Monday, April 29, 2019

മത്സരിക്കാതെ എംപിമാരായ എട്ടു മലയാളികള്‍

https://www.janmabhumidaily.com/news854506


മത്സരിക്കാതെ എംപിമാരായ എട്ടു മലയാളികള്‍



"സർദാർ കെ.എം പണിക്കർ, ജി.ശങ്കര കുറുപ്പ്, അബു എബ്രഹാം"
ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പിനെയും നേരിടാതെ ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയ  മലയാളികളുണ്ട്. ഒന്നും രണ്ടുമല്ല. എട്ട് മലയാളികള്‍ നാമനിര്‍ദ്ദേശത്തിലൂടെ പാര്‍ലമെന്റ് അംഗങ്ങളായി. സര്‍ദാര്‍ കെ.എം.പണിക്കര്‍, ജി. രാമചന്ദ്രന്‍, ജി. ശങ്കരക്കുറുപ്പ്, അബു എബ്രഹാം, കെ. കസ്തൂരിരംഗന്‍ , സുരേഷ് ഗോപി, ഡോ. ചാള്‍സ് ഡയസ്, റിച്ചാര്‍ഡ് ഹെ എന്നിവരാണവര്‍. ആദ്യത്തെ ആറുപേര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാണ് എം.പി മാരയത്. രണ്ടു പേര്‍ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായി ലോൿസഭയും കണ്ടു. 
പ്രമുഖ സാഹിത്യകാരനും രാജ്യതന്ത്രജ്ഞനും ചരിത്രകാരനുമായ സര്‍ദാര്‍ കെ.എം പണിക്കര്‍ ആണ് ആദ്യമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളി. പ്രൊഫ. സത്യേന്ദ്രനാഥ് ബോസ് രാജിവച്ച ഒഴിവിലേക്ക് 1959 ആഗസ്റ്റ് 25നാണ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. 1960 ഏപ്രില്‍ മൂന്ന് മുതലുള്ള കാലാവധിയിലേക്ക് പണിക്കര്‍ വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടു. ജമ്മു കാശ്മീര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി നിയമിതനായതിനെത്തുടര്‍ന്ന് 1961 മേയ് 22ന് അദ്ദേഹം രാജിവച്ചു.
പ്രമുഖ ഗാന്ധിയനും ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനുമായ ജി. രാമചന്ദ്രന്‍ 1964 ഏപ്രില്‍ മൂന്ന് മുതല്‍ 1970 ഏപ്രില്‍ രണ്ട് വരെ ആറ് വര്‍ഷക്കാലം രാജ്യസഭയിലെ നോമിനേറ്റ് ചെയ്യപ്പെട്ട അംഗമായിരുന്നു. ഡോ. ജി. രാമചന്ദ്രനു പിന്നാലെ പ്രഥമ ജ്ഞാനപീഠം പുരസ്‌കാര ജേതാവ് മഹാകവി ജി. ശങ്കരക്കുറുപ്പ് രാജ്യസഭയിലെത്തി. ഡോ. ധനഞ്ജയ രാമചന്ദ്ര ഗാഡ്ഗില്‍ രാജിവച്ച ഒഴിവിലേക്കാണ് 1968 ഏപ്രില്‍ രണ്ടിന് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. തുടര്‍ന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം നോമിനേഷനിലൂടെ സഭയിലെത്തി.
രാജ്യസഭയില്‍ 1964 മുതല്‍ 1978 വരെ തുടര്‍ച്ചയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളികളുണ്ടായിരുന്നു. 1968 മുതല്‍ 1970 വരെ ഒരേസമയത്തുതന്നെ രണ്ടുപേരുണ്ടായിരുന്നു. ജി. രാമചന്ദ്രനും അബു എബ്രഹാമും മാത്രമാണ് ആറ് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയത്. ഐഎസ്ആര്‍ഒയുടെ നിരവധി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കസ്തൂരിരംഗന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003-2009 കാലത്താണ് രാജ്യസഭാംഗമായത്.  നരേന്ദ്രമോദി സര്‍ക്കാര്‍ 2016 ഏപ്രില്‍ 29 ന് നടന്‍ സുരേഷ് ഗോപിയെ നാമനിര്‍ദ്ദേശം ചെയ്തു.
നോമിനേറ്റ് ചെയ്ത രാജ്യസഭയില്‍ 245 അംഗങ്ങളുണ്ട്. സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളിലുള്ള പ്രത്യേക ജ്ഞാനമോ പ്രായോഗിക പരിചയമോ കണക്കിലെടുത്ത് ഇവരില്‍ 12 പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നു. 
ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായും രണ്ടുപേരെ ലോക്‌സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാറുണ്ട്. ആദ്യ ആംഗ്ലോ ഇന്ത്യന്‍  മലയാളി രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നോമിനേറ്റ് ചെയ്യപ്പെട്ട ഡോ ചാള്‍സ് ഡയസ്സാണ്. കൊച്ചി എറണാകുളം സ്വദേശിയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഡോ റിച്ചാര്‍ഡ് ഹെ കണ്ണൂര്‍ സ്വദേശിയാണ്

മണ്ഡലം മാറുന്നവര്‍

മണ്ഡലം മാറുന്നവര്‍




തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വരരുചിയെപ്പോലെയാണ് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ.  വരരുചി സ്വന്തം മക്കളെ ഉപേക്ഷിച്ചാണ് മുന്നോട്ടു പോയിരുന്നതെങ്കില്‍ ചോക്കോ മത്സരിച്ച മണ്ഡലമാണ് ഉപേക്ഷിക്കാറ്. അത് ജയി്ച്ചാലും തോറ്റാലും.
കോണ്‍ഗ്രസിന് സുനിശ്ചയമെന്ന് കരുതുന്ന മണ്ഡലത്തില്‍ നില്‍ക്കുക, ജയിക്കുക, മണ്ഡലത്തിലേക്ക് പിന്നെ തിരിഞ്ഞുനോക്കാതിരിക്കുക, അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുക. ചാക്കോയ്ക്ക് മാത്രം അവകാശപ്പെട്ട കാര്യമാണിത്. ജയിപ്പിച്ചുവിട്ട ജനങ്ങളെ നേരിടാനുള്ള മടിയാണ് കാരണം.
1980-ല്‍ പിറവം മണ്ഡലത്തില്‍ നിന്നായിരുന്നു ചാക്കോയുടെ കന്നി ജയം. നിയമസഭയിലേക്ക്. നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പും കിട്ടി. കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിക്കുമൊപ്പം ചാക്കോയും ഇടതുപക്ഷത്തോടൊപ്പമായിരുന്നു ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്രന്‍ പി. പൗലോസിനെ 3251 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. കന്നിജയം നേടി. ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ അധികം താമസിയാതെ കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ചാക്കോ തയ്യാറായില്ല. ശരത്പവാറിനൊപ്പം കോണ്‍ഗ്രസ് (എസ്). അതിന്റെ ദേശീയ നേതാവുമായി. പവാര്‍ കോണ്‍ഗ്രസായപ്പോള്‍ ചാക്കോയും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1991-ല്‍ തൃശൂര്‍ ലോക്‌സഭയില്‍ നിന്ന് ജയം. അടുത്ത തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നില്‍ക്കാന്‍ ധൈര്യം വന്നില്ല. തോല്‍വി മുന്നില്‍ കണ്ട് മുകുന്ദപുരത്ത് മാറി. അവിടെ ജയിച്ചു. ചാക്കോയ്ക്ക് പകരം തൃശൂരില്‍ നിന്ന  കെ. കരുണാകരന്‍ തോറ്റു.
98ൽ ഇടുക്കിയിലാണ് ചാക്കോ മത്സരത്തിനിറങ്ങിയത്. 99ല്‍ ഇടുക്കി ഉപേക്ഷിച്ച് കോട്ടയത്തേക്ക് മാറി. കെ.സുരേഷ്‌കുറുപ്പിനോട് തോറ്റതോടെ പിന്നീടു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ നിന്ന് മാറി നിന്നു.
18 വര്‍ഷത്തിനുശേഷം 2009 ല്‍ കഴിഞ്ഞതവണ വീണ്ടും തൃശൂരിലെത്തി ജയിച്ചു. തൃശൂരിലെ കോണ്‍ഗ്രസുകാര്‍തന്നെ വേണ്ടെന്നു പറഞ്ഞതിനാല്‍ വീണ്ടും മണ്ഡലം മാറി. 2014ല്‍  ചാലക്കുടിയിലേക്ക്.  നടന്‍ ഇന്നസെന്റിനോട് തോറ്റു. ഇത്തവണ ചാലക്കുടി എന്നല്ല ഒരിടത്തും സീറ്റുമില്ല.
മണ്ഡലം മാറ്റത്തില്‍ ചാക്കോയ്ക്ക് അടുത്തു നില്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരാണ്. നാലു തവണ നാല് മണ്ഡലത്തെയാണ് (തിരുവല്ല, അമ്പലപ്പുഴ, പീരുമേട്, തിരുവനന്തപുരം) പികെവി ലോക്‌സഭയില്‍ പ്രതിനിധീകരിച്ചത്. എ.കെ ഗോപാലനാണ് മറ്റൊരു മണ്ഡലോട്ടക്കാരന്‍. 1951-ല്‍ കണ്ണൂരില്‍ നിന്നും ഇയിച്ച എകെജി 1957, 62, 67 വര്‍ഷങ്ങളില്‍ കാസര്‍കോടാണ് മത്സരിച്ചത്. കാസര്‍കോട് സൂരക്ഷിതല്ലന്ന് കണ്ട് 71-ല്‍ പാലക്കാട്ടേയ്ക്ക് പാലായനം ചെയ്തു. അവിടെ ജയിച്ചു. പക്ഷേ കാസര്‍കോട് എകെജിയ്ക്ക് പകരം മത്സരിച്ച ഇ.കെ. നായനാര്‍ തോറ്റു.
ജയിച്ച മണ്ഡലത്തില്‍ പിന്നീട് മത്സരിക്കാതെ പേടിച്ചോടിയ മറ്റൊരു പ്രമുഖന്‍ സി.എം സ്റ്റീഫനാണ്. 1971-ല്‍ മൂവാറ്റുപുഴയില്‍ നിന്നും ജയിച്ച സ്റ്റീഫന്‍ 77-ല്‍ ഇടുക്കിയിലാണ് നിന്നത്. ഇടുക്കിയുടെ ആദ്യ ലോകസഭാംഗമായെങ്കിലും 80ല്‍ മണ്ഡലം ദല്‍ഹിയാക്കി. എതിരാളി സാക്ഷാല്‍ എ.ബി.വാജ്‌പേയി. തോറ്റെങ്കിലും സ്റ്റീഫനെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ വീണ്ടും നിര്‍ത്തി ജയിപ്പിച്ചു. ജനതാ ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായി. 
വികെ കൃഷ്ണമോനോന്‍ (മുംബൈ, മിഡാനാപൂര്‍ , തിരുവനന്തപുരം), രവീന്ദ്രവര്‍മ്മ (തിരുവല്ല, റാഞ്ചി, മുംബൈ),  (സുശീല ഗോപാലന്‍ ( അമ്പലപ്പുഴ, ആലപ്പുഴ, ചിറയന്‍കീഴ്), സുലൈമാന്‍ സേട്ട് (കോഴിക്കോട്, മഞ്ചേരി, പൊന്നാനി), കെ കരുണാകരന്‍ ( മുകുന്ദപുരം, തിരുവനന്തപുരം), പി ജെ കുര്യന്‍ (ഇടുക്കി, മാവേലിക്കര), രമേശ് ചെന്നിത്തല( മാവേലിക്കര, കോട്ടയം), ബി കെ നായര്‍ (മാവേലിക്കര, കൊല്ലം), മുല്ലപ്പള്ളി രാമചന്ദ്രന്‍ (കണ്ണൂര്‍, വടകര), കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍, മാവേലിക്കര), ഇ അഹമ്മദ്( മഞ്ചേരി, പൊന്നാനി) എന്നിവരും ജയിച്ച മണ്ഡലം വിട്ട് മറ്റൊരിടത്ത് ജനവിധി തേടി ജയം കണ്ടവരാണ്
.

മാഞ്ഞു പോയ മണ്ഡലങ്ങള്‍

https://www.janmabhumidaily.com/news853062

മാഞ്ഞു പോയ മണ്ഡലങ്ങള്‍



മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ നാല് തവണയാണ് ലോക്‌സഭയില്‍ എത്തിയത്. നാലും നാല് മണ്ഡലങ്ങളില്‍നിന്ന്. 57ല്‍ തിരുവല്ല, 62ല്‍ അമ്പലപ്പുഴ, 87ല്‍ പീരുമേട്, 2004ല്‍ തിരുവനന്തപുരം. ആദ്യ മൂന്ന് മണ്ഡലങ്ങളും ഇന്നില്ല. പികെവി ജയിച്ചാല്‍ മണ്ഡലം ഇല്ലാതാകുമെന്ന് ചുരുക്കം.
തിരുവനന്തപുരം മാത്രമാണ് അതിനൊരപവാദം. 2004ല്‍ പികെവിയെ ജയിപ്പിച്ച തിരുവനന്തപുരം ഇപ്പോഴുമുണ്ട്. പക്ഷെ, കാലാവധി പൂര്‍ത്തിയാക്കാതെ പികെവി വിടപറഞ്ഞു എന്നത് മറ്റൊരുകാര്യം. ഒരു വര്‍ഷം മാത്രമാണ് തിരുവനന്തപുരത്തിന്റെ പ്രതിനിധിയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. 2005ല്‍ അദ്ദേഹം അന്തരിച്ചു. സുശീല ഗോപാലന്‍ ജയിച്ച രണ്ട് മണ്ഡലങ്ങള്‍ ഇല്ലാതായവയുടെ പട്ടികയിലാണ്. അമ്പലപ്പുഴയും ചിറയിന്‍കീഴും.
കേരളത്തിലെ പന്ത്രണ്ട് ലോകസഭാ മണ്ഡലങ്ങളാണ് വിവിധ കാലഘട്ടങ്ങളിലായി ഇല്ലാതായത്. രണ്ട് മുഖ്യമന്ത്രിമാരെ, പനമ്പള്ളി ഗോവിന്ദമേനോന്‍ (62, 67), കെ. കരുണാകരന്‍ (99) ലോകസഭയിലെത്തിച്ച മുകുന്ദപുരം, രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണനെ തുടര്‍ച്ചയായി മൂന്നു തവണ ജയിപ്പിച്ച ഒറ്റപ്പാലം, വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന പി.സി. തോമസ് തുടര്‍ച്ചയായി ആറു തവണ ജയിച്ച മൂവാറ്റുപുഴ, മുസ്ലിംലീഗിന്റെ കുത്തക സീറ്റായ മഞ്ചേരി, കൊടിക്കുന്നില്‍ സുരേഷ് നാലു തവണ ജയിച്ച അടൂര്‍, വയലാര്‍ രവി, സുശീല ഗോപാലന്‍, വര്‍ക്കല രാധാകൃഷ്ണന്‍, എ.എ. റഹിം, തലേക്കുന്നേല്‍ ബഷീര്‍ എന്നിവരൊക്കെ പ്രതിനിധീകരിച്ച ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളാണ് 2009 മുതല്‍ ഇല്ലാതായത്. ബിജെപി മുന്നണി ജയിച്ച ഏക മണ്ഡലം എന്ന പ്രത്യേകതയും മൂവാറ്റുപുഴയ്ക്കുണ്ട്. 
1951 മുതല്‍ 71 വരെ അഞ്ചുപേരെ പാര്‍ലമെന്റില്‍ എത്തിച്ച തലശ്ശേരിയാണ് അതിനും മുമ്പേ ഇല്ലാതായതില്‍ പ്രമുഖ മണ്ഡലം. കെ. കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ നെട്ടൂര്‍ പി. ദാമോദരനായിരുന്നു തലശ്ശേരിയുടെ ആദ്യ എംപി. 57ല്‍ കോണ്‍ഗ്രസിന്റെ എം.കെ. ജിനചന്ദ്രന്‍ ജയിച്ചു. 62ല്‍ സിപിഐ സ്വതന്ത്രനായി സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാടും 67-ല്‍ സിപിഎമ്മിന്റെ പാട്യം ഗോപാലനും 71ല്‍ സിപിഐയുടെ സി.കെ. ചന്ദ്രപ്പനും തലശ്ശേരിയെ പ്രതിനിധീകരിച്ചു. 57 മുതല്‍ 71 വരെ നിലവിലുണ്ടായിരുന്ന മണ്ഡലമാണ് അമ്പലപ്പുഴ. പികെവിക്ക് (62) പുറമെ സുശീല ഗോപാലനും (67) പി.ടി. പുന്നൂസും (57) കെ. ബാലകൃഷ്ണനും (71) പ്രതിനിധീകരിച്ച മണ്ഡലം.
ജനതാഭരണകാലത്ത് തൊഴില്‍മന്ത്രിയായിരുന്ന ജി. രവീന്ദ്രവര്‍മ 62ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മണ്ഡലമായിരുന്നു തിരുവല്ല. പികെവിയും (57) സി.പി. മാത്തനും (51) ആയിരുന്നു അതിനുമുന്‍പ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 67ല്‍ പികെവിയും 71ല്‍ എം.എ. ജോസഫും ജയിച്ച പീരുമേടും ഇപ്പോഴില്ല.
1951ല്‍ മാത്രം നിലവിലുണ്ടായിരുന്ന മണ്ഡലങ്ങളാണ് മീനച്ചിലും കൊടുങ്ങല്ലൂരും മലപ്പുറവും. പി.ടി. ചാക്കോയെ ജയിപ്പിച്ച മീനച്ചിലില്‍ അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന് 53ല്‍ ഉപതെരഞ്ഞെടുപ്പും നടന്നു. അതേസമയം 1951ല്‍ ഉണ്ടായിരുന്ന മലപ്പുറം 2009ല്‍ അതേ പേരില്‍ തിരിച്ചുവരികയും ചെയ്തു
.

വനിതാ മുന്നേറ്റം മോദിയുടെ കാലത്ത്

https://www.janmabhumidaily.com/news854507


വനിതാ മുന്നേറ്റം മോദിയുടെ കാലത്ത്
പി ശ്രീകുമാര്‍

'സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍, ഉമാ ഭാരതി'
ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം (66)വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്താണ്. ഒരേ സമയം കൂടുതല്‍ മന്ത്രിമാര്‍ (9) ഉണ്ടായിരുന്നതും മോദി സര്‍ക്കാറിലായിരുന്നു. മന്ത്രിമാരില്‍ ഏഴു പേര്‍ കാബിനറ്റ് പദവിയും വഹിച്ചു. പ്രതിരോധം (നിര്‍മ്മല സീതാരാമന്‍), വിദേശം (സുഷമ സ്വരാജ്) വകുപ്പകള്‍ വനിതകള്‍ ഭരിക്കുന്ന രാജ്യത്തെ ഏക രാജ്യമായി ഇന്ത്യ മാറി. ഉമാഭാരതി, മനേക ഗാന്ധി, സ്മൃതി ഇറാനി, നജ്മ ഹെപ്തുള്ള, ഹര്‍സിംറത്ത് കൗര്‍ എന്നിവരായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. അനുപ്രിയ പട്ടേലും കൃഷ്ണാ രാജും സഗ്വി  നിരഞ്ജനും വനിതാ സഹമന്ത്രിമാരായിരുന്നു.  സ്പീക്കറും (സുമിത്ര മഹാജന്‍) വനിതയായിരുന്നു. കേരളത്തില്‍ നിന്ന് പി.കെ ശ്രീമതിയായിരുന്നു വനിതാ പ്രതിനിധി.

ഭരണകക്ഷിയായ യുപിഎയുടെ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, സ്പീക്കര്‍ മീരാകുമാര്‍.. അംഗബലത്തിലല്ലങ്കിലും വനിതാശക്തിയുടെ ദൃശ്യവേദിയായിരുന്നു 15-ാം ലോക്സഭ.  എന്നാല്‍ പേരിനുപോലും മലയാളിമങ്കമാരുടെ സാന്നിധ്യം ലോക്സഭയിലില്ലായിരുന്നു. 15 ലോക്സഭകളില്‍ 9 എണ്ണത്തില്‍ മാത്രമാണ് കേരളത്തില്‍ നിന്ന് വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്. 91ലും 2004ലും രണ്ടുപേര്‍ വീതം മാത്രം ഉണ്ടായിരുന്നു എന്നതാണ് റിക്കാര്‍ഡ്. ഒരാള്‍ മൂന്ന് തവണയും രണ്ടുപേര്‍ രണ്ടു തവണയും ലോക്സഭയിലെത്തി. ആകെ 7  പേര്‍ മാത്രമാണ് ഇതേവരെ ലോക്സഭ എംപിമാരായി ജയിച്ചുപോയത്. ലോക്സഭാംഗമായ ഒരു മലയാളി വനിതയും കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നല്ലാതെ രാജ്യസഭയില്‍ എത്തിയ മലയാളി സ്ത്രീ മന്ത്രിസഭയിലെത്തുകയും ചെയ്തു.

1967ല്‍ അമ്പലപ്പുഴയില്‍ നിന്നും ജയിച്ച സുശീലാ ഗോപാലനാണ് ആദ്യമായി ലോക്സഭാംഗമാകുന്ന മലയാളി വനിത. കാസര്‍കോട്ടുനിന്ന് എ.കെ ഗോപാലനും അതേവര്‍ഷം എംപിയായിരുന്നു. ലോക്സഭയിലെ ആദ്യ മലയാളി ദമ്പതികളായി ഇവര്‍ മാറി. 71ല്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ കെ. ബാലകൃഷ്ണനോട് തോല്‍വിയായിരുന്നു ഫലം. 77ല്‍ ആലപ്പുഴയില്‍നിന്നും 91ല്‍ ചിറയിന്‍കീഴില്‍ നിന്നും ജയിച്ച സുശീലാഗോപാലന്‍ ലോക്സഭയിലെത്തിയപ്പോള്‍ മൂന്നുവട്ടം എന്ന റിക്കാര്‍ഡും സ്വന്തമാക്കി.

71ല്‍ സുശീലാഗോപാലന്‍ തോറ്റെങ്കിലും അടൂരില്‍നിന്നും ജയിച്ച സിപിഐയുടെ കെ. ഭാര്‍ഗവി വനിതാ പ്രാതിനിധ്യം കാത്തു. പാര്‍ട്ടി പിളര്‍പ്പിനെത്തുടര്‍ന്ന് സിപിഐയും സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി.കെ.കുഞ്ഞച്ചനെ തോല്‍പ്പിച്ചായിരുന്നു ഭാര്‍ഗവിയുടെ ജയം. കേരളത്തില്‍നിന്ന് ജയിച്ച ഏക പിന്നാക്കക്കാരിയും ഭാര്‍ഗവിയാണ്.

89ലും 91ലും മുകുന്ദപുരത്തുനിന്ന് ജയിച്ച സാവിത്രി ലക്ഷ്മണനാണ് കേരളത്തില്‍നിന്നുള്ള ലോക്സഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരി. ലോക്സഭാംഗമായ ഏക കോണ്‍ഗ്രസുകാരിയും സാവിത്രിതന്നെ. 91ല്‍ സുശീലയും സാവിത്രിയും ഒരേസമയം അംഗങ്ങളായിരുന്നതുപോലെ 2004ല്‍ 14-ാം ലോക്സഭയിലും രണ്ട് മലയാളി മഹിളകള്‍ ഉണ്ടായിരുന്നു. മാവേലിക്കരയില്‍നിന്നും ജയിച്ച സി.എസ്.സുജാതയും വടകരയില്‍നിന്ന് ജയിച്ച പി.സതീദേവിയും. ഇരുവരും സിപിഎം പ്രതിനിധികള്‍. വടകരയില്‍നിന്ന് 98ലും 99ലും ജയിച്ച എ.കെ.പ്രേമജം (സിപിഎം) ആണ് എംപിയായ മറ്റൊരു വനിത. പി കെ ശ്രീമതി കണ്ണൂരില്‍ നിന്നാണ് ജയിച്ചത്.

കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത ലക്ഷ്മി എന്‍. മേനോന്‍ ആണ്. ബീഹാറില്‍ നിന്നും രാജ്യസഭയിലെത്തിയ ലക്ഷ്മി വിദേശകാര്യ സഹമന്ത്രിയായി നെഹ്റു, നന്ദ, ലാല്‍ ബദൂര്‍ ശാസ്ത്രി മന്ത്രിസഭകളിലുണ്ടായിരുന്നു


ആ രണ്ടു പേര്‍ വാജ്പേയിയും അദ്വാനിയും അല്ല

https://www.janmabhumidaily.com/news855933




ആ രണ്ടു പേര്‍ വാജ്പേയിയും അദ്വാനിയും അല്ല


രണ്ടു സീറ്റില്‍ നിന്ന് കേവല ഭൂരിപക്ഷത്തേക്കുള്ള ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് പറയാത്തവരില്ല.  ബിജെപിയെ ഈ നിലയിലെത്തിച്ചതാര് എന്നത് ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് - ഇടത് നേതാക്കളുടെ പോരിനും കാരണമാകാറുണ്ട്. അടുത്തിയിടെയും ഒരു ചാനല്‍ ചര്‍ച്ചിയില്‍ പ്രമുഖ സിപിഎം നേതാവ് പറഞ്ഞത് അദ്വാനിയിലും വാജ്പേയിയിലും മാത്രം ഒതുങ്ങിപ്പോയ ബിജെപിയെ വലിയ ശക്തിയായി വളര്‍ത്തിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നാണ്. ബിജെപിക്ക് ലോക്സഭയില്‍ രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന സന്ദര്‍ഭം ഉണ്ടായി എന്നത് നേരാണ്. അത് വാജ്‌പേയിയും അദ്വാനിയും ആയിരുന്നു എന്ന് പറയുന്നവരും ധരിക്കുന്നവരും ഏറെയുണ്ടുതാനും. എന്നാല്‍ ആ രണ്ട് അംഗങ്ങള്‍ വാജ്പേയിയും അദ്വാനിയും അല്ല എന്നതാണ് നേര്.

1984 ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി രണ്ടു സീറ്റിലൊതുങ്ങിയത്. 1980ല്‍ ബിജെപി രൂപം കൊണ്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ്. ബിജെപിയുടെ കന്നി മത്സരമായതിനാലല്ല മറിച്ച് ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപം തരംഗം ആഞ്ഞടിച്ചപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ വാജ്പേയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദയനീയമായി തോറ്റു. ഗ്വാളിയറില്‍ മാധവ റാവു സിന്ധ്യയോട് രണ്ടേ മുക്കാല്‍ ലക്ഷം വോട്ടിനാണ് വാജ്പേയി പരാജയപ്പെട്ടത്. രാജ്യസഭാംഗമായിരുന്ന അദ്വാനി മത്സരിച്ചില്ല. അമേഠിയില്‍ രാജീവ് ഗാന്ധിക്ക് 3.65 ലക്ഷം വോട്ടു കിട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ മനേക ഗാന്ധിക്ക് കിട്ടിയത് അരലക്ഷം വോട്ടു മാത്രമായിരുന്നു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 404 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി.

ഗുജറാത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് ബിജെപിക്ക് ഓരോ സീറ്റ് കിട്ടിയത്. ജയിച്ചത് അപ്രധാന നേതാക്കളും. ഗുജറാത്തിലെ മേഹ്ന മണ്ഡലത്തില്‍നിന്ന് എ.കെ പാട്ടീലും ആന്ധ്രയിലെ ഹനംകൊണ്ടയില്‍ നിന്ന് സി ജഗ്ഗ റഡ്ഡിയുമാണ് ജയിച്ചത്. വടക്കേ ഇന്ത്യന്‍ പാര്‍ട്ടിയെന്ന ആക്ഷേപം ശക്തമായിരുന്നപ്പോള്‍ കിട്ടിയ രണ്ടു സീറ്റില്‍ ഒന്ന് ദക്ഷിണേന്ത്യയില്‍ നിന്ന് അതു മാത്രമായിരുന്നില്ല പ്രത്യേകത. ആന്ധ്രയില്‍ ബിജെപി തോല്‍പ്പിച്ചത് പി.വി നരസിംഹ റാവുവിനെ ആയിരുന്നു. ആന്ധ്രയില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനും ഒക്കെയായ സാക്ഷാല്‍ നരസിംഹ റാവു ഹാട്രിക് വിജയം തേടി മത്സരിച്ച സിറ്റിംഗ് സീറ്റില്‍  അരലക്ഷത്തിലധികം വോട്ടിനു തോറ്റു. മഹാരാഷ്ട്രയിലെ റാംടക്കിലും ജനവിധി തേടിയിരുന്ന റാവു അവിടെ വിജയിച്ചതിനാല്‍ ലോക്സഭയിലെത്തുകയും രാജീവ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയാകുകയും ചെയ്തു.

അഞ്ചു വര്‍ഷം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടില്‍ നിന്ന് 85 സീറ്റിലേക്കായിരുന്നു ബിജെപിയുടെ കുതിപ്പ്. 1991ല്‍ സീറ്റ് 10 ആയി. 1996 (161), 1998 (182), 1999(182), 2004(138) 2006(116) എന്നിങ്ങനെയായിരുന്നു ബിജെപി സീറ്റ്.  2014 ല്‍ 282 സീറ്റ് സ്വന്തമാക്കി ചരിത്രവിജയവും ബിജെപി സ്വന്തമാക്കി.

ബിജെപിയുടെ മുന്‍ രൂപമായിരുന്ന ഭാരതീയ ജനസംഘത്തിന് 1952 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കിട്ടിയത് മൂന്ന് സീറ്റായിരുന്നു. 1957 ല്‍ ഒരു സീറ്റ് കൂടി നാലായി. 62ല്‍ 14 ,67ല്‍ 35, 71ല്‍ 22 എന്നിങ്ങനെയായിരുന്നു ജനസംഘം സീറ്റുകള്‍. 1977 ലും 1980 ലും ജനതാ പാര്‍ട്ടിയില്‍ ലയിച്ച് ഒന്നിച്ചാണ് മത്സരിച്ചത്. 77ല്‍ 295 സീറ്റ് നേടി ജനതാ പാര്‍ട്ടി അധികാരം പിടിച്ചപ്പോള്‍ 80 ല്‍ 37 സീറ്റാണ് കിട്ടിയത്.