Monday, June 15, 2015

അമേരിക്കയിലെ സര്‍വകലാശാലകളുടെ മലയാളി അധിപന്‍

അമേരിക്കയിലെ സര്‍വകലാശാലകളുടെ മലയാളി അധിപന്‍

 പി. ശ്രീകുമാര്‍


പാരമ്പര്യം നോക്കിയാല്‍ ഹരിപ്പാട് ചിങ്ങോലി കാട്ടുപറമ്പില്‍ മന്മഥന്‍ നായര്‍ അദ്ധ്യാപകനാകേണ്ടയാളാണ്. അച്ഛന്‍ ഗോപാലപിള്ള പ്രശസ്തനായ സ്‌കൂള്‍ അദ്ധ്യാപകന്‍. അമ്മ സരസ്വതിയമ്മയുടെ അച്ഛനും അദ്ധ്യാപകന്‍. സഹോദരിയും അദ്ധ്യാപിക. ജീനില്‍ അദ്ധ്യാപനം പേറുന്ന മന്മഥനും പഠനത്തിനുശേഷം പഠിപ്പിക്കലിലാണ് ശ്രദ്ധവെച്ചത്. ചിങ്ങോലിയിലെ എസ്എച്ച് പാരലല്‍ കോളജിലെ മിടുക്കനായ ഫിസിക്‌സ് അദ്ധ്യാപകനായിരുന്നു, ഇഷ്ടവിഷയമായ ഫിസിക്‌സിനു പുറമെ ഇംഗ്ലീഷ് ഉള്‍പ്പെടെ പല വിഷയങ്ങളും പകര്‍ന്നു നല്‍കുമായിരുന്നു. ഫിസിക്‌സില്‍ ബിരുദവും എല്‍എല്‍ബിയും ഉള്ള മന്മഥന്‍ ഏഴുവര്‍ഷത്തെ അദ്ധ്യാപന ജീവിതവും ചെറിയനാളത്തെ അഭിഭാഷകവൃത്തിയും ഉപേക്ഷിച്ചാണ് അമേരിക്കയിലേക്ക് വിമാനം കയറിയത്. അവിടെ അദ്ധ്യാപനം ആയിരുന്നില്ല തൊഴില്‍. പക്ഷേ ഇന്ന് മന്മഥന്‍ നായര്‍, സര്‍വകലാശാലകളുടെ അധിപനാണ്. അതും മെഡിക്കല്‍ സര്‍വകലാശാലകളുടെ. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി മൂന്ന് മെഡിക്കല്‍ സര്‍വകലാശാലകളാണ് മന്മഥന്‍ നായര്‍ക്ക് സ്വന്തമായുള്ളത്. പരിചയത്തിലുള്ള രാധയെ കല്ല്യാണം കഴിച്ചതാണ് അമേരിക്കയിലേക്ക് പോകാനുള്ള നിമിത്തം. രാധയുടെ കുടുംബം അപ്പോഴേ യുഎസിലെ ഡാലസില്‍ സ്ഥിരതാമസക്കാരാണ്. അമേരിക്കയിലെത്തി ആദ്യം ഐടിയില്‍ പിജി ചെയ്തു. ഏഴു വര്‍ഷം ഒരു റീട്ടെയില്‍ മാര്‍ക്കറ്റിങ് കമ്പനിയില്‍ ഐടി മാനേജരായി. ജോലിക്കപ്പുറം സ്വന്തമായൊരു ബിസിനസ് എന്ന ചിന്തയോടെ ആരോഗ്യ സുരക്ഷാ മേഖലയിലായിരുന്നു തുടക്കം. ചികിത്സാച്ചെലവുകള്‍ താങ്ങാവുന്നതിലധികമായ അമേരിക്കയില്‍, വിരമിച്ചവരുടെ പരിചരണത്തിനും ചികില്‍സാ സഹായത്തിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഹെല്‍ത്ത് ഹോമുകള്‍. അത് വലിയൊരു പ്രസ്ഥാനമായി. ഇന്ന് അത്തരം മൂന്നു സ്ഥാപനങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു. ഒന്നരപ്പതിറ്റാണ്ടിനിടെ പതിനായിരത്തിലേറെപ്പേര്‍ക്കാണ് ഈ സ്ഥാപനങ്ങളിലൂടെ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭിച്ചത്. രാധയാണു മൂന്നിന്റെയും ചുമതലക്കാരി. നൂറിലേറെ മെഡിക്കല്‍ ജീവനക്കാരുണ്ട്. ആരോഗ്യ സംരക്ഷണത്തില്‍നിന്നാണ് ആരോഗ്യ വിദ്യാഭ്യാസത്തിലേക്ക് വന്നത്. കടമ്പകള്‍ ഏറെ കടക്കാനുണ്ടായിരുന്നു. സ്ഥിരോല്‍സാഹവും കഠിനാധ്വാനും കാഴ്ചാപ്പാടും കൊണ്ട് അതൊക്കെ അതിജീവിച്ചു. അമേരിക്കയിലെ ലൈസന്‍സിങ് കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ ചട്ടപ്രകാരം, സംഘങ്ങള്‍ക്കേ അമേരിക്കയില്‍ മെഡിക്കല്‍ കോേളജ് ആശുപത്രി നടത്താനാവൂ. അതിനാലാണ് തിയറി പഠനത്തിന് വെസ്റ്റ് ഇന്‍ഡീസില്‍ സ്ഥാപനം തുടങ്ങിയത്. അങ്ങനെ 2003 ല്‍ വെസ്റ്റ് ഇന്‍ഡീസിലെ സെന്റ് ലൂഷ്യ ദ്വീപ് കേന്ദ്രമായി ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി രജിസ്റ്റര്‍ 1െചയ്തു. സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ അവിടത്തെ പ്രധാനമന്ത്രി ഡോ. കെന്നത്ത് ആന്റണി അടക്കമുണ്ട്! നാല്‍പതോളം അധ്യാപകരും മുന്നൂറ്റി അന്‍പതോളം ജീവനക്കാരും ഈ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്നു. ഡാളസില്‍നിന്നു സെന്റ് ലൂഷ്യ ദ്വീപിലേക്കു മൂന്നു മണിക്കൂര്‍ പറക്കല്‍ മാത്രം. പ്രാക്ടിക്കല്‍ ക്ലാസുകള്‍ യുഎസിലെ 14 സ്‌റ്റേറ്റുകളിലുള്ള 25 ആശുപത്രികളിലായി നടത്തുന്നു. 500 വിദ്യാര്‍ഥികളുണ്ട് ഈ മെഡിക്കല്‍ കോളജില്‍. 2011 ല്‍ വെസ്റ്റ് ഇന്‍ഡീസിലെതന്നെ സെന്റ് വിന്‍സെന്റ് ദ്വീപ് കേന്ദ്രമായി മറ്റൊരു മെഡിക്കല്‍ കോളജ് തുടങ്ങിഅമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് വിന്‍സെന്റ്. 100 വിദ്യാര്‍ഥികളുള്ള ഈ സ്ഥാപനത്തില്‍ 15 ശതമാനവും മലയാളികളാണ്. രണ്ടു സ്ഥാപനങ്ങളിലെയും കോഴ്‌സുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാമതൊരു മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിനുകൂടി മന്മഥന്‍ തുടക്കമിട്ടു. സൗത്ത് വെസ്റ്റ് കിങ്സ്റ്റണ്‍ യൂണിവേഴ്‌സിറ്റി എന്ന ഈ സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ മാത്രം. പരീക്ഷകളും ഓണ്‍ലൈന്‍ തന്നെ. മന്മഥന്‍ നായര്‍ പ്രസിഡന്റും സിഇഒയുമായാണു സര്‍വകലാശാലകളുടെ പ്രവര്‍ത്തനം. മെഡിക്കല്‍ സര്‍വകലാശാലകളുടെ അധിപന് മെഡിക്കല്‍ ബിരുദമില്ലെന്ന കുറവ് മക്കളിലൂടെ മന്മഥന്‍ നായര്‍ തീര്‍ത്തു. മക്കള്‍ മനീഷും ആശയും ഡോക്ടര്‍മാര്‍. മനീഷിന്റെ ഭാര്യ ധന്യയും ആശയുടെ ഭര്‍ത്താവ് പ്രജിത്തും ഡോക്ടര്‍മാരാണ്. ആശ മികച്ചൊരു നര്‍ത്തകികൂടിയാണ്. ഈ നവരാത്രി നാളുകളില്‍ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ആശ വഴിപാടായി നടത്തിയ നൃത്ത സംഗീത സന്ധ്യകള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബിസിനസ്സില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനൊപ്പം സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമാണ് മന്മഥന്‍ നായര്‍. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ആരംഭം മുതല്‍ സജീവ അംഗമായ മന്മഥന്‍ നായര്‍ 1996 ല്‍ ഫൊക്കാനയുടെ പ്രസിഡന്റായി. മുഖ്യമന്ത്രി (നായനാര്‍) പങ്കെടുക്കുന്ന ഏക ഫൊക്കാന കണ്‍വന്‍ഷനായിരുന്നു അത്. 2001 ല്‍ കൊച്ചിയില്‍ നടന്ന ഫൊക്കാന സമ്മേളനത്തിന്റെ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. ഇപ്പോള്‍ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാനാണ്. അമേരിക്കയിലെ ഹിന്ദു മലയാളി കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ പ്രഥമ പ്രസിഡന്റും മന്മഥന്‍ നായരായിരുന്നു. പുതിയ ആശയങ്ങള്‍ കണ്ടെത്തുക, അവ ആവിഷ്‌ക്കരിക്കാന്‍ കഠിനാധ്വാനം ചെയ്യുക; മന്മഥന്റെ വിജയരഹസ്യം അതാണ്. അമേരിക്കയില്‍ സര്‍വകലാശാല എന്നത് അത്തരത്തിലൊന്നു മാത്രം. മിടുക്കരായ 100 കുട്ടികളെ തിരഞ്ഞെടുത്ത് മികച്ച വിദ്യാഭ്യാസപരിശീലനം നല്‍കുന്ന പദ്ധതിയെക്കുറിച്ച് എന്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍ എസ്എസ് ആരംഭിച്ച ഐഎഎസ് അക്കാദമി മന്മഥന്റെ ആശയത്തിന്റെ ആവിഷ്‌ക്കാരമാണെന്നു വേണമെങ്കില്‍ പറയാം. മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ചാനലുകളില്‍ അക്കാദമിക് എക്‌സലന്‍സ് റിയാലറ്റി ഷോ എന്നതാണ് മന്മഥന്റെ പുതിയ ആശയം. ഇതിന് ചാനലുകള്‍ മുന്നോട്ടുവന്നാല്‍ പിന്തുണയ്ക്ക് അദ്ദേഹം തയ്യാറാണ്. ആത്മീയത വിട്ടൊരു കാര്യം മന്മഥന്റെ ജീവിതത്തിലില്ല. ഡാളസിലേയും ഹരിപ്പാട്ടേയും വീടുകള്‍ സര്‍വം ഈശ്വര ചൈതന്യമയം. ഡാളസിലെ വീട്ടില്‍ മാസത്തിലൊരിക്കല്‍ ഗണപതി പൂജ നിര്‍ബന്ധം. ചെട്ടികുളങ്ങര കുത്തിയോട്ടം, ആറന്മുള വള്ളസദ്യ എന്നിവയൊക്കെ ഒന്നിലധികം തവണ നടത്താന്‍ മന്മഥന്‍ നായരെ പ്രേരിപ്പിക്കുന്നതും ആത്മീയതുടെ അടിത്തറയാണ്.

No comments:

Post a Comment