Monday, June 15, 2015

ദല്‍ഹിയുടെ സ്വന്തം പണിക്കേഴ്‌സ്

ദല്‍ഹിയുടെ സ്വന്തം പണിക്കേഴ്‌സ് 


പി. ശ്രീകുമാര്‍



 വര്‍ഷത്തില്‍ എട്ടുപത്തു തവണ എങ്കിലും ശബരിമല കയറുന്ന ബാബു പണിക്കര്‍ 2013 മിഥുനം ഒന്നാംതീയതി അയ്യപ്പനെ കാണാന്‍ എത്തിയത് മനസ്സില്‍ ചില പ്രയാസങ്ങളുമായിട്ടാണ്. ബിസിനസ്സില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍. എന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എവിടെയും  തടസ്സങ്ങള്‍. സന്ദര്‍ശകരെയും കൊണ്ടുപോകുന്ന ബസ്സുകള്‍ കേടാകുന്നു. കാരണമൊന്നുമില്ലാതെ സന്ദര്‍ശകര്‍ ബുക്കിംഗ് കാന്‍സല്‍ ചെയ്യുന്നു. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ടൂറിസം ബിസിനസ്സ് തകരുമോ എന്ന പേടിപോലും ബാബുവിന്റെ മനസ്സില്‍ ഉണ്ടായി. മനസ്സിലെ വിഷമം മുഴുവന്‍ അയ്യപ്പനുമുന്നില്‍ തൊഴുതു പറഞ്ഞ് മലയിറങ്ങിയ ബാബു പമ്പയിലെത്തിയപ്പോള്‍ മൊബൈലില്‍ വിളി. ദല്‍ഹിയില്‍ നിന്ന് കേദാര്‍നാഥിലേയ്ക്ക് തീര്‍ത്ഥാടനത്തിനായി പോയ ബസ്സിലെ െ്രെഡവറാണ്. ജമ്മുവിലെ വൈഷ്ണവി ക്ഷേത്രം ദര്‍ശിച്ച് കേദാര്‍നാഥിലേയ്ക്ക് പോകവേ ബര്‍ക്കോടുവെച്ച് വണ്ടിയുടെ ആക്‌സില്‍ ഒടിഞ്ഞു. ഒഴിഞ്ഞ പ്രദേശമായതിനാല്‍ വര്‍ക്ക് ഷോപ്പുകളൊന്നുമില്ല. എന്തുചെയ്യും എന്നാണ് െ്രെഡവര്‍ ചോദിക്കുന്നത്. െ്രെഡവര്‍ ആണേലും കിളി ആണേലും ചെറിയ കാര്യത്തിനായാലും മുതലാളിയുടെ ഫോണിലേക്ക് എപ്പോള്‍ വേണമെങ്കിലും നേരിട്ട് വിളിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചായിരുന്നു വിളി. ”ദൈവമേ, തടസ്സം നീങ്ങാന്‍ പ്രാര്‍ത്ഥിച്ച് താഴെ എത്തിയപ്പോഴേയ്ക്കും വീണ്ടും പ്രശ്‌നമോ” എന്ന് മനസ്സില്‍ ചിന്തിച്ചെങ്കിലും തീര്‍ത്ഥാകരെയെല്ലാം അടുത്തുള്ള ഏതെങ്കിലും ഹോട്ടലില്‍ താമസിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും വിളി. യമുനാദ്രിയിലേയ്ക്ക് പോയ ബസിലെ െ്രെഡവറാണ്. കനത്ത മഴ കാരണം ബസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ല. ‘യുക്തമായത് ചെയ്യ്’ എന്ന് മറുപടി പറയുമ്പോള്‍ വിഷമവും ദേഷ്യവും കലര്‍ന്ന മാനസികാവസ്ഥയിലായിരുന്നു. പിറ്റേദിവസമാണ് ഉത്തരാഖണ്ഡിലെ പ്രളയ ദുരിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചാനലുകളില്‍ വന്നതുടങ്ങിയത്. ഭാരതം കണ്ട ഏറ്റവും വലിയ പ്രളയ ദുരിതങ്ങളിലൊന്ന്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ദുരന്തം. നിരവധി ബസ്സുകള്‍ യാത്രക്കാര്‍ക്കൊപ്പം ഒലിച്ചുപോയി. തലേദിവസം യാത്ര മുടങ്ങിയില്ലായിരുന്നെങ്കില്‍ രണ്ടു ബസ്സുകളും  കൃത്യം ദുരന്ത ഭൂമിയിലായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. െ്രെഡവര്‍മാരെ തിരിച്ചുവിളിച്ചപ്പോള്‍ യാത്രക്കാരൊക്കെ സുരക്ഷിതരായി ഹോട്ടലുകളില്‍ തങ്ങുകയാണെന്ന വിവരം കിട്ടി. അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു പിന്നീട്. എല്ലാവരെയും സുരക്ഷിതരായി നാട്ടിലെത്തിച്ചു. അപകടമേഖലയില്‍ പണിക്കേഴ്‌സ് ട്രാവല്‍സിലെ മൂന്നു ബസ്സുകളിലായി 150 തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നിട്ടും എല്ലാവരും സുരക്ഷിതര്‍. ദൈവത്തിനല്ലാതെ മറ്റാരോടാണ് ഞാന്‍ നന്ദി പറയേണ്ടത്.” കരോള്‍ ബാഗിലെ പണിക്കേഴ്‌സ് ട്രാവല്‍സിന്റെ ആസ്ഥാന ഓഫീസിലിരുന്ന് സാരഥി ബാബുപണിക്കര്‍ ഇതു പറയുമ്പോള്‍ മുറിയിലെ ദൈവവിഗ്രഹങ്ങളില്‍ തൊഴുതു. തലസ്ഥാനമായ ന്യൂദല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് കരോള്‍ബാഗ്. ഇന്ദ്രപ്രസ്ഥത്തിലെ പ്രമുഖ കച്ചവടകേന്ദ്രം. കരോള്‍ബാഗിലെ വിലാസം എന്നത് വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും അഭിമാനകരം. കരോള്‍ ബാഗില്‍ ഏവരും അറിയുന്ന ഒരു വിലാസമുണ്ട്. മലയാളിയുടെ പേരില്‍.  പണിക്കേഴ്‌സ് ട്രാവല്‍സ്. ദല്‍ഹിയില്‍ ആരോടു ചോദിച്ചാലും കൃത്യമായി പറഞ്ഞുതരുന്ന  വിലാസങ്ങളില്‍ ഒന്ന്. ദല്‍ഹിയിലെ വീഥികളില്‍ പണിക്കേഴ്‌സ് ട്രാവല്‍സിന്റെ ബസ് കാണാതെ യാത്ര ചെയ്യുക അസാധ്യം. രാജ്യത്തെ  ആദ്യത്തെ ആഭ്യന്തര ടൂറിസം സര്‍വീസ് തുടങ്ങിയ പണിക്കേഴ്‌സ് ട്രാവല്‍സ് സേവനത്തിന്റെയും വിശ്വസ്തതയുടെയും കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ്. കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള മാര്‍ഗ്ഗം ആലോചിക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന ചിന്തന്‍ ബൈഠക് ഏറെ ശ്രദ്ധ പിടിച്ചിരുന്നു. ദല്‍ഹിയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ ഹരിയാനയിലുള്ള സൂരജ് കുണ്ടില്‍ നടന്ന ചിന്തന്‍ ബൈഠക്കില്‍ സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോയത് റോഡുമാര്‍ഗ്ഗം. യാത്രയ്ക്ക് ഉപയോഗിച്ചത് ബസ്. പണിക്കേഴ്‌സ് ട്രാവല്‍സിന്റെ രണ്ടു ബസ്സുകളിലായിട്ടായി കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നത് ദേശീയ മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കിയിരുന്നു. ദല്‍ഹിയില്‍ പണിക്കേഴ്‌സ് ട്രാവല്‍സിന്റെ സ്ഥാനം എന്തെന്ന് തെളിയിക്കുന്നതുകൂടിയായിരുന്നു അത്. ദല്‍ഹിയിലെ ഏറ്റവും വലിയ മലയാളി ബിസിനസുകാരനായി നില്‍ക്കുമ്പോഴും തന്റെ അച്ഛന്‍ സ്ഥാപനം പടുത്തുയര്‍ത്താന്‍ നടത്തിയ ത്യാഗങ്ങള്‍ വിവരിക്കാനാണ് ബാബുവിന് താല്‍പര്യം. അമ്പലപ്പുഴക്കാരനായ ഇ. രാമചന്ദ്രപണിക്കര്‍ 12ാം വയസ്സില്‍ നാടുവിട്ടത് വീട്ടിലെ പട്ടിണിമൂലം. തിരുനെല്‍വേലിയില്‍ ഒരു ഡോക്ടറുടെ സഹായിയായിതുടക്കം. വെയിറ്റര്‍ ജോലിയും പാചകപണിയും വീട്ടുജോലിയും ലോട്ടറി വില്‍പ്പനയും ഒക്കെ ചെയ്ത് ആഹാരത്തിനു മാര്‍ഗ്ഗം കണ്ടെത്തിയ പണിക്കര്‍ ദല്‍ഹിയില്‍ എത്തിയത് ഇന്ത്യന്‍ കോഫിഹൗസിലെ ജീവനക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യാനായിട്ടാണ്. കൊണാട്ട് പ്ലെയിസിലെ കോഫി ഹൗസിലെ ജോലി ചില സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായി. അന്ന് ദല്‍ഹിയില്‍നിന്ന് ആഗ്രയ്ക്ക് ഒരു ട്രെയിന്‍ മാത്രം.  താജ് എക്‌സ്പ്രസ്. താജ്മഹല്‍ കാണാന്‍ വരുന്നവരില്‍ പലര്‍ക്കും ട്രെയിനില്‍ ടിക്കറ്റ് കിട്ടാറില്ല. പരിചയക്കാരനായ റയില്‍വേ ക്ലാര്‍ക്ക് ശ്യാംലാലിനെ സ്വാധീനിച്ച് മലയാളികള്‍ക്ക് ടിക്കറ്റ് തരപ്പെടുത്തികൊടുക്കാന്‍ പണിക്കര്‍ ശ്രദ്ധിച്ചിരുന്നു. അങ്ങിനെയിരിക്കയാണ് ആഗ്രക്ക് ആളുകളെ ബസ്സില്‍കൊണ്ടുപോയാലോ എന്ന ചിന്ത വന്നത്. ഞായറാഴ്ച ആഗ്രക്ക് ബസ് പുറപ്പെടും എന്ന് പേപ്പറില്‍ എഴുതി കോഫി ഹൗസിന്റെ മുന്നില്‍ പതിച്ചു. രണ്ടുദിവസം കൊണ്ട് ഒരു ബസ്സിനുള്ള ആളുകളായി. വാടകയ്ക്ക് ബസ് എടുത്ത് എല്ലാവരേയും ആഗ്രയിലേക്ക് കൊണ്ടുപോയി. ചെറിയൊരു ലാഭം കിട്ടി. 1968 ലായിരുന്നു ഇത്. ആഴ്ചയില്‍ ഒന്ന് എന്നത് പിന്നീട് എല്ലാ ദിവസവും എന്നായി. ബസ്സ് വാടകയ്ക്ക് എടുക്കുകയായിരുന്നു. 10 വര്‍ഷത്തിനുശേഷമാണ് സ്വന്തമായി ബസ്സ് വാങ്ങിയത്. ഇപ്പോള്‍ നൂറിലേറെ ബസ്സുകളാണ് പണിക്കേഴ്‌സ് ട്രാവല്‍സിന് സ്വന്തമായിട്ടുള്ളത്. രാമചന്ദ്രപണിക്കര്‍ ദല്‍ഹിയുടെ സ്വന്തം പണിക്കരു ചേട്ടനായി. ഏകമകന്‍ ബാബുവിനെ ബിസിനസിന്റെ ചുമതല മുഴുവന്‍ നല്‍കി അമ്പലപ്പുഴയില്‍ അവസാനകാലം കഴിയാന്‍ ആഗ്രഹിച്ച് ദല്‍ഹി വിടുകയായിരുന്നു ഇ. രാമചന്ദ്രപണിക്കര്‍ എന്ന ഇആര്‍സി പണിക്കര്‍. പണിക്കേഴ്‌സ് ട്രാവല്‍സ് ഇല്ലായിരുന്നെങ്കില്‍ മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ താജ്മഹലോ ഹരിദ്വാരോ ഋഷികേശോ ബദരീനാഥോ കേദാര്‍നാഥോ കുളുമണാലിയോ കാണുമായിരുന്നോ എന്നത് സംശയമാണ്. സാധാരണക്കാരന് തന്റെ  കീശയിലൊതുങ്ങുന്ന നിരക്കില്‍ ഈ സ്ഥലങ്ങളിലേയ്ക്ക് യാത്രാസൗകര്യം ഒരുക്കിയതാണ് പണിക്കേഴ്‌സ് ട്രാവല്‍സ് ചെയ്ത ഏറ്റവും വലിയ സേവനം. അച്ഛന്‍ തെളിച്ച മാര്‍ഗ്ഗത്തിലൂടെതന്നെ മുന്നേറി ഏറെ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുകയായിരുന്നു ബാബു. അച്ഛന്‍ കഠിനാധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും ഉയര്‍ത്തികൊണ്ടുവന്ന സ്ഥാപനത്തെ യശസ്സിന്റെ ഗിരിശൃംഗത്തിലേയ്ക്ക് നയിക്കാന്‍ പ്രാപ്തനാണെന്ന് ബാബു തെളിയിച്ചു. 100ലധികം ബസ്സുകളും മറ്റു വാഹനങ്ങളുമായി വ്യവസായം വളര്‍ന്ന് ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളുമായി അനുബന്ധ വ്യവസായങ്ങള്‍ വികസിച്ചു. ഏറ്റവും നല്ല ട്രാവല്‍സിനുള്ള ദേശീയ പുരസ്‌കാരം ഒന്നിലേറെ തവണ കിട്ടി.  ദല്‍ഹിയില്‍ വിനോദയാത്ര എന്നു ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന പേര് പണിക്കേഴ്‌സ് എന്നായി. എന്നാല്‍ ബാബു പണിക്കരെ ജനങ്ങള്‍ അംഗീകരിക്കുന്നതും അറിയുന്നതും സ്‌നേഹിക്കുന്നതും വിജയിച്ചുകൊണ്ടിരിക്കുന്ന വ്യവസായ പ്രമുഖന്‍ എന്ന നിലയ്ക്കല്ല. എല്ലാ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും തങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു നല്ല മനുഷ്യന്‍ എന്ന നിലയ്ക്കാണ്. മലയാളികളുടെ എല്ലാ സംരംഭത്തിലും ബാബു പണിക്കര്‍ ഉണ്ടാകും. അടുത്തയിടെ ദല്‍ഹി സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള വനിതാ അഭിഭാഷകസംഘത്തിന് സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് വീട്ടില്‍ സല്‍ക്കാരം നല്‍കി. യാത്ര പണിക്കേഴ്‌സ് ട്രാവല്‍സിലാണെന്ന് പറഞ്ഞപ്പോള്‍ ജഡ്ജിയുടെ മറുപടി ”നന്നായി. ഏറ്റവും വിശ്വസിക്കാവുന്ന ട്രാവല്‍സാണ്. ഉടമ ബാബു പണിക്കര്‍ വളരെ നല്ല മനുഷ്യനും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ നേരിട്ടു പറഞ്ഞാല്‍ മതി” പണിക്കേഴ്‌സ് ട്രാവല്‍സിനും ബാബുവിനും സമൂഹം നല്‍കുന്ന സ്ഥാനത്തിന്റെ പ്രതിഫലനമായിരുന്നു സുപ്രീംകോടതി ജഡ്ജിയുടെ വാക്കുകള്‍. 60 വയസ്സുവരെ ബിസിനസ്സ് നോക്കി നടത്തുക. അതുകഴിഞ്ഞ് അച്ഛനെപോലെ നാട്ടിലേക്ക് മടങ്ങുക എന്ന നയം ബാബു പറയുമ്പോഴും അത് സാധ്യമോ എന്ന  സംശയം ബാക്കി. ഏക മകള്‍ പാര്‍വതി കേരളത്തില്‍ ധനലക്ഷ്മി ബാങ്കില്‍. (കോടികളുടെ ഉടമയാണെങ്കിലും മകളെ ജോലിക്ക് വിടുന്നതുതന്നെ മാതൃകാപരം). മരുമകന്‍ ശരത്ചന്ദ്രന്‍ അമൃത ആശുപത്രിയില്‍ ഡോക്ടറും. ഭാര്യ ദേവിപ്രിയയ്‌ക്കൊപ്പം ദല്‍ഹിയില്‍ കഴിയുന്ന ബാബു പണിക്കര്‍ മകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകട്ടെ എന്ന ചിന്തയിലാണ്.

No comments:

Post a Comment