഹന്‍സിംഗ്) മൂന്നു മന്ത്രി സഭകളില്‍ ക്യാബിനറ്റ് മന്ത്രി പദവി വഹിച്ചു.

ബീഹാറില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്ന ലക്ഷ്മി എന്‍ മേനോനാണ് കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ 1984 മുതല്‍ 1989 വരെ സഹമന്ത്രിയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് രാജ്യസഭയിലെത്തി മന്ത്രിമാരായവര്‍ നാലു പേരാണ്. ലക്ഷ്മി എന്‍. മേനോന്‍ (ബീഹാര്‍), ഒ. രാജഗോപാല്‍ (മധ്യപ്രദേശ്), സിഎം ഇബ്രാഹിം (കര്‍ണാടക), അല്‍ഫോന്‍സ് കണ്ണന്താനം.എന്നിവരാണവര്‍. ലക്ഷദ്വീപില്‍നിന്ന് ജയിച്ച് മന്ത്രിയായ പി.എം.സയീദും മലയാളിയുടെ പട്ടികയില്‍ വരും. ഏറ്റവും കൂടുതല്‍ മലയാളികളുണ്ടായിരുന്ന മന്ത്രിസഭ രണ്ടാം യുപിഎ ആണ്. രണ്ട് കാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരുമുള്‍പ്പെടെ 8 പേര്‍. എ.കെ.ആന്റണിയും വയലാര്‍ രവിയുമായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, ശശി തരൂര്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവരാണ് സഹമന്ത്രിമാര്‍. അല്‍ഫോന്‍സ് കണ്ണന്താനമാണ് നിലവില്‍ കേന്ദ്രമന്ത്രി.

കേരളത്തില്‍നിന്ന് ജയിച്ച് ഇതുവരെ 25 പേര്‍ കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ 34 മലയാളികള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുണ്ട്. പതിനൊന്ന് പേര്‍ക്ക് കാബിനറ്റ് സ്ഥാനം ലഭിച്ചു. ജോണ്‍മത്തായി (നെഹ്റു), വി.കെ.കൃഷ്ണമേനോന്‍ (നെഹ്റു). പനമ്പിള്ളി ഗോവിന്ദമേനോന്‍ (ഇന്ദിര), ജി. രവീന്ദ്ര വര്‍മ (മൊറാര്‍ജി), സി.എം.സ്റ്റീഫന്‍ (ഇന്ദിര), കെ.പി.ഉണ്ണികൃഷ്ണന്‍, (വി.പി.സിംഗ്), എ.കെ.ആന്റണി (നരസിംഹറാവു, മന്‍മോഹന്‍സിംഗ്), കെ,കരുണാകരന്‍ (നരസിംഹറാവു), സി.എം. ഇബ്രാഹിം (ഗൗഡ), പി.എം.സഈദ് (മന്‍മോഹന്‍സിംഗ്), വയലാര്‍ രവി (മന്‍മോഹന്‍സിംഗ്) എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായിട്ടുള്ളത്.






ഉണ്ണിയും തോമസും ആറാം തമ്പുരാന്മാര്‍

https://www.janmabhumidaily.com/news852608




ഉണ്ണിയും തോമസും 
ആറാം തമ്പുരാന്മാര്‍

പി ശ്രീകുമാര്‍


തുര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് ജയിക്കുക ചില്ലറക്കാര്യമല്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും പാലായില്‍ കെ എം മാണിയും നിയമസഭാ മത്സരത്തില്‍ ഇത് അസാധ്യകാര്യമല്ലന്ന തെളിയിക്കുകയും ചെയ്യുന്നു. ലോക സഭാ തെരഞ്ഞെടുപ്പിലുമുണ്ട് തുടര്‍ വിജയികള്‍. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായും അല്ലാതെയും ഒക്കെയായി ആറു ഏഴും തവണ പാര്‍ലമെന്റിലെത്തിയവരുണ്ട്. ഏഴു തവണ വിജയികള്‍ നാലു പേര്‍ . മൂവരും മുസ്ളീം ലീഗുകാര്‍്. ഒരാള്‍ കോണ്‍ഗ്രസുകാരനും. ഇബ്രാഹിം സുലൈമാന്‍സേട്ട്, ജിഎം ബനാത് വാല, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് സപ്തവിജയികള്‍. ഇതില്‍ ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കളിഞ്ഞത് പൊന്നാനിയിന്‍ നിന്നു മാത്രം ജയിച്ചിട്ടുള്ള ജിഎം ബനാത് വാലയ്ക്കും. ഏഴു വിജയമില്ലങ്കിലും  പി സി തോമസ്, കെ പി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വിജയത്തിന് കൂടുതല്‍ തിളക്കമുണ്ട്. ഒരേ മണ്ഡലത്തില്‍ നിന്ന്  തുടര്‍ച്ചയായ 6 ജയം എന്നതാണത്. ഡബിള്‍ ഹാട്രിക് വിജയികള്‍ ഈ രണ്ടു പേര്‍മാത്രം. ഹാട്രിക് വിജയികളായി 21 മലയാളികളുണ്ട്.



ദല്‍ഹിയില്‍ മാതൃഭൂമിയുടെ ലേഖകനായിരുന്ന ഉണ്ണികൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെയാണ് 1971ല്‍ ആദ്യമായി വടകരയില്‍ മത്സരത്തിനെത്തുന്നത്. 71ലും 77ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ഉണ്ണികൃഷ്ണന്‍ 80ല്‍ കോണ്‍ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ചാണ് ലോകസഭയിലെത്തിയത്. തുടര്‍ന്ന് 84ലും 89ലും 91ലും ജയിച്ച ഉണ്ണികൃഷ്ണന്‍ കേരളത്തില്‍ ഒരു മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി 6 തവണ ജയിക്കുന്ന ആദ്യ ആളായി. 1996ല്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ല്‍ വി.പി.സിംഗ് മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിതര മന്ത്രിസഭയില്‍ കാബിനറ്റ് പദവി വഹിക്കുന്ന കേരളത്തില്‍നിന്നുള്ള ആദ്യ ലോകസഭാംഗം എന്നപേരും നേടി. 
മൂവാറ്റുപുഴയില്‍നിന്ന് 84 മുതല്‍ നടന്ന ആറ് തെരഞ്ഞെടുപ്പിലും ജയിച്ചാണ് പിസി തോമസ് ഹാട്രിക് സ്വന്തമാക്കിയത്. ആദ്യ അഞ്ച് തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. ആറാംതവണ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിയായി ഇടതുവലതു മുന്നണികളെ തോല്‍പ്പിച്ചായിരുന്നു പിസിതോമസിന്റെ ജയം. വാജ്പേയി മന്ത്രിസഭയില്‍ നിയമവകുപ്പിന്റെ സഹായിസ്ഥാനവും കിട്ടി. ഏഴാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് തോമസ്. മൂവാറ്റുപുഴ മണ്ഡലം  ഇല്ലാതായതിനാല്‍ കോട്ടയത്താണ് ഇത്തണ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി.


 1977 മുതല്‍ 99 വരെ നടന്ന 8 തെരഞ്ഞെടുപ്പില്‍ 7 ലും പൊന്നാനിയുടെ പ്രതിനിധി ബനാത് വാലയായിരുന്നു. 91 ല്‍ ബനാത് വാലയ്ക്ക് പകരം സുലൈമാന്‍ സേട്ടായിരുന്നു പൊന്നാനിയിലെ ലീഗ് സ്ഥാനാര്‍ത്ഥി. അതിനാല്‍ ബനാത് വാലയക്ക് ഡബിള്‍ ഹാട്രിക് നഷ്ടമായി.  പൊന്നാനിക്കു പുറമെ 67ലും 71ലും കോഴിക്കോട്ടുനി്ന്നുും മഞ്ചേരിയില്‍ നിന്ന് (77,80,84,89)നാലുതവണയും(77,80,84,89) ജയിച്ചാണ് സേട്ട് ഏഴ് തവണ ലോക്സഭയിലെത്തിയത്.  മഞ്ചേരിയില്‍ നിന്ന് നാലു തവണയും (91.96,98,99) , മലപ്പുറത്തു നിന്ന് രണ്ടു തവണയും (2004,14) 2009ല്‍  പൊന്നാനിയില്‍ നിന്നും ജയിച്ചാണ് അഹമ്മദ് ലോകസഭയിലെത്തിയത്.
ഏഴു വിജയം നേടിയ മുല്ലപ്പള്ളിയുടെ കന്നി മത്സരം തോല്‍വിയോടെയായിരുന്നു. 80 ല്‍ വടകരയില്‍ കെ പി ഉണ്ണികൃഷ്ണനോട് തോറ്റെങ്കിലം പിന്നീട് തുടര്‍ച്ചയായി കണ്ണൂരില്‍ നിന്ന് അഞ്ചു ജയം (84,89, 91, 96, 98)., 99ലും 2004ലും കണ്ണൂരില്‍ അബ്ദുള്ളകുട്ടിയോട് തോറ്റതോടെ മണ്ഡലം മാറിയ മുല്ലപ്പള്ളി 2009ലും 14 ലും വടകരയുടെ എം പിയായി .ഡബിള്‍ ഹ്ാട്രിക്കല്ലങ്കതിലും ആറു തവണ ലോക്സഭ കണ്ടയാളാണ് കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍ 89, 91, 96, 99 മാവേലിക്കര 2009,14) .
 എന്‍. ശ്രീകണ്ഠന്‍ നായര്‍ (കൊല്ലം- 51,62,67,71,77) എകെ. ഗോപാലന്‍ (കാസര്‍കോട് 57,62, 67, കണ്ണൂര്‍ 51, പാലക്കാട് 71), കെ.വി.തോമസ് (എറണാകുളം 84, 89, 91, 09.14 ), എന്നിവര്‍ അഞ്ച് തവണ വിജയികളില്‍പ്പെടും.
എന്‍.എന്‍.കൃഷ്ണദാസ് (പാലക്കാട് 96, 98, 99, 04) എസ്. അജയകുമാര്‍ (ഒറ്റപ്പാലം 96, 98, 99, 04), രമേശ് ചെന്നിത്തല (കോട്ടയം 89,91, 96 മാവേലിക്കര 99) കെ. സുരേഷ് കുറുപ്പ് (കോട്ടയം 84, 98, 99, 2004) വി.എം.സുധീരന്‍ (ആലപ്പുഴ 77, 96, 98, 99) എന്നിവര്‍ ഹാട്രിക് വിജയത്തോടെ നാലുതവണ ജയം കണ്ടവരാണ്. ടി.ഗോവിന്ദന്‍ (കാസര്‍കോട് 96, 98, 99) മുഹമ്മദ് ഇസ്മയില്‍ (മഞ്ചേരി 62, 67, 71) കെ.ആര്‍.നാരായണന്‍ (ഒറ്റപ്പാലം-84, 89, 99) വര്‍ക്കല രാധാകൃഷ്ണന്‍ (ചിറയിന്‍കീഴ് 98, 99, 2004), എ. ചാള്‍സ് (തിരുവനന്തപുരം 84, 89, 91)  പി കരുണാകരന്‍ ( കാസര്‍കോട് 04,09,14)എന്നിവരും ഹാട്രിക് വിജയികളായി പാര്‍ലമെന്റില്‍ എത്തിയവരാണ്.

വാജ്‌പേയി നാലു സംസ്ഥാനങ്ങളുടെ എം പി

https://www.janmabhumidaily.com/news853087


നാലു സംസ്ഥാനങ്ങളുടെ എം പി 
വാജ്‌പേയി

പി ശ്രീകുമാര്‍


ലോക്‌സഭയിലേക്ക് 18 മത്സരം, മധ്യപ്രദേശ്, ഗുജറാത്ത്, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ നാലുസംസ്ഥാനങ്ങളില്‍ നിന്നായി 12 വിജയം.  രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ ജനവിധി തേടി രണ്ടിടത്തും ജയം. ഒരുതെരഞ്ഞെടുപ്പില്‍  മൂന്നു മണ്ഡലത്തില്‍ മത്സരിക്കുക. രണ്ടു തവണ രാജ്യസഭയില്‍, മന്ത്രി, പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ എല്ലാകടമ്പകളിലൂടെയും കടന്നു പോയ അടല്‍ ബിഹാരി വാജ്‌പേയിയുടെ  റെക്കോര്‍ഡുകള്‍ മറികടക്കുക അസാധ്യം 

1955 ലായിരുന്നു കന്നി മത്സരം. ലക്‌നോ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. നെഹ്‌റുവിന്റെ ബന്ധു ശിവരാജ്പതി നെഹ്‌റു  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജയിക്കാനായില്ലെങ്കിലും കന്നിയങ്കത്തില്‍ കസറാന്‍ വാജ്‌പേയിക്കായി.
 1957 ലെ രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പില്‍ വാജ്‌പേയി ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിപട്ടികയിലെ പ്രധാനിയായി. ലക്‌നോ ബല്‍റാംപൂര്‍, മധുര എന്നീ മൂന്നുമണ്ഡലങ്ങളിലും് സ്ഥാനാര്‍ത്ഥിയായി  കോണ്‍ഗ്രസ്സിന്റെ മേധാവിത്വം ജനസംഘത്തിന് മികച്ച സ്ഥാനാര്‍ത്ഥികളെ കിട്ടാനുള്ള പ്രയാസവുമായിരുന്നു  മൂന്നു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി ഒരാള്‍ തന്നെ ആയത്. ബല്‍റാംപൂരില്‍ ജയിച്ചെങ്കിലും ലക്‌നോയിലും മധുരയിലും തോറ്റു. മികച്ച മത്സരം കാഴ്ചവച്ച ലക്‌നോയില്‍ രണ്ടാംസ്ഥാനത്ത് എത്തി. മധുരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിക്കുകയും കോണ്‍ഗ്രസ്സിനു പിന്നില്‍ മൂന്നാംസ്ഥാനത്തേക്ക് വാജ്‌പേയി പിന്തള്ളപ്പെടുകയും ചെയ്തു.
1962 ലെ മൂന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും വാജ്‌പേയിക്ക് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടിവന്നു. സിറ്റിംഗ് സീറ്റായ ബല്‍റാംപൂരിലും രണ്ടാംസ്ഥാനത്തെത്തിയ ലഖ്‌നോവിലും. ജനസംഘത്തിന്റെ ഔദ്യോഗിക വക്താവായി മാറിയ വാജ്‌പേയിക്കെതിരെ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ചതിന്റെ ഫലമായിരുന്നു സിറ്റിംഗ് സീറ്റിലെ വാജ്‌പേയിയുടെ തോല്‍വി.  1052 വോട്ടിനാണ് തോറ്റത്. ലക്‌നോവില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു ഫലം. വാജ്‌പേയി തോറ്റെങ്കിലും ജനസംഘത്തിന്റെ ലോക്‌സഭയിലെ അംഗബലം 4ല്‍ നിന്ന് 14 ആയി ഉയര്‍ന്നു.
വാജ്‌പേയിയുടെ നേതൃത്വം ജനസംഘത്തിന് പാര്‍ലമെന്റില്‍ ആവശ്യമായിരുന്നതിനാല്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് ജയിപ്പിച്ചു. 67ല്‍ നാലാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാജ്യസഭാംഗമായിരിക്കുമ്പോള്‍ തന്നെ മത്സരത്തിനിറങ്ങി. ആദ്യം ജയിപ്പിക്കുകയും പിന്നെ തോല്‍പ്പിക്കുകയും ചെയ്ത ബലറാംപൂര്‍ തന്നെയായിരുന്നു മണ്ഡലം. 31742 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച്  വീണ്ടും ലോക്‌സഭയിലെത്തി.
1971ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി.  ജന്മനഗരമായ ഗ്വാളിയോറിലാണ് ജനവിധി തേടിയത്. 70310 വോ്ട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ്സിന്റെ ഗൗതം ശര്‍മ്മയെ തോല്‍പ്പിച്ച് അഞ്ചാം ലോക്‌സഭയില്‍ അംഗമായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. വാജ്‌പേയിക്ക് 1,25,936 വോട്ടു കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ശശിഭൂഷണ് കിട്ടിയത് 47750 വോട്ടുകള്‍ മാത്രം. ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു.  വാജ്‌പേയി വിദേശകാര്യമന്ത്രിയാകുന്നതും ഈ തെരഞ്ഞെടുപ്പിലൂടെയാണ്. 1980ലും ദല്‍ഹി തന്നെയായിരുന്നു മണ്ഡലം. മലയാളിയായ സി.എം സ്റ്റീഫനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഇന്ദിരാഗാന്ധി സ്വന്തം സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയ സ്റ്റീഫനെയും തോല്‍പ്പിച്ചു. ബിജെപി രൂപീകരിച്ചതിനുശേഷമുള്ള പ്രഥമ തെരഞ്ഞെടുപ്പായിരുന്നു അത്.  വാജ്‌പേയി പ്രതിപക്ഷ നേതാവായി.
 ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗമാണ് 1984 ലെ തെരഞ്ഞെടുപ്പിന്റെ സവിശേഷത. കോണ്‍ഗ്രസ്സിലെ മാധവറാവു സിന്ധ്യയോട് 177361 വോട്ടിനാണ് ഗ്വാളിയറില്‍  വാജ്‌പേയി തോറ്റത്. ബിജെപിയുടെ ലോക്‌സഭാംഗത്വം രണ്ടില്‍ ഒതുങ്ങിയ തെരഞ്ഞെടുപ്പായിരുന്നു അത്. 
1986 ല്‍ വാജ്‌പേയി വീണ്ടും രാജ്യസഭയിലെത്തി.  അയോധ്യാ പ്ര്ശ്‌നം ഉയര്‍ത്തിയ രാഷ്ട്രീയ കൊടുങ്കാറ്റില്‍ വീണ്ടും പടപൊരുതണമെന്ന പാര്‍ട്ടി തീരുമാനം ശിരസാ വഹിച്ച്  മത്സരത്തിനിറങ്ങി. ഒരേ സമയം രണ്ടു മണ്ഡലങ്ങളില്‍ . ഉത്തര്‍പ്രദേശിലെ ലക്‌നോവും മധ്യപ്രദേശിലെ വിദിശയും. ആദ്യ മൂന്നു മത്സരത്തിലും തോല്‍പ്പിച്ചുവിട്ട ലക്‌നോ ഇത്തവണ പ്രായശ്ചിത്തം ചെയ്തു. ലക്ഷത്തിലധികം (1,22,303) വോട്ടിന്റെ ഭൂരിപക്ഷമാണ് നല്‍കിയത്. വിദിശയിലും ലക്ഷത്തിലധികം (1,04,134) വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്  ജയിച്ചത്. ലക്‌നോ നിലനിര്‍ത്തിയ 1996, 1998, 1999, 2004 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തില്‍ നിന്നു തന്നെ ജയിച്ചുകയറി. എല്ലാത്തവണയും ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. 2004ല്‍ അവസാനമായി ജയിച്ച മത്സരത്തിലെ ഭൂരിപക്ഷം 2,18,375. 1991ലെപോലെ 1996ലും രണ്ടു മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍  വാജ്‌പേയിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. ലക്‌നോയ്ക്കുപുറമെ ഗുജറാത്തിലെ ഗാന്ധിനഗര്‍ ആയിരുന്നു രണ്ടാമത് മണ്്ഡലം. എല്‍.കെ അദ്വാനിയുടെ സിറ്റിംഗ് സീറ്റായിരുന്നു രണ്ടാമത്തെ മണ്ഡലം. ഹവാലാ കേസില്‍ പേരു പരാമര്‍ശിക്കപ്പെട്ടതിനാല്‍  താന്‍ മത്സരത്തിനില്ലെന്ന് എല്‍കെ അദ്വാനി പ്രഖ്യാപിച്ചതിനാലാണ് വാജ്‌പേയിക്ക് അവിടെ മത്സരിക്കേണ്ടിവന്നത്. 188872 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചുവെങ്കിലും ലക്‌നോ സീറ്റ് നിലനിര്‍ത്തി ഗാന്ധിനഗര്‍ ഉപേക്ഷിച്ചു.
2005 ഡിസംബറില്‍ മുംബൈയിലെ ശിവജിപാര്‍ക്കില്‍ ബിജെപി സുവര്‍ണജയന്തി റാലിയില്‍ ഇനി താന്‍ തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് വാജ്‌പേയി പ്രഖ്യാപിച്ചു. പിന്നീട് അധികം താമസിയാതെ ശാരീരിക അവശതമൂലം സജീവരാഷ്്ട്രീയത്തില്‍ നിന്നുതന്നെ പിന്‍വലിയുകയും 

ഇരട്ടവിജയത്തിന്റെ മധുരം


https://www.janmabhumidaily.com/news853228




ഇരട്ടവിജയത്തിന്റെ മധുരം

പി ശ്രീകുമാര്‍


ഇരട്ടവിജയത്തിന്റെ മധുരം രണ്ടു തവണ ആസ്വദിച്ചവര്‍ രണ്ടു പേര്‍. അടല്‍ ബിഹാരി വാജ്‌പേയിയും മുലായംസിങ് യാദവും. മൂന്നു മണ്ഡലങ്ങളില്‍ ഒരേ സമയം പോരിനിറങ്ങിയവരിലും രണ്ട്  ദേശീയ നേതാക്കളുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയും ദേവീലാലും. രണ്ട് മണ്ഡലത്തില്‍ ഒന്നിച്ചു തോല്‍ക്കാനുള്ള നിര്‍ഭാഗ്യം രണ്ടു തവണ വാജ്‌പേയിക്കുണ്ടായി. രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ജനവിധി തേടി രണ്ടിടത്തും ജയിച്ച റെക്കോഡ് വാജ്പേയിക്കു മാത്രം.  മുലയം സിങ് യാദവിനും ഇരട്ട വിജയത്തില്‍ ഡബിള്‍ ഉണ്ടെങ്കിലും എല്ലാം ഉത്തര്‍പ്രദേശില്‍ നിന്നു മാത്രമായിരുന്നു. ഒരേ സമയം രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് ഒരേ സമയം ജയിച്ചവരില്‍ ഇന്ദിരാഗാന്ധിയും നരേന്ദ്ര മോദിയും ദേവീലാലും നരസിംഹ റാവുവും സോണിയ ഗാന്ധിയും  ഉണ്ട്
1957-ല്‍ വാജ്‌പേയി ലഖ്നൗ ബല്‍റാംപൂര്‍, മഥുര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയായി. ബല്‍റാംപൂരില്‍ ജയിച്ചെങ്കിലും ലഖ്നൗവിലും മഥുരയിലും തോറ്റു. 1962-ല്‍ വാജ്‌പേയി സിറ്റിങ് സീറ്റായ ബല്‍റാംപൂരിനു പുറമേ  ലഖ്‌നൗവിലും മത്സരിച്ചു. രണ്ടിടത്തും തോറ്റു. 1991-ല്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും മധ്യപ്രദേശിലെ വിദിശയിലും മത്സരിക്കാനിറങ്ങി. രണ്ടിടത്തും ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയം. ലഖ്നൗ നിലനിര്‍ത്തി. 1996ലും രണ്ടു സംസ്ഥാനങ്ങളിലായി രണ്ടു മണ്ഡലങ്ങള്‍. ലഖ്നൗവിനു പുറമെ എല്‍.കെ. അദ്വാനിയുടെ സിറ്റിങ് സീറ്റായിരുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍. ഹവാലാ കേസില്‍ പേരു പരാമര്‍ശിക്കപ്പെട്ടതിനാല്‍ മത്സരത്തിനില്ലെന്ന് അദ്വാനി പ്രഖ്യാപിച്ചതിനാലാണ് വാജ്‌പേയിക്ക് മത്സരിക്കേണ്ടിവന്നത്. രണ്ടിടത്തും ജയിച്ചു. ലഖ്നൗ നിലനിര്‍ത്തി. ഗാന്ധിനഗര്‍ ഉപേക്ഷിച്ചു.
വാജ്പേയിക്ക് പുറമെ മൂന്നു മണ്ഡലങ്ങളില്‍ ഒരേ തവണ മത്സരത്തിനിറങ്ങിയത് മുന്‍ ഉപപ്രധാനമന്ത്രി ദേവീലാലാണ്. 1989-ല്‍ റോത്തക് (ഹരിയാന), സിക്കാര്‍ (രാജസ്ഥാന്‍), ഫിറോസ്പൂര്‍ (പഞ്ചാബ്) എന്നിവിടങ്ങളില്‍ മത്സരിച്ച ദേവീലാല്‍ ആദ്യ രണ്ടിടത്തും ജയിച്ചു. പഞ്വാബില്‍ മൂന്നാമനായി. സിക്കാര്‍ സീറ്റ് നിലനിര്‍ത്തി.
രണ്ടിടത്തെ വിജയങ്ങള്‍
ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന വി ജി ദേശ്പാണ്ഡെയാണ് ലോകസഭയിലേക്ക് രണ്ടു മണ്ഡലത്തില്‍ നിന്ന്്് ജയിച്ച ആദ്യത്തെ ആള്‍.  1952 ല്‍  മധ്യപ്രദേശിലെ ഗുണ, ഗ്വാളിയര്‍ മണ്ഡലങ്ങളില്‍ നിന്നാണ് ജയച്ചത്. ഗുണ നില നിര്‍ത്തി.
 1980-ല്‍ ഇന്ദിരാഗാന്ധി സ്ഥിരം മണ്ഡലമായ റായ്ബറേലിക്കു പുറമെ ആന്ധ്രയിലെ മേധക്കിലും മത്സരിച്ചു. റായ്ബലേറിയില്‍ വിജയരാജ സിന്ധ്യയും മേധക്കില്‍ ജയ്പാല്‍ റെഡ്ഡിയുമായിരുന്നു എതിരാളികള്‍. രണ്ടിടത്തും ജയിച്ച ഇന്ദിര മേധക്ക് നിലനിര്‍ത്തി.
1991-ല്‍ എല്‍.കെ. അദ്വാനി ഗാന്ധി നഗറിനു പുറമെ  ന്യൂദല്‍ഹിയിലും മത്സരിച്ചു. നടന്‍ രാജേഷ് ഖന്നയായിരുന്നു ദല്‍ഹില്‍ എതിരാളി. രണ്ടിടത്തും ജയം. ഗാന്ധിനഗര്‍ നിലനിര്‍ത്തി. 1999-ല്‍ സോണിയ ഗാന്ധി അമേത്തിക്കു പുറമെ കര്‍ണാടകയിലെ ബെല്ലാരിയിലും മത്സരത്തിനിറങ്ങി. രണ്ടിടത്തും ജയിച്ച് അമേഠി നിലനിര്‍ത്തി. സുഷമ സ്വരാജായിരുന്നു ബല്ലാരിയില്‍ എതിരാളി. 
മുലയം സിങ് യാദവ് 1999ലും 2014ലും ഇരട്ട വിജയങ്ങള്‍ നേടി. 1999ല്‍ സമ്പാല്‍, കഞ്ചു മണ്ഡലങ്ങളില്‍ ജയിച്ച മുലയം സമ്പാല്‍ നിലനിര്‍ത്തി. 2014-ല്‍ മയിന്‍പുരി, അസംഗഡ് എന്നിവിടങ്ങളിലായിരുന്നു ജയം, അസംഗഡ് നിലനിര്‍ത്തി. മുലയത്തിന്റെ മകന്‍ അഖിലേഷും ഇരട്ട വിജയം നേടിയിട്ടുണ്ട്. 2009-ല്‍ കഞ്ചുവിലും ഫിറോസാബാദിലും ജയിച്ച അഖിലേഷ് കഞ്ചു നിലനിര്‍ത്തി. ലാലു പ്രസാദ് യാദവും രണ്ടു തവണ ഇരട്ടപ്പോരിനിറങ്ങി. 2004-ല്‍ ഛപ്രയിലും മേധേപുരയിലും മത്സരിച്ച ലാലു ഇരട്ട ജയം നേടി. 2009-ല്‍ സരണിലും പാടലീപുത്രത്തിലും മത്സരിച്ചെങ്കിലും പാടലീപത്രയില്‍ തോറ്റു.
മുന്‍ പ്രധാന മന്ത്രി പി.വി നരംസിംഹ റാവു രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും ഒരേ സമയം രണ്ടു തവണ മത്സരിച്ചിട്ടുണ്ട്. 1984ലും 1996ലും. 84ല്‍ ആന്ധ്രപ്രദേശിലെ ഹനമംകോണ്ടയിലും മഹാരാഷ്ട്രയിലെ റാംടെക്കിലും ജനവിധി തേടി. ഹനമം‌കോണ്ടയിൽ തോറ്റു റാംടെക്കിൽ ജയിച്ചു. ഹനമംകോണ്ടയിൽ ഹാട്രിക് വിജയം നേടി റാവുവിനെ തോൽപ്പിച്ചത് ബിജെപിയുടെ സി.ജഗറെഡ്ഡിയാണ്. ഇന്ദിരാ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ കിട്ടിയ രണ്ട് സീറ്റിൽ ഒന്ന് ഇതായിരുന്നു. 1996ലെ ആന്ധ്രയിലെ നന്ദ്യാലില്‍ നിന്നും  ഒറീസയിലെ ബെറാംപൂരില്‍ നിന്നും മത്സരിച്ച റാവു രണ്ടിടത്തും ജയിച്ചു. ബെറാംപൂര്‍ നിലനിര്‍ത്തി.
2014-ല്‍ നരേന്ദ്ര മോദിയുടെ ഇരട്ട വിജയങ്ങള്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ റെക്കോഡായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ അഞ്ചര ലക്ഷത്തിലധികം വോട്ടിനും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അഞ്ചു ലക്ഷത്തിനടുത്തും വോട്ടുകള്‍ക്കാണ് മോദി ജയിച്ചത്. വാരാണസി നിലനിര്‍ത്തി. വാരാണസിയില്‍ അരവിന്ദ് കേജ്രിവാളായിരുന്നു എതിരാളി. 
കേരളത്തിലെ ഇരട്ടവിജയങ്ങള്‍
കേരളത്തില്‍ ലോകസഭയിലേക്ക് ഇരട്ട വിജയം രുചിച്ചവരില്ല. എന്നാല്‍ നിയമസഭ മത്സരത്തില്‍ ഡബിള്‍ അടിച്ച ഒരാളുണ്ട്. കെ. കരുണാകരന്‍. 1982-ല്‍ സ്ഥിരം മണ്ഡലമായ മാളയ്ക്കു പുറമെ നേമത്തും ജനവിധി തേടി. രണ്ടിടത്തും ജയിച്ച കരുണാകരന്‍ മാള നിലനിര്‍ത്തി. ഉപേക്ഷിച്ച നേമത്ത് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് സിപിഎം. എന്നാല്‍ കേരളത്തില്‍ ഒരേ സമയം രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച ആദ്യ നേതാവ് കരുണാകരനല്ല.
1952-ല്‍ കൊല്ലത്തു നിന്ന് ലോക്സഭയിലേക്കും ചവറയില്‍ നിന്ന് നിയമസഭയിലേക്കും ഒരേ സമയം മത്സരിച്ച് എന്‍. ശ്രീകണ്ഠന്‍ നായര്‍ രണ്ടിടത്തും ജയിച്ചു. പാര്‍ലമെന്റ് അംഗത്വം നിലനിര്‍ത്തി. 1957-ല്‍ തിരുവനന്തപുരത്ത് ലോക്സഭയിലേക്കും നിയമസഭയിലേക്കും പട്ടം താണുപിള്ള ഒന്നിച്ച് മത്സരിച്ചു. നിയമസഭയില്‍ ജയിച്ചു. തിരുവനന്തപുരത്തുകാര്‍ക്ക് പട്ടത്തെ വിട്ടുകൊടുക്കാനിഷ്ടമില്ലന്നായിരുന്നു ലോക്സഭാ പരാജയത്തെക്കുറിച്ച് അന്നുണ്ടായിരുന്ന ട്രോള്‍.

Saturday, March 23, 2019

അമേരിക്കയിലെ 
അയ്യപ്പസാരഥി


പി. ശ്രീകുമാര്‍


വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസ്സുകാരനായ പാര്‍ത്ഥന്‍ കാല്‍വഴുതി കയത്തിലേക്ക് പതിച്ചു. മുങ്ങിത്താഴുമ്പോള്‍ അവന്‍ ഉറക്കെ വിളിച്ചു, അയ്യപ്പാ.... അയ്യപ്പാ. മണ്ഡലവ്രതക്കാലമായതിനാല്‍  റാന്നിക്കാരന്‍ പയ്യന്റെ മനസ്സില്‍ എപ്പോഴും മുഴങ്ങിയിരുന്ന ഈശ്വരനാമമാണിത്. നദിയില്‍നിന്ന് ശരണംവിളി ഉയരുന്നതുകേട്ട് ഓടിയെത്തിയ കുഞ്ഞപ്പന്‍ മാപ്പിള കണ്ടത് മുങ്ങിത്താഴുന്ന ബാലനെ. ഒട്ടും വൈകിയില്ല.

വെള്ളത്തിലേക്ക് എടുത്തുചാടി കുട്ടിയെ കരയ്ക്കെത്തിച്ചു. തന്നെ രക്ഷിക്കാന്‍ കുഞ്ഞപ്പന്‍ മാപ്പിളയുടെ രൂപത്തില്‍ അയ്യപ്പന്‍ എത്തിയതാണെന്ന വിശ്വാസമായി പാര്‍ത്ഥനില്‍. പിന്നീട് അയ്യപ്പനാണ് എല്ലാമെന്ന് കരുതിയുള്ള ജീവിതം.  പാര്‍ത്ഥസാരഥി പിള്ളയായി ഇരുപത്തിയെട്ടാം വയസ്സില്‍ അമേരിക്കയിലേക്ക്. 40 വര്‍ഷത്തെ പ്രവാസി ജീവിതത്തിലും അയ്യപ്പനും ശരണം വിളികളും മുറുകെ പിടിച്ച ജീവിതം. അമേരിക്കയില്‍  അയ്യപ്പ   സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ സാരഥിയായി മാറി. ഒരു നിയോഗംപോലെ അത് ഇപ്പോഴും തുടരുന്നു.

തുടക്കം അയ്യപ്പഭജനയില്‍

ന്യൂയോര്‍ക്കിലെ പാര്‍ത്ഥസാരഥിയുടെ വീട്ടില്‍ മണ്ഡലവ്രതകാലത്ത് നടക്കുന്ന അയ്യപ്പഭജന മലയാളികളുടെ ആദ്ധ്യാത്മിക കൂട്ടായ്മയായി മാറി. മാല ധരിച്ച് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി അമേരിക്കയില്‍ നിന്ന് സംഘത്തെ നയിച്ച് എല്ലാവര്‍ഷവും ശബരിമലയിലേക്ക് പോകുന്നതിനും തുടക്കമായി.  അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ചു ജീവിക്കുന്ന പാര്‍ത്ഥസാരഥി അങ്ങനെ അമേരിക്കന്‍ മലയാളികള്‍ക്ക് ഗുരുസ്വാമിയായി.

അയ്യപ്പ ധര്‍മ്മവും സംസ്‌കാരവും ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് അയ്യപ്പാ സേവാ ട്രസ്റ്റ് എന്ന ആഗോള സംഘടനയ്ക്ക് രൂപം നല്‍കി. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പാര്‍ത്ഥസാരഥിയുടെ സ്വപ്‌നമായിരുന്നു അമേരിക്കയില്‍ അയ്യപ്പക്ഷേത്രം നിര്‍മിക്കുകയെന്നത്. അയ്യപ്പ സേവാ സമാജം ജനറല്‍ സെക്രട്ടറിയായിരിക്കെ മൂന്നു വര്‍ഷം മുന്‍പ് അമേരിക്കയിലെത്തിയ കുമ്മനം രാജശേഖരന്‍ ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി.  ശബരിമല തന്ത്രി കണ്ഠരരു രാജീവരുടെ നിര്‍ദ്ദേശപ്രകാരം കാര്യങ്ങള്‍ നീക്കി.

സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ബിംബ പരിഗ്രഹ പൂജ, ജലാധിവാസം,നേത്രോന്മീലനം, നേത്രാലേഖനം, ജീവകലശ പൂജകള്‍, അധിവാസപൂജ, പീഠ പ്രതിഷ്ഠ, ബിംബപ്രതിഷ്ഠ, പടിത്തറ സമര്‍പ്പണം എന്നീ കര്‍മ്മങ്ങള്‍ താന്ത്രിക വിധിപ്രകാരം നടന്നു. കേരളത്തില്‍നിന്നു കൊണ്ടുവന്ന വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ തനി വലിപ്പത്തിലും രൂപത്തിലുമുള്ള വിഗ്രഹം.  ശബരിമലയുടെ അതേ മാതൃകയിലുള്ള അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണിപ്പോള്‍. സുപ്രഭാതത്തോടെ നടതുറന്ന് ഹരിവരാസനം പാടി അടയ്ക്കുന്നതുവരെയുള്ള കാര്യക്രമങ്ങളും ശബരിമലയിലേതിനു സമാനം.

സന്നിധാനത്തണലില്‍

അയ്യപ്പ പ്രതിഷ്ഠയ്ക്കു പുറമെ ഗണപതി, ഹനുമാന്‍, ശിവന്‍, മുരുകന്‍, തിരുപ്പതി വെങ്കിടാചലപതി, ദേവി, നവഗ്രഹം തുടങ്ങിയ ഉപപ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. മേല്‍ശാന്തി കശ്യപ് ഭട്ടരുടെ കാര്‍മ്മികത്വത്തില്‍ ശനിപൂജ, സത്യനാരായണ പൂജ, ജന്മനക്ഷത്ര പൂജ, അന്നപ്രാശം, വിവാഹം എന്നിവയൊക്കെ നടത്തുന്നു. മണ്ഡല മകരവിളക്കുത്സവം മാത്രമല്ല ശിവരാത്രി, വിനായക ചതുര്‍ത്ഥി, അഷ്ടമി രോഹിണി, ശിവരാത്രി, നവരാത്രി, കാര്‍ത്തികവിളക്ക്, ദീപാവലി തുടങ്ങിയ പ്രധാന വിശേഷദിനങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു.

സ്വാമി സത്യാനന്ദസരസ്വതി, സ്വാമി സച്ചിദാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, ശബരിമല തന്ത്രി രാജീവര് കണ്ഠര് എന്നിവരൊക്കെ ഇവിടെയെത്തി ഗണപതിഹോമം കഴിച്ചിട്ടുണ്ടെന്നു പറയുമ്പോള്‍ പാര്‍ത്ഥസാരഥിയുടെ കണ്ണില്‍ ഭക്തിയുടെ നിഴലാട്ടം കാണാം. ആത്മീയ ആചാര്യന്മാര്‍ക്ക് മാത്രമല്ല  അമേരിക്കയിലെത്തിയിരുന്ന തകഴി, പ്രേംനസീര്‍, മധു, ഭരത്ഗോപി, മുരളി, മധു തുടങ്ങിയവര്‍ക്കൊക്കെ വാസസ്ഥാനം കൂടിയായിരുന്നു സന്നിധാനം.

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ പ്രശസ്തരായിരുന്ന ലളിത, പത്മിനി, രാഗിണിമാരില്‍ പത്മിനിയുടെ ഭര്‍ത്താവ് രാമചന്ദ്രന്‍ മരിച്ചത് അമേരിക്കയില്‍വച്ചായിരുന്നു. മരിച്ചാല്‍ ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയാന്‍ കഴിയാതിരുന്നത് എല്ലാവരിലും വലിയ വിഷമം സൃഷ്ടിച്ചു. പാര്‍ത്ഥസാരഥി ഇതിന് പരിഹാരം കണ്ടത് ആചാരാനുഷ്ഠാനങ്ങള്‍ സ്വയം ഹൃദിസ്ഥമാക്കികൊണ്ടാണ്. ഇന്ന് അമേരിക്കയില്‍ എവിടെ ഒരു മലയാളി ഹിന്ദു മരിച്ചാലും ആദ്യം വിളിക്കുക പാര്‍ത്ഥസാരഥിയെയാണ്. വിവാഹം നിശ്ചയിക്കുമ്പോഴും കാര്‍മികനായി പാര്‍ത്ഥനെത്തന്നെ ലഭിക്കുമോ എന്നാവും വീട്ടുകാര്‍ ചിന്തിക്കുന്നത്.

ഹഡ്സണില്‍ പിതൃതര്‍പ്പണം

റാന്നി പുല്ലപ്രം വലിയ കോയിപ്പള്ളി നാരായണന്‍ നായരുടേയും ചെല്ലമ്മ നായരുടെയും മകനാണ് പാര്‍ത്ഥ സാരഥി. പുല്ലപ്രം ശ്രീരാമകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രവിപാഠശാലയില്‍നിന്ന് സമാര്‍ജ്ജിച്ചതാണ് ആദ്ധ്യാത്മിക അടിത്തറ. റാന്നി ഹിന്ദുമത കണ്‍വന്‍ഷനില്‍ ചെറുപ്പം മുതലേ ഗീതാപാരായണം, ഭക്തിഗാനമത്സരം എന്നിവയില്‍ പങ്കെടുക്കുകയും, സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു.

റാന്നി ശൈലേശ്വരം ക്ഷേത്രപുനരുദ്ധാരണ സമിതി കണ്‍വീനറായിരിക്കെ അമേരിക്കയിലേക്ക്. അമേരിക്കയിലെത്തിയിട്ടും ഭക്തിയും ഭജനയുമൊക്കെയായിരുന്നു പാര്‍ത്ഥന്റെ മനം നിറയെ. ന്യൂയോര്‍ക്ക് കേന്ദ്രമായി നായര്‍ ബനവെലന്റ് അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ പ്രാര്‍ത്ഥനാ ഗീതം പാടിക്കൊണ്ടായിരുന്നു അവിടെ പൊതുരംഗത്തേക്കുള്ള പ്രവേശനം. പിന്നീട് ഹൈന്ദവസംഘടനകളിലെയും സമ്മേളനങ്ങളിലെയും സ്ഥിരസാന്നിദ്ധ്യമായി പാര്‍ത്ഥസാരഥി മാറി. ന്യൂയോര്‍ക്ക് വൈറ്റ്പ്ലയിന്‍സില്‍ 'സന്നിധാനം' എന്ന് പേരിട്ടിരിക്കുന്ന പാര്‍ത്ഥസാരഥിയുടെ വീട്  പൂജകളും ഹോമങ്ങളും സത്സംഗങ്ങളും നടക്കുന്ന കേന്ദ്രമായി.

ഹഡ്‌സണ്‍ നദിക്കരയില്‍ ഹൈന്ദവ ആചാരപ്രകാരം പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തില്‍ ബലികര്‍മ്മങ്ങള്‍ നടന്നപ്പോള്‍ അത് അമേരിക്കയില്‍ നടക്കുന്ന ആദ്യ വാവുബലിയായി. കേരളത്തില്‍ രാമായണമാസാചരണത്തിന് ആഹ്വാനമുണ്ടായപ്പോള്‍ അമേരിക്കയില്‍ അത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങി.  ന്യൂയോര്‍ക്കിലെ പാര്‍ത്ഥസാരഥിയുടെ വീട്ടില്‍ മണ്ഡലവ്രതകാലത്ത് നടക്കുന്ന അയ്യപ്പഭജന മലയാളികളുടെ ആദ്ധ്യാത്മിക കൂട്ടായ്മയായി മാറി.

മാല ധരിച്ച് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി അമേരിക്കയില്‍നിന്ന് സംഘത്തെ നയിച്ച് എല്ലാവര്‍ഷവും ശബരിമലയിലേക്ക് പോകുന്നതിനും തുടക്കമായി. ഭാര്യ തങ്കമണിയും മകന്‍ സ്വാമി അയ്യപ്പനും എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ്ണപിന്തുണയോടെ ഒപ്പം നില്‍ക്കുന്നു. മികച്ച ഗായകന്‍ കൂടിയായ പാര്‍ത്ഥസാരഥി അയ്യപ്പ ധര്‍മ്മ പ്രചാരണത്തിനായി നിരവധി കാസറ്റുകളും ഇറക്കി. അമേരിക്കയില്‍ ജീവിക്കുന്ന മലയാളി കുട്ടികള്‍ക്ക് പഠിക്കാനായി സന്ധ്യാനാമങ്ങള്‍ ഇംഗ്ലീഷിലേക്ക് ട്രാന്‍സ് സ്‌ക്രിപ്റ്റ് ചെയ്തിറക്കുകയും ചെയ്തു.

വേള്‍ഡ് അയ്യപ്പാ ട്രസ്റ്റ്

അയ്യപ്പ ധര്‍മ്മവും സംസ്‌കാരവും ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വേള്‍ഡ് അയ്യപ്പാ ട്രസ്റ്റ് ഇന്ന് അറിയപ്പെടുന്ന സംഘടനയാണ്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ പുതിയതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്.

സ്വപ്നമായിരുന്ന അയ്യപ്പക്ഷേത്രം അമേരിക്കയില്‍ യാഥാര്‍ത്ഥ്യമായപ്പോഴും നാട്ടില്‍ അയ്യപ്പധര്‍മ്മത്തെയും ആചാരാനുഷ്ഠാനങ്ങളെയും വിലകുറച്ചുകാട്ടാനുള്ള നീക്കങ്ങള്‍ നടക്കുന്നതില്‍ ഖിന്നനാണ് അമേരിക്കയുടെ ഗുരുസ്വാമി. വിശ്വാസവും ആചാരവും അനുഷ്ഠാനവും നിലനിര്‍ത്താന്‍ കേരളത്തില്‍ ഭക്തര്‍ തെരുവിലിറങ്ങിയപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ പാര്‍ത്ഥസാരഥിയും  വേള്‍ഡ് അയ്യപ്പാ ട്രസ്റ്റും മുന്‍പന്തിയിലുണ്ടായിരുന്നു. ശബരിമല സംരക്ഷണത്തിന് നേതൃത്വം നല്‍കിയ കര്‍മ്മ സമിതിക്ക് പൂര്‍ണപിന്തുണ നല്‍കുകയും  കെ.പി. ശശികല ടീച്ചറെ നേരില്‍ക്കണ്ട് നിധി കൈമാറുകയും ചെയ്തു.

വിശ്വാസ സംരക്ഷണ ശ്രമങ്ങള്‍ ആരു നടത്തിയാലും പിന്തുണയ്ക്കാനും, ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നുവെന്ന് ഉറക്കെപ്പറയാനും പാര്‍ത്ഥസാരഥി പിള്ളയ്ക്ക് മടിയില്ല.