Thursday, October 22, 2020

 


മ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് കാല് കുത്താന്‍ മടിച്ച മണ്ണായിരുന്നു ശിവഗിരി. ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് നിഷേധിച്ചു. കാരണം വ്യക്തമാക്കി ദേശാഭിമാനിയില്‍ ലേഖനവും എഴുതി.

ശിവഗിരിയില്‍ ചെന്നാല്‍ ശ്രീനാരായണന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നു പറയേണ്ടി വരുമെന്നതുകൊണ്ടാണ് പോകാതിരുന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഗുരുവിനെ ദൈവമായി കരുതുന്ന ശിവഗിരിയിലെ സന്ന്യാസ സമൂഹത്തോട് ബഹുമാനമില്ലെന്നും പറഞ്ഞു. ശ്രീനാരായണനും കുമാരനാശാനും ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നുവെന്നും നമ്പൂതിരിപ്പാട് ദേശാഭിമാനി പത്രത്തിലെഴുതി.

ശ്രീനാരായണഗുരുദേവനെകുറിച്ചുള്ള നമ്പൂതിരിപ്പാടിന്റെ കേവലം ഒരു സന്ദര്‍ഭത്തിലുള്ള പ്രതികരണം മാത്രമായിരുന്നില്ല ഇത്. ഹൈന്ദവസമൂഹത്തേയും സംസ്‌കാരത്തേയും ബൂര്‍ഷ്വാരീതിയില്‍ നവീകരിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ ജ്യോതിറാവുഫുെലയുടെയും കേരളത്തില്‍ ശ്രീനാരായണന്റെയും പ്രസ്ഥാനത്തേയും വിലയിരുത്തേണ്ടത് (ഇഎംഎസ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം) എന്നും അദ്ദേഹം ഗുരുദേവനെ വിലയിരുത്തി. ശ്രീനാരായണനെ തുടര്‍ന്നുവന്ന സന്യാസിമാരും ചുരുക്കം ചില ഭക്തരുമൊഴിച്ച് ഈഴവരില്‍ തന്നെ അധികമാരും സ്വാമികളുടെ സന്ന്യാസജീവിതത്തെ ആദര്‍ശമായി എടുക്കുന്നില്ല (ഇഎംഎസ്, കേരളം മലയാളികളുടെ മാതൃഭൂമി) എന്ന് സങ്കുചിതമായി ഗുരുദേവനെ അവതരിപ്പിക്കാനായിരുന്നു നമ്പൂതിരിപ്പാട് ശ്രമിച്ചത്. നമ്പൂതിരിപ്പാടിന്റെ ഗുരുവിനെ കുറിച്ചുള്ള താത്വിക അവലോകനങ്ങളാണ് പിന്നീട് ആഗോളീകരണകാലത്തും നവ കമ്മ്യൂണിസ്റ്റുകള്‍ പിന്‍തുടര്‍ന്നത്. ഇഎംഎസ് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാമത്തെ ബുദ്ധിജീവി പട്ടമുള്ള പി. ഗോവിന്ദപിള്ളയും ഇഎംഎസ്സിനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. നവോത്ഥാന മുന്നേറ്റ ചരിത്രത്തില്‍ നിന്ന് ശ്രീനാരായണഗുരുദേവനെ റദ്ദുചെയ്യാനുള്ള ആസൂത്രിത നീക്കമാണ് കമ്മ്യൂണിസ്റ്റ് ചിന്തകര്‍ നടത്തിയത്.

നിയമസഭയില്‍ ഉമേഷ് ചള്ളിയില്‍ ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ 'ശ്രീനാരായണഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കുട്ടിച്ചാത്തനില്‍ വിശ്വസിച്ച് സത്യപ്രതിജ്ഞ ചെയ്യലാണ്'. എന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചത് അതിനാലാണ്. ശിവഗിരി തീര്‍ത്ഥാടന ദിവസം മതില്‍ കെട്ടിയും ചതയദിനം കരിദിനമാക്കിയുമാണ് കമ്മ്യൂണിസ്റ്റുകള്‍ 'ഗുരുഭക്തി' പ്രകടിപ്പിച്ചത്. ശ്രീനാരായണ ഗുരുവിനെ ചവിട്ടിത്താഴ്ത്തിയ ധിക്കാരത്തെ ധീരതയായി കൊണ്ടാടിയ സിപിഎം ഇപ്പോള്‍ ഗുരുവിന് സ്തുതിപാടുന്നത് ആത്മാര്‍ത്ഥമായ സമീപനമല്ലെന്ന് മലയാളികള്‍ തിരിച്ചറിയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയും നട്ടെല്ലുമായ ശ്രീനാരായണീയര്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതിന്റെ വേവലാതി ഒന്നു മാത്രമാണ് നവഗുരുഭക്തിക്ക് കാരണം എന്ന അറിയാന്‍ പാഴൂര്‍ പടിവരെ പോകേണ്ടതില്ല.

ശ്രീനാരായണഗുരു സ്നേഹത്തിന്റെ ആത്മാര്‍ത്ഥതയില്ലായ്മയുടെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്തെ ശ്രീനാരായണഗുരു പ്രതിമ സ്ഥാപനവും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല പ്രഖ്യാപനവും. കേരളം മാര്‍ക്സില്‍ നിന്ന് മഹര്‍ഷിയിലേക്ക് എന്ന് പ്രവചിച്ച പി പരമേശ്വരന്റെ വാക്കുകള്‍ക്ക് ദര്‍ശന സ്വാഭാവമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു 'ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കും' എന്ന സര്‍ക്കാര്‍ തീരുമാനം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വന്തം ചെലവില്‍ നിര്‍മ്മിക്കുന്ന പ്രതിമ മാര്‍ക്സിന്റേതല്ല, മറിച്ച് ഗുരുദേവന്റേതാണ്. അധികാരത്തിലെത്തിയ ഉടന്‍ പിണറായി പ്രഖ്യാപിച്ച പ്രതിമ സ്ഥാപനം ഭരണം ഒഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഓര്‍മ്മ വന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്ന് കേരളത്തിന് തിരിച്ചറിയാനാവും. അപൂര്‍ണ്ണമായ പ്രതിമ സ്ഥാപനത്തിനെതിരെ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ രംഗത്തു വന്നത് ഈ സാഹചര്യത്തിലാണ്. പ്രതിമ പീഠത്തിലാക്കണമെന്ന ശിവഗിരി മഠത്തിന്റെ ആവശ്യം പോലും തള്ളിക്കളഞ്ഞാണ് ഇടതു സര്‍ക്കാര്‍ ഗുരുദേവനെ അനാദരിച്ചത്. അനാച്ഛാദന ചടങ്ങിലേക്ക് എസ് എന്‍ ഡി പിയുടേയോ ശിവഗിരി മഠത്തിന്റേയോ പ്രതിനിധികളെ പങ്കെടുപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥികളെ ഒഴിവാക്കി. സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ല എന്നതാണ് പറയുന്ന ന്യായം. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സ്റ്റാമ്പ് ഇറക്കുന്ന ചടങ്ങില്‍ എസ്എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ പങ്കെടുപ്പിച്ചിരുന്നു.

നവോത്ഥാന മുന്നേറ്റ ചരിത്രത്തില്‍ നിന്ന് ശ്രീനാരായണ ഗുരുദേവനെ റദ്ദുചെയ്യാനുള്ള ആസൂത്രിത നീക്കമാണ് കമ്മ്യൂണിസ്റ്റ് ചിന്തകര്‍ നടത്തിയത്‌

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള നിയമനം ശ്രീനാരായണീയരെ അപമാനിക്കുന്നതിന് തുല്യമാണ്. യോഗം ജനറല്‍ സെക്രട്ടറിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അത് കണ്ണില്‍ കുത്തലാണ്. ഈഴവ സമുദായത്തെ സര്‍ക്കാര്‍ ചതിച്ചെന്നും അധ:സ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്ന് ആട്ടിയകറ്റുന്ന പതിവ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു എന്നുമൊക്കെ സര്‍ക്കാറിനു വേണ്ടി സാംസ്‌ക്കാരിക മതില്‍ പണിയാന്‍ ഒപ്പം കൂടിയ ആള്‍ക്ക് പറയേണ്ടി വന്നു.

തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ചപ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ സര്‍വ്വകലാശാലയ്ക്ക് ലഭിക്കുമോ എന്ന് ശ്രമിച്ച സിപി രാമസ്വാമി അയ്യരാണ് കേരളത്തിലുണ്ടായിരുന്നത്. പുതിയ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ശ്രീനാരായണീയന്‍ ആകാതിരുന്നതല്ല കുഴപ്പം. ആക്കാമായിരുന്നു എന്നതാണ്; നിയമമിെല്ലങ്കിലും അത് രാജ്യത്തെ മര്യാദയായിരുന്നു.

അലിഗഢ് മുസ്ലിം സര്‍വ്വകലാശാല രാജ്യത്തെ മികച്ച ഉന്നത കലാലയങ്ങളിലൊന്നാണ്. യു.ജി.സി അംഗീകാരമുള്ള കേന്ദ്ര സര്‍വ്വകലാശാല. മുസ്‌ലിം സമുദായ പരിഷ്‌കര്‍ത്താവായിരുന്ന സയ്യിദ് അഹമ്മദ് ഖാന്‍ 1875ല്‍ സ്ഥാപിച്ച അലിഗഢിലെ മൊഹമ്മദന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് 1920ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആക്ട് പ്രകാരം അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയായി മാറിയത്. 

1920 മുതല്‍ ഇതുവരെ സര്‍വകലാശാലയ്ക്ക് 21 വൈസ് ചാന്‍സലര്‍മാര്‍ ഉണ്ടായി. ആദ്യ വൈസ് ചാന്‍സലര്‍ മുഹമ്മദ് അലി മുഹമ്മദ് ഖാന്‍ തുടങ്ങി ഇപ്പോഴത്തെ വി സി പ്രൊഫ. താരീഖ് മന്‍സൂര്‍ വരെ എല്ലാവര്‍ക്കും ഒരു പ്രത്യേകതയുണ്ട്. എല്ലാവരും മുസ്ലിങ്ങള്‍. ജനാധിപത്യ രാജ്യത്ത് മതേതര സര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ മേധാവി ഒരു മതത്തില്‍ പെട്ടവര്‍ മാത്രം ആകുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ല. അതൊരു മാന്യതയും മര്യാദയും മാത്രം.

ഒമാനിലെ ഒരു സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഡോ. മുബാറക് പാഷയെ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വി സിയായി നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരന്‍, മുഖ്യമന്ത്രിയുടെ മരുമകന്റെ ബന്ധു എന്നീ 'യോഗ്യതകള്‍' മാത്രമാണ് വിസി നിയമനത്തിന്റെ അവശ്യയോഗ്യതയായി പരിഗണിക്കപ്പെട്ടത്. വൈസ് ചാന്‍സ്‌ലര്‍ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ പത്ത് വര്‍ഷം പ്രൊഫസര്‍ എന്ന നിലയില്‍ അധ്യാപന പരിചയം വേണമെന്നാണ് യുജിസി മാനദണ്ഡം. ഡോ. മുബാറക്ക് പാഷ സ്വകാര്യകോളജില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു.മൂന്ന് വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറുമായി. ഇപ്പോള്‍ ഒമാനിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിലാണ് ജോലി. 10 വര്‍ഷം പ്രൊഫസറായി പ്രവര്‍ത്തിക്കുകയോ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. സര്‍വകലാശാലക്ക് യുജിസി അംഗീകാരം കിട്ടിയിട്ടില്ലാത്തതിനാല്‍ കുഴപ്പമില്ലെന്ന ന്യായമാണ് പറയുന്നത്. അംഗീകാരത്തിനായി യുജിസിക്ക് അപേക്ഷ പോലും കൊടുത്തിട്ടില്ല. പിന്നെ എന്തിന് തട്ടികൂട്ടി സര്‍വകലാശാല രൂപീകരിച്ചു. ശ്രീനാരായണ ദര്‍ശനവുമായി പുലബന്ധം പോലുമില്ലാത്ത പ്രവാസിയെ നിയമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് രണ്ടു കാര്യം. പേര് നല്‍കി ശ്രീനാരായണീയരേയും നിയമനം നടത്തി മുസ്‌ലീങ്ങളേയും പ്രീണിപ്പിക്കുക. ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തി വേണമോ മുസ്‌ലീങ്ങളുടെ മനം കവരാന്‍ എന്ന ചോദ്യമാണ് ഉയരുന്നത്.

പി. പരമേശ്വരന്‍ പറഞ്ഞത് ഈയവസരത്തില്‍ കേരളം ഓര്‍ക്കേണ്ടതുണ്ട്. ''കേരളത്തിന്റെ മനഃസാക്ഷിയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. മനഃസാക്ഷി മരിച്ചു പോയിരിക്കുന്നു. ഗുരുനിന്ദയോളം വലിയ പാതകമില്ല. അതാണ് നാം ചെയ്തത്. അതില്‍ നിന്ന് മോചനം വേണമെങ്കില്‍ പ്രായശ്ചിത്തം ചെയ്തേ പറ്റു. പശ്ചാത്തപിച്ചേ പറ്റു. തെറ്റുകള്‍ തിരുത്തിയേ പറ്റു. ഗുരുദേവനിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ സ്രഷ്ടാവാണ് ഗുരുദേവന്‍. കേരളത്തിന്റെ പ്രവാചകനാണ് ഗുരുദേവന്‍. ഗുരുദേവനെ തള്ളിപ്പറഞ്ഞുകൊണ്ട് കേരളത്തിന് വളരാന്‍ സാധ്യമല്ല. ഇന്ന് ശ്രീനാരായണ പ്രസ്ഥാനവും ശ്രീനാരായണ സമൂഹവും വഴിത്തിരിവിലാണ്. അവര്‍ സ്വയം നിര്‍ണ്ണയാവകാശം വീണ്ടെടുക്കണം. മതസൗഹാര്‍ദ്ദത്തോടെ ജാതി ഭേദമില്ലാത്ത ഒരു കേരളീയ സമൂഹം, ഒരു കേരള മോഡല്‍ സൃഷ്ടിക്കാന്‍ ഗുരുദേവന്‍ അനുഗ്രഹിച്ച ശ്രീനാരായണ സമൂഹത്തിന് കഴിവുണ്ട്. അവകാശമുണ്ട്. ബാധ്യതയുണ്ട്. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍നിന്നും ആധ്യാത്മികതയുടേയും ശ്രീനാരായണ സന്ദേശങ്ങളുടേയും ശീതളഛായയിലേക്ക് മടങ്ങിവരാന്‍ ശ്രീനാരായണ സമൂഹത്തിനുള്ള അവസരമാണിത്. ഗുരുദേവന്റെ പ്രതിമ വെച്ചതു കൊണ്ടു മാത്രമായില്ല. തകര്‍ത്തതു കൊണ്ടുമായില്ല. ഗുരുദേവന്റെ ജീവത്തായ സന്ദേശം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്''

No comments:

Post a Comment