Thursday, October 22, 2020

രണ്ടു തവണ ഭരിച്ച 'വിഗ്' പാര്‍ട്ടി; 29 ലക്ഷം വോട്ടിന് പിന്നിലായിട്ടും ട്രംപ് പ്രസിഡന്റായി; അറിയാനേറെയുള്ള അമേരിക്കന്‍ തെരഞ്ഞെടുപ്പ്

 


അമേരിക്കയില്‍ രണ്ടു പാര്‍ട്ടികള്‍ മാത്രം.റിപ്പബ്ലിക്കനും ഡെമോക്രാറ്റും.എന്തുകൊണ്ട്? 16-ാമത് പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണാണ് ആദ്യ റിപ്പബ്ലിക്കന്‍ പ്രസിഡന്റ്. അതിനു മുമ്പ് ജോര്‍ജ് വാഷിങ്ടണ്‍ മുതല്‍ 15 പേരും ഡെമോക്രാറ്റുകളായിരുന്നോ? റിപ്പബ്ലിക്കന്‍ പാര്‍ട്ടി യാഥാസ്ഥിതികരുടേയും ഡെമോക്രാറ്റിക് പാര്‍ട്ടി പുരോഗമനവാദികളുടേയും പാര്‍ട്ടിയാണോ. ജോര്‍ജ് വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള ആദ്യകാല പ്രസിഡന്റുമാര്‍ പുരോഗമനവാദികളും എബ്രഹാം ലിങ്കണ്‍ യാഥാസ്ഥിതികനും. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങള്‍ നേരിട്ടോ. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെകുറിച്ച് സാധാരണ ഉയരുന്ന സംശയമാണിതൊക്കെ.

ജോര്‍ജ് വാഷിങ്ടണ്‍, റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ ആയിരുന്നില്ല. ഈ രണ്ടു പാര്‍ട്ടികള്‍ മാത്രമല്ല അമേരിക്ക ഭരിച്ചിട്ടുള്ളത്. ഫെഡറലിസ്റ്റ് പാര്‍ട്ടിയും വിഗ് പാര്‍ട്ടിയും ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രസിഡന്റ് പദത്തിലെത്തിയിട്ടുണ്ട്. എബ്രഹാം ലിങ്കണ്‍ റിപ്ലബ്ലിക്കുകള്‍ക്ക് സര്‍വ്വ സ്വീകാര്യനുമല്ലായിരുന്നു.

ജോർജ്ജ് വാഷിംഗ്ടൺ ഏതുപാർട്ടി?

ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനി വാഴ്ച്ചയ്ക്കെതിരെ ഏഴു വര്‍ഷം രക്തരൂഷിതമായി പോരാടിയാണ് അമേരിക്ക സ്വാതന്ത്ര്യം പ്രാപിച്ചത്.  അമേരിക്കന്‍ ഐക്യനാട് 1787ല്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ജോര്‍ജ് വാഷിങ്ടണായിരുന്നു പ്രസിഡന്റായി. എതിരില്ലാതെയാണ് വാഷിങ്ടണ്‍ പ്രസിഡന്റായത്. സ്വാതന്ത്ര്യം കിട്ടിയശേഷവും ബ്രിട്ടീഷുകാരോട് കൂറുപുലര്‍ത്തുന്നവരും അല്ലാത്തവരുമായ രണ്ടു മുഖ്യധാര ഉണ്ടായിരുന്നു. ഫെഡറലിസ്റ്റുകളെന്നും ഡെമോക്രാറ്റിക് റിപബ്ലിക്കുകളെന്നും  അറിയപ്പെട്ടു. വാഷിങ്ടണ്‍ മന്ത്രിസഭയിലെ ധനമന്ത്രിയായ ഹാമില്‍ട്ടണും സ്റ്റേറ്റ് സെക്രട്ടറിയായ തോമസ് ജഫേഴ്സണുമായിരുന്നു ഈ രണ്ടു രാഷ്ട്രീയ ധാരയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. വാഷിങ്ടണും മനസ്സുകൊണ്ട് ഫെഡറലിസ്റ്റുകളോടായിരുന്നു താല്‍പര്യം. പക്ഷെ ഇരുകൂട്ടരും അദ്ദേഹത്തെ പിന്തുണച്ചു. സമ്പന്ന വര്‍ഗ്ഗം ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകളെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന അരാജകവാദികളായി കണ്ടു. സാമ്രാജ്യത്വവുമായി ഗൂഢാലോചന നടത്തുന്നവരായിട്ടാണ് കൃഷിക്കാരും ഇടത്തരക്കാരും ഫെഡറലിസ്റ്റുകളെ കണ്ടത്. കറുത്ത വര്‍ഗ്ഗക്കാര്‍ ജനാധിപത്യ പ്രക്രിയയുടെ ഏഴ് അയലത്തു പോലുമില്ലായിരുന്നു.

ഫെഡറലിസ്റ്റ് പാര്‍ട്ടി, 'വിഗ്' പാര്‍ട്ടി 

മൂന്നാം തവണ പ്രസിഡന്റാകാന്‍ വാഷിങ്ടണ്‍ വിസമ്മതിച്ചപ്പോള്‍ ഫെഡറലിസ്റ്റുകളും ഡെമോക്രാറ്റിക് റിപബ്ലിക്കുകളും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 1896ല്‍ ഫെഡറലിസ്റ്റുകള്‍ക്കായിരുന്നു ജയം. അടുത്ത തിരഞ്ഞെടുപ്പില്‍ ഫെഡറലിസ്റ്റ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ഡെമോക്രാറ്റിക് റിപബ്ലിക്കുകള്‍  അധികാരം പിടിച്ചെടുത്തു. ജനാധിപത്യത്തേയും കാര്‍ഷിക സമ്പദ് വ്യവസ്ഥയേയും എതിര്‍ത്ത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി രൂപംകൊണ്ട ഫെഡറലിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞുകൊണ്ടിരുന്നു

തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ഫെഡറലിസ്റ്റ് സ്ഥാനാര്‍ത്ഥിക്കെതിരെ ഡെമോക്രാറ്റിക് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ വലിയ വിജയം നേടി ജയിച്ചു കയറി. 1820 ല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ഫെഡറലിസ്റ്റുകള്‍ക്കായില്ല. ആ പാര്‍ട്ടി ഇല്ലാതായി എന്നു തന്നെ പറയാം. ഡെമോക്രാറ്റിക് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മൂന്ന് പേര്‍ പരസ്പരം മല്‍സരിച്ച തെരഞ്ഞൈടുപ്പായിരുന്നു അത്. ഡെമോക്രാറ്റിക് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പിളര്‍പ്പിന് ഇത് വഴി തെളിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയും നാഷണല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയും രൂപം കൊണ്ടു.

1836 വരെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായിരുന്നു തുടര്‍ച്ചയായ വിജയം 1840ല്‍ പുതിയതായി രൂപംകൊണ്ട 'വിഗ്' പാര്‍ട്ടി അധികാരത്തിലെത്തി. 1844ല്‍ അധികാരം പോയെങ്കിലും 48ല്‍ വിഗ് പാര്‍ട്ടി തിരിച്ചെത്തി. എന്നാല്‍ 1852ലെ ദയനീയ തോല്‍വി വിഗ് പാര്‍ട്ടിയെ ഇല്ലാതാക്കി.തുടര്‍ന്നാണ് ഇപ്പോഴത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി രൂപം കൊണ്ടത്. എബ്രഹാം ലിങ്കണായിരുന്നു ആദ്യത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ്. പിന്നീട് ഇതുവരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക്കുകളും റിപ്പബ്ലിക്കനുകളും നേരിട്ട് ഏറ്റുമുട്ടുന്ന രാഷ്ട്രീയമാണ് അമേരിക്കയിലേത്. റിപബ്ലിക്കന്‍ പാര്‍ട്ടിയെ യാഥാസ്ഥിതികരെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ ലിബറുകളും എന്നാണ് പൊതുവെ കരുതുന്നത്.

ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി 

1860ലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി രൂപം കൊണ്ടെതെങ്കിലും ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി എന്ന വിശേഷണത്തിലാണ് ഈ പാര്‍ട്ടി അറിയപ്പെട്ടിരുന്നത്. അടിമത്തം നിരോധിച്ചു കൊണ്ട് ചരിത്രം കുറിച്ചത് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായ എബ്രഹാം ലിങ്കണായിരുന്നു. എങ്കിലും ധനിക വര്‍ഗ്ഗത്തിന്റേയും യാഥാസ്ഥിതികരുടേയും വ്യവസായികളുടേയും പിന്തുണയുള്ള പാര്‍ട്ടിയായിട്ടാണ് റിപബ്ലിക്കന്‍ പാര്‍ട്ടി അറിയപ്പെടുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടി ലിബറല്‍ നിലപാടുകളോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. കര്‍ഷകര്‍, തൊഴിലാളി സംഘടനകള്‍, മതവംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരോട് ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടി നിയന്ത്രണങ്ങളില്ലാത്ത സമ്പദ് വ്യവസ്ഥയ്ക്ക് എതിരാണ്. സാധുജനങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്ക് വേണ്ടി പാര്‍ട്ടി വാദിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ തൊഴില്‍ സംഘടനകളായിരുന്നു പാര്‍ട്ടി നയങ്ങളില്‍ സ്വധീനം ചെലുത്തിയിരുന്നത്. 1960കളില്‍ ശക്തിപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗവും 1970 കള്‍ക്ക് ശേഷം സജീവമായ പരിസ്ഥിതി വാദികളും പാര്‍ട്ടിയുടെ ആശയ സംഹിതകളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

പൗരസ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം, തുല്യാവകാശം, ഉത്തരവാദിത്ത സമ്പദ് വ്യവസ്ഥ, സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് സാധ്യതയുള്ള വാണിജ്യനയം എന്നിവയാണ് സമീപ ദശകങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍. അടിയന്തരഘട്ടങ്ങളില്‍, ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കി ദാരിദ്ര്യവും സാമൂഹിക അസന്തുലിതാവസ്ഥയും ഇല്ലാതാക്കുക സര്‍ക്കാരിന്റെ ധര്‍മ്മമാണെന്നും പാര്‍ട്ടി പൊതുവേ വിശ്വസിക്കുന്നു.

ഇന്ത്യന്‍ വംശജര്‍ ആർക്കനുകൂലം

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഭൂരിഭാഗവും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് വോട്ട് രേഖപ്പെടുത്തുന്നത്. പാകിസ്ഥാനും ചൈനയ്ക്കും പിന്തുണ നല്‍കുകയും പൗരത്വ ഭേദഗതി ബില്ലിനെയും കാശ്മീരില്‍ 370ാം വകുപ്പ് പിന്‍വലിച്ചതിനെയും മറ്റും പരസ്യമായി എതിര്‍ത്തവരുമായ നിരവധി നേതാക്കള്‍ ആ പാര്‍ട്ടിയിലുണ്ട്.  നിക്സണെ ഒഴിച്ചുനിറുത്തിയാല്‍  റിപ്പബ്ളിക്കന്‍ പ്രസിഡന്റുമാരെല്ലാം  ഇന്ത്യയോട് മാന്യമായ സമീപനം പുലര്‍ത്തിയവരാണ്.

സംശയമുണ്ടാകുന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രീതി. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയാണോ? അതോ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുകയാണോ? രണ്ടും ശരിയാണ്

ഇന്ത്യയുടെ പാര്‍ലമെന്റ് പോലെ അമേരിക്കയുടെ പരമാധികാരസഭ യു.എസ് കോണ്‍ഗ്രസ്സാണ്. സെനറ്റും പ്രതിനിധിസഭയും ചേര്‍ന്നതാണ് യു.എസ് കോണ്‍ഗ്രസ്സ്. നമ്മുടെ രാജ്യസഭ, ലോകസഭ എന്നതുപോലെ. 50 സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് വീതം എന്ന കണക്കില്‍ 100 സെനറ്റര്‍. സംസ്ഥാനത്തിലെ ജനസംഖ്യാനുപാതികമായ പ്രതിനിധി സഭാംഗങ്ങള്‍. ഇപ്പോള്‍ ആകെ 435 പ്രതിനിധി സഭാംഗങ്ങളുണ്ട്. സെനറ്റിലേക്ക് ആറു വര്‍ഷത്തിലൊരിക്കലും പ്രതിനിധി സഭയിലേക്ക് രണ്ടു വര്‍ഷത്തിലൊരിക്കലുമാണ് തെരഞ്ഞെടുപ്പ്.

പ്രൈമറിയും കോക്കസ്സും

ജനാധിപത്യ പ്രക്രിയയിലൂടെയാണ് പസിഡന്റ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടികള്‍  തെരഞ്ഞെടുക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥികളായി ആരു വേണമെന്നുത് നേരിട്ട് ജനങ്ങള്‍ തന്നെ തീരുമാനിക്കും. ഓരോ സംസ്ഥാനത്തിലും ഇതിനായി ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള വോട്ടെടുപ്പ് നടക്കുന്നു. പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥിത്വം തേടുന്നവരിലൊരാളെ ഓരോ സംസ്ഥാനവും തെരഞ്ഞെടുക്കുന്നു. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ പിന്തുണ കിട്ടയവര്‍ അതത് പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകും.സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചില സംസ്ഥാനങ്ങളില്‍ പ്രൈമറികളും ചിലയിടങ്ങളില്‍ കോക്കസുമാണ് നടക്കുക. സാധാരണ തെരഞ്ഞെടുപ്പ് രീതിയിലുള്ള വോട്ടിങ്ങാണ് പ്രൈമറി. ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമേ അതത് പാര്‍ട്ടിയുടെ പ്രൈമറിയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടൂ.

ചില സംസ്ഥാനങ്ങള്‍ പ്രൈമറി ദിവസം തന്നെ അംഗത്വം നല്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ ജനത്തിന് അവസരമൊരുക്കുന്നു. ചിലയിടങ്ങളില്‍ പാര്‍ട്ടി അംഗമാകണമെന്ന നിബന്ധന തന്നെ പ്രൈമറി തെരഞ്ഞെടുപ്പിനില്ല.കുടുംബയോഗങ്ങളുടെ രീതിയില്‍ പാര്‍ട്ടി അംഗങ്ങള്‍ അതതു പ്രദേശങ്ങളിലെ നിശ്ചിത സ്ഥലങ്ങളില്‍ കൂടി ഓരോ സ്ഥാനാര്‍ഥിയുടേയും പ്രതിനിധികളെ പിന്തുണക്കുന്ന രീതിയാണ്  കോക്കസ്.

ജനങ്ങളുടെ വോട്ടിനെ നിഷ്പ്രഭമാക്കുന്ന ഇലക്ട്രല്‍വോട്ട് 

നാലു വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യക്ക് തുല്യമായ ഇലക്ടറല്‍ വോട്ടുകളാണ് പ്രസിഡന്റ് ആരാണെന്ന് തീരുമാനിക്കുക. അതായത്, യു.എസ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ 535 അംഗങ്ങളാണുള്ളത്. തലസ്ഥാന നഗരമായ വാഷിങ്ടണ്‍ ഡി.സിക്ക് സെനറ്റര്‍ക്കോ പ്രിതിനിധിയംഗത്തിനോ അവകാശമില്ല. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എവിടെ നിന്ന് മൂന്ന് ഇലക്ടറല്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനാകും. അങ്ങനെ ആകെ 538 അംഗങ്ങളായിരിക്കും പ്രസിഡന്റിന് വോട്ടിട്ടെടുക്കുക. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഒരോ സംസ്ഥാനത്തിനുമുള്ള ഇലക്ട്രല്‍ അംഗങ്ങളെ മല്‍സര രംഗത്തുള്ളത് പാര്‍ട്ടികള്‍ നിശ്ചയിക്കും.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനം നേരിട്ട് വോട്ട് ചെയ്യും. ഇതിനെ പോപ്പുലര്‍ വോട്ട് എന്നാണ് പറയുന്നത്. സംസ്ഥാന അടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍. ഓരോ സംസ്ഥാനത്തും കൂടുതല്‍ പോപ്പുലര്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ആ സംസ്ഥാനം പിടിച്ചെന്നാണ് കണക്കാക്കുക. അവിടെ നിന്നുള്ള മുഴുവന്‍ ഇലക്ടല്‍ വോട്ടുകളും ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികള്‍ക്കുള്ളതാണ്.(മെയിൻ , നെബ്രാസ്ക്ക സംസ്ഥാനങ്ങളിൽ മാത്രം ആനുപാതിക ഇലക്ട്രൽ സമ്പ്രദായകം)    പാര്‍ട്ടി നിശ്ചയിച്ച ആളുകളാകും ജനകീയ വോട്ടെടുപ്പിന് ഒരുമാസം കഴിഞ്ഞ് യഥാര്‍ത്ഥ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിടുക. ഉദാഹരണത്തിന്, കോണ്‍ഗ്രസ്സില്‍ ന്യൂയോര്‍ക്കില്‍ നിന്ന് 29 അംഗങ്ങളാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇലക്ട്രല്‍ അംഗങ്ങളുടെ എണ്ണവും 29 ആകും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കാണ് ന്യൂയോര്‍ക്കില്‍ കൂടുതല്‍ വോട്ട് ലഭിച്ചതെങ്കില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ 29 ഇലക്ടല്‍ ജയിച്ചതായിട്ടാണ് കരുതുക. രണ്ടാം സ്ഥാനത്തെത്തിയ ഡെമോക്രാറ്റിക് കക്ഷിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് ന്യൂയോര്‍ക്കില്‍ നിന്നില്ല. പോപ്പുലര്‍ വോട്ട് കൂടുതല്‍ കിട്ടിയതുകൊണ്ട് മാത്രം ഒരാള്‍ പ്രസിഡന്റ് ആകണമെന്നില്ലയെന്നര്‍ത്ഥം.

വോട്ട് കുറഞ്ഞിട്ടും ജയിച്ചത് ട്രംപ്

കഴിഞ്ഞ തെരഞ്ഞെടുപ്പുതന്നെ ഉദാഹരണം. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിന് കിട്ടിയ ജനകീയ വോട്ട്  6,29,84,106 ആണ്. എതിരാളി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഹിലാരി ക്‌ളിന്റന്  6,58,53, 635 ഉം വോട്ടു കിട്ടി. 28,668, 529  വോട്ടു കൂടുതല്‍ കിട്ടിയിട്ടും ഹിലാരി തോറ്റു. ട്രംപിന് 301 ഇലക്രറല്‍ വോട്ടു കിട്ടിയപ്പോള്‍ ഹിലാരിക്ക് 232 മാത്രമായതാണ് കാരണം

ഇലക്ട്രല്‍ വോട്ട് ആര്‍ക്കു കൊടുക്കണം എന്നു തീരുമാനിക്കാന്‍ മാത്രമാണ് പോപ്പുലര്‍ വോട്ട്. പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്ന ചുമതലയ്ക്കപ്പുറം ഒരു ദൗത്യവും ഇലക്ടാറലുകള്‍ക്ക് ഇല്ലെന്നത് വേറെ കാര്യം  

 


No comments:

Post a Comment