Friday, January 20, 2017

സമുദ്ര തീരത്തെ ഉദയസൂര്യന്‍

സമുദ്ര തീരത്തെ ഉദയസൂര്യന്‍


പി. ശ്രീകുമാര്‍

മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ആറാം തവണ ഏറ്റുവാങ്ങിയപ്പോള്‍
നരേന്ദ്ര മോദിയുടെ സഹായഹസ്തം തങ്ങളുടെ സംരംഭത്തിന് ആഗ്രഹിക്കാത്തവര്‍ ചുരുക്കം. മൈക്രോ സോഫ്റ്റും ആമസോണും പോലുള്ള ആഗോള വമ്പന്മാര്‍ മോദിയുടെ വാഗ്ദാനം സ്വീകരിച്ച് ഭാരതത്തില്‍ വന്‍ നിക്ഷേപത്തിന് തയ്യാറായി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതായിരുന്നു അവസ്ഥ. മോദിയുടെ ഒരു ഫോണ്‍ വിളിയെത്തുടര്‍ന്ന് ടാറ്റാ തങ്ങളുടെ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയത് വലിയ വാര്‍ത്തയായി. എന്നാല്‍ മലയാളി രാജശേഖരന്‍ നായര്‍ക്ക് ഗുജറാത്തില്‍ വ്യവസായം തുടങ്ങാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണം സ്‌നേഹപൂര്‍വം നിരസിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
എന്തൊക്കെ പറഞ്ഞാലും ശശിതരൂര്‍ ലോകം കണ്ട നേതാവാണ്. വിദ്യാഭ്യാസത്തിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രിയായിരുന്ന തരൂര്‍ ഒരു കുഗ്രാമത്തിലെ സ്‌കൂള്‍ കണ്ട് അത്ഭുതം കൂറി. ഇത് സ്‌കൂളോ? ഫൈവ് സ്റ്റാര്‍ ഹോട്ടലോ? എന്ന് സ്‌കൂളിന്റെ നടത്തിപ്പുകാരനായ രാജശേഖരന്‍ നായരോട് ചോദിക്കുകയും ചെയ്തു.


പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം
മോദിയുടെ ക്ഷണം നിരസിച്ച, തരൂരിനെ അത്്ഭുതപ്പെടുത്തിയ രാജശേഖരന്‍ നായര്‍ ആരാണ്? ലോകത്തെ മികച്ച ബീച്ച് ഹോട്ടലിനുള്ള അന്തര്‍ദേശീയ പുരസ്‌കാരം കഴിഞ്ഞ ഏഴ് വര്‍ഷമായി സ്വന്തമാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉടമ. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്ന, രാജ്യത്തെ പ്രമുഖ രാഷ്്ടീയ നേതാക്കളോടൊക്കെ മികച്ച വ്യക്തിബന്ധം പുലര്‍ത്തുന്ന വ്യവയായ പ്രമുഖന്‍. മികച്ച വിദ്യാലയത്തിന്റെ അധിപന്‍. തെന്നിന്ത്യയിലെ മുന്‍ സൂപ്പര്‍ നായികയുടെ ഭര്‍ത്താവും രണ്ട് തെന്നിന്ത്യന്‍ നായികമാരുടെ അച്ഛനും.  ഉദയസമുദ്ര ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ രാജശേഖരന്‍ നായരെക്കുറിച്ച് പൊതുവെ പുറത്തറിയുന്നത് ഇതൊക്കെയാണ്. എന്നാല്‍ ഇതിനൊക്കെ അപ്പുറമാണ് രാജശേഖരന്‍ നായര്‍ എന്ന വ്യക്തി.

നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ എന്ന കുഗ്രാമത്തില്‍ ഇടത്തരം കുടുംബത്തില്‍ ശ്രീധരന്‍ നായരുടേയും രുക്മണിയമ്മയുടേയും എട്ടുമക്കളില്‍ രണ്ടാമനായ മണികണ്ഠന്‍ 16ാം വയസ്സില്‍ വീടുവിട്ടിറങ്ങിയത് ജോലിതേടി. ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ കോഴിക്കോട് വരെ പോയതൊഴിച്ചാല്‍ നെയ്യാറ്റിന്‍കരയ്ക്കപ്പുറം അറിയാത്ത മണികണ്ഠന്‍ ചെന്നെത്തിയത് തൃശ്ശിനാപ്പള്ളിയില്‍.  പഴക്കടയില്‍ സഹായിയായി ജോലി. ഒരുമാസത്തിനകം സ്വന്തമായി പഴക്കട തുടങ്ങിയ മണി തന്റെ സംരംഭകത്വത്തിന് ഹരീശ്രീ കുറിച്ചു. കച്ചവടം മെച്ചപ്പെട്ടപ്പോള്‍ പഴയ മുതലാളിയില്‍ അസൂയ മൂത്തു. തമിഴ് വികാരം പടര്‍ത്തി മലയാളി പയ്യന്റെ കടപൂട്ടിച്ചു.

മുംബൈയിലേക്ക് തീവണ്ടി കയറിയ മണി ചെന്നിറങ്ങിയത് താനയില്‍. പഠിപ്പില്ല, ഭാഷയറിയില്ല, ബന്ധുക്കളോ പരിചയക്കാരോ ഇല്ല. ആരുടെയെങ്കിലും വിലാസമോ പേരോ കൈവശമില്ല.
ട്രെയിനിറങ്ങി സമീപത്തെ ചെറിയകടയില്‍ ചായകുടിക്കാന്‍ കയറി. മലയാളിയെല്ലങ്കിലും കടയുടമയ്ക്ക് മലയാളം മനസ്സിലാകും. അയാള്‍ കേരള സമാജം ഭാരവാഹികളുടെ വിലാസം കൊടുത്തു. അവിടെ രാജേഷ് റിഫ്രഷ്‌മെന്റ് എന്ന ഹോട്ടലില്‍ ജോലികിട്ടി. ഭക്ഷണവും താമസവും. അതുമാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ഹോട്ടല്‍ ഉടമ നാനാചന്ദ് അഗര്‍വാളിന് തന്റെ പുതിയ ജോലിക്കാരനെ നല്ലതുപോലെ പിടിച്ചു. ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വം, സൗമ്യമായ പെരുമാറ്റം, കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ്. മണിക്ക് ഹോട്ടലിന്റെ മാനേജര്‍ ചുമതല ലഭിക്കാന്‍ ഇതൊക്കെ ധാരാളം മതിയായിരുന്നു. മണിയുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച്, അഗര്‍വാള്‍ മറ്റൊരു ഹോട്ടല്‍കൂടി തുടങ്ങാന്‍ പദ്ധതിയിട്ടു. ജോലിക്കാരനെന്നതിലുപരി പങ്കാളിത്തം വാഗ്ദാനം ചെയ്തു.

രാപകലില്ലാതെ ജോലി ചെയ്ത് മണികണ്ഠന്‍ രണ്ടു ഹോട്ടലുകളേയും മികച്ച നിലയിലെത്തിച്ചു. പക്ഷേ പറഞ്ഞ പങ്കാളിത്തം നല്‍കാന്‍ അഗര്‍വാളിനായില്ല. രണ്ട് വര്‍ഷം കൂടി പ്രതീക്ഷയോടെ കാത്തിരുന്നു. 'തനിക്ക് ആഗ്രഹമുണ്ടെങ്കിലും മക്കളും മറ്റും സമ്മതിക്കുന്നില്ല' എന്ന നിസ്സഹായാവസ്ഥ അഗര്‍വാള്‍ പ്രകടിപ്പിച്ചു. ഇതിനിടയില്‍ തന്നെ ഹോട്ടല്‍ വ്യവസായത്തിന്റെ എല്ലാ വശങ്ങളും സ്വന്തമാക്കിയ മണികണ്ഠന് സ്വന്തമായി ഹോട്ടല്‍ തുറക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്നായി.

അഗര്‍വാളിന്റെ സഹായത്തോടെതന്നെ 'കെഫെ ഡാര്‍പന്‍' എന്ന ഹോട്ടല്‍ ലീസിനെടുത്തു. 'അല്‍ ഫയര്‍ഡ്','കനോന്‍' റസ്‌റ്റോറന്റ് ശൃംഖലകളും ഏറ്റെടുത്തു. ഇതോടെ മുംബൈയിലെ ഹോട്ടല്‍ മേഖലയില്‍് അറിയപ്പെടുന്ന നാമമായി മണി മാറി. രാഷ്ടീയ നേതാക്കള്‍, സിനിമാതാരങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവരൊക്കെയായി അടുത്ത സൗഹൃദം. തെന്നിന്ത്യന്‍ സിനിമാ നായിക രാധയുമായി വിവാഹം. ബിസിനസ് വിവിധ മേഖലകളിലേക്ക് വളര്‍ന്നു. മഹാരാഷ്ട്രമുഖ്യമന്ത്രിയായിരുന്ന നാരായണറാണെ ഭാര്യ നീലം റാണയുടെ പേരില്‍ നടത്തിയിരുന്ന പ്രശസ്തമായ നീലം റസ്‌റ്റോറന്റ് ഏറ്റെടുത്തു. ഇലക്‌ട്രോഡ് കമ്പനികള്‍ ആരംഭിച്ചു. മുംബൈയില്‍ ഹോട്ടല്‍ മേഖലയില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തുമായി ജന്മനാടായ കേരളത്തില്‍ 1997 ല്‍ ഹോട്ടല്‍ വ്യവസായത്തിന് തുടക്കം കുറിച്ചു. കോവളത്ത് 'ഉദയ സമുദ്ര' പഞ്ചനക്ഷത്ര ഹോട്ടല്‍. വീട്ടിലെ വിളിപ്പേരായ മണികണ്ഠന്‍ എന്ന പേരിലാണ് മുംബൈയില്‍ അറിയപ്പെട്ടതെങ്കില്‍ നാട്ടില്‍ എസ്എസ്എല്‍സി ബുക്കിലെ ഔദ്യോഗിക പേരായ രാജശേഖരന്‍ നായര്‍ ആണ് പ്രശസ്തമായത്. 'ഉദയ സമുദ്ര രാജശേഖരന്‍ നായര്‍' കേരളത്തിലെ ഹോട്ടല്‍ വ്യവസായത്തിന്റെ മുഖമായിമാറി.

                              എന്തുകൊണ്ട് കേരളം
കേരളത്തിലുള്ളവര്‍ പോലും വ്യവസായം തുടങ്ങാന്‍ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. ഇവിടം വ്യവസായ സൗഹൃദസംസ്ഥാനമല്ല എന്നതാണ് കാരണം. എന്നിട്ടും മുംബൈയില്‍ നല്ല നിലയില്‍ ചെയ്തിരുന്ന തന്റെ ബിസിനസ് കേരളത്തിലേക്ക് പറിച്ചുനടാന്‍ രാജശേഖരന്‍നായരെ പ്രേരിപ്പിച്ചത് ജന്മനാടെന്ന ഒരേയൊരു വികാരം മാത്രം. അതെക്കുറിച്ച് രാജശേഖരന്‍ നായര്‍ പറയുന്നതിങ്ങനെ. 'വീടുവിട്ടുപോയ ശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് മടങ്ങിയെത്തിയത്. വീട്ടില്‍ രണ്ടുവര്‍ഷവും ഓണം ആഘോഷിച്ചിരുന്നില്ല എന്ന് അമ്മ പറഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞു. ബന്ധുക്കളും നാട്ടുകാരുമൊക്കെ കാണിച്ച സ്‌നേഹം മനസ്സില്‍ കൊണ്ടു. പിന്നീട് എന്തൊക്കെ തിരക്കുണ്ടെങ്കിലും എല്ലാവര്‍ഷവും  നാട്ടിലെത്തും. ഓണം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം. നാട്ടില്‍ കുറച്ചു പേര്‍ക്ക് തൊഴില്‍ നല്‍കണം എന്നത് ഓരോ തവണ വരുമ്പോഴും മനസ്സില്‍ വരും. അതിന്റെ സാക്ഷാത്ക്കാരമാണ് ഉദയ സമുദ്ര.

കോവളത്തിനടുത്ത് വെള്ളാറില്‍ സമുദ്രത്തോടു ചേര്‍ന്ന പാറക്കൂട്ടവും ചാലുകളും ഉള്ള സ്ഥലം. അവിടെ പാറപൊട്ടിക്കുന്ന സ്തീകളുടെ അവസ്ഥ വേദനയാണുണ്ടാക്കിയത്. ഇടതുകൈയില്‍ കുട്ടിയെ എടുത്ത് മുലയൂട്ടുകയും വലത് കൈകൊണ്ട് പാറ പൊട്ടിക്കുകയും ചെയ്യുന്ന യുവതിയുടെ ചിത്രം ഒപ്പമുണ്ടായിരുന്ന വിദേശി എടുത്തപ്പോള്‍ വിഷമമാണ് തോന്നിയത്. ചിത്രം നല്ലതായിരുന്നുവെങ്കിലും നമ്മുടെ ദാരിദ്ര്യമാണല്ലോ പ്രതിഫലിപ്പിക്കുന്നത് എന്നത് പ്രയാസപ്പെടുത്തി. അവിടെ ഒരു റിസോര്‍ട്ട് എന്ന ആശയം ഉണ്ടായത് അതില്‍നിന്നാണ്'
വെള്ളാറിന്റെ മുഖച്ഛായ മാറ്റുന്ന സ്ഥാപനമായി ഉദയസമുദ്ര ബീച്ച് റിസോര്‍ട്ട് ഉയര്‍ന്നു.

225 ലക്ഷ്വറി മുറികളുള്ള കേരളത്തിലെ ഏറ്റവും വലിയ  ബീച്ച് റിസോര്‍ട്ട്. പഞ്ചനക്ഷത്ര പദവിയുള്ള സംസ്ഥാനത്തെ ചുരുക്കം സ്ഥാപനങ്ങളിലൊന്ന്. 2011 മുതല്‍ തുടര്‍ച്ചയായി ആറ് വര്‍ഷവും മികച്ച നക്ഷത്ര ഹോട്ടലിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, കഴിഞ്ഞ ഏഴ് വര്‍ഷവും ലോകത്തെ മികച്ച ബീച്ച് റിസോര്‍ട്ട് ഹോട്ടല്‍. ഉദയസമുദ്ര ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക് പുറമെ ശംഖുമുഖത്ത് എയര്‍പോര്‍ട്ട് ഹോട്ടലായ ഉദയ സ്യൂട്ട്‌സ്, വിമാന യാത്രികര്‍ക്ക് ഭക്ഷണമൊരുക്കുന്ന ഉദയ ഫ്‌ളൈറ്റ് കാറ്ററിങ് യൂണിറ്റ്, പാറശാലയില്‍ ഉദയസൂര്യ എന്നിവയും അതിഥി സേവയുടെ മഹത്വം ഉയര്‍ത്തുന്ന സ്ഥാപനങ്ങളായി വളര്‍ന്നു. കവടിയാറില്‍ പണി തീരാറാകുന്ന അത്യാധുനിക കണ്‍ വെന്‍ഷന്‍ സെന്റര്‍, ആലപ്പുഴയിലെ ബീച്ച് റിസോര്‍ട്ട്, വാഗമണിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവകൂടി അടുത്തവര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. മുംബൈയിലുള്ള റസ്‌റ്റോറന്റ് ശൃംഖലകള്‍ തുടരുമെങ്കിലും വന്‍ നിക്ഷേപങ്ങളെല്ലാം കേരളത്തില്‍ മതിയെന്ന തീരുമാനത്തിലാണ് രാജശേഖരന്‍ നായര്‍.  അതെക്കുറിച്ച് ചോദിച്ചപ്പോഴാണ് നരേന്ദ്രമോദിയുമായുള്ള ആദ്യകൂടിക്കാഴ്ചയുടെ അനുഭവം പറഞ്ഞത്.

'മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ഗവര്‍ണറുമായിരുന്ന റാം നായിക്കാണ് അടുത്തറിയുന്ന ആദ്യ രാഷ്ട്രീയ നേതാവ്. അദ്ദേഹം ആദ്യം മുംബൈയില്‍ മത്സരിച്ചപ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വരെ പോയിട്ടുണ്ട്. പിന്നീട് എല്ലാ പാര്‍ട്ടികളിലുംപെട്ട നേതാക്കളുമായി സൗഹൃദം പുലര്‍ത്താനുള്ള അവസരം കിട്ടി. കാണണമെന്ന് ആഗ്രഹിച്ച നേതാവ് നരേന്ദ്രമോദിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കേരളത്തിലെത്തിയപ്പോള്‍ അതിന് അവസരം കിട്ടി. മസ്‌ക്കറ്റ് ഹോട്ടലിലെ ആ കൂടിക്കാഴ്ച മറക്കില്ല. ബിസിനസിന്റെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞശേഷം, 'ഗുജറാത്തിലും ധാരാളം തീരങ്ങളുണ്ട്, പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ട് തുടങ്ങാന്‍ അവിടേക്ക് ക്ഷണിക്കുന്നു, എല്ലാവിധ സഹായവും നല്‍കാം' എന്ന് മോദി പറഞ്ഞു. 'ഗുജറാത്തില്‍ നിക്ഷേപമിറക്കാന്‍ പണമുള്ളവര്‍ ധാരാളമുണ്ട്. കേരളത്തിന്റെ അവസ്ഥ അതല്ല. ജന്മനാട്ടില്‍ കുറച്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ബിസിനസ് മാറ്റിയത്. അതിനാല്‍ ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹം.

ഗുജറാത്തിലേക്കില്ല'. എന്റെ മറുപടി മോദിക്ക് ഇഷ്ടപ്പെട്ടു എന്ന് പ്രതികരണത്തില്‍ നിന്നു മനസിലായി. നിങ്ങള്‍ പറഞ്ഞതാണ് ശരിയെന്നു പറഞ്ഞ് അത് പ്രകടിപ്പിക്കുകയും ചെയ്തു. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച എന്നിലെക്ക് വല്ലാത്തൊരു ഊര്‍ജ്ജം പ്രവഹിച്ചതുപോലെയായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രധാനമന്ത്രിയായും തിരുവനന്തപുരത്ത് വന്നപ്പോഴൊക്കെ നരേന്ദ്രമോദിക്ക് ഭക്ഷണം വിളമ്പാനായി എന്നതില്‍ അഭിമാനമുണ്ട്'

                   വിദ്യാധനം
അതിഥി സല്‍ക്കാര വ്യവസായത്തിനു പുറത്ത് രാജശേഖരന്‍ നായര്‍ കേരളത്തില്‍ ആരംഭിച്ച സംരംഭമാണ് ചെങ്കലിലെ സായികൃഷ്ണ പബഌക് സ്‌കൂള്‍. അതിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താന്‍ എത്തിയിരിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിലാണോ എന്ന സംശയം ശശി തരൂര്‍ പ്രകടിപ്പിച്ചത്. സ്‌സൂളിലെ അത്യാധുനിക സൗകര്യങ്ങള്‍ തന്നെ കാരണം. നാട്ടിന്‍ പുറത്ത് ഇത്തരമൊരു സ്‌കൂളോ എന്ന ചോദ്യത്തിന് രാജശേഖരന്‍ നായര്‍ മറുപടി പറഞ്ഞു.

' ഒരു തവണ നാട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ പഠിച്ച െ്രെപമറി സ്‌കൂളിനു മുന്നില്‍ ചെറിയൊരാള്‍ക്കൂട്ടം. സ്‌കൂള്‍ പൂട്ടാന്‍ പോകുന്നു എന്നറിഞ്ഞ് രക്ഷിതാക്കള്‍ പ്രതിഷേധത്തിനെത്തിയതാണ്. പലരും പരിചയക്കാര്‍. എന്തെങ്കിലും ചെയ്യാമെന്ന് അവരോട് പറഞ്ഞു. സ്‌കൂള്‍ മേനേജ്‌മെന്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. മൂന്നു തവണ മുടങ്ങി. അതിന് ജപ്തി നോട്ടീസ് പതിപ്പിച്ചതാണ്. അതില്‍ പന്തികേടുണ്ടല്ലോ എന്നു തോന്നി ബാങ്കുകാരുമായി ബന്ധപ്പെട്ടു. അവര്‍ മറ്റാര്‍ക്കോ വേണ്ടി സ്‌സൂള്‍ പൂട്ടാനാണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലായി. എനിക്കും വാശിയായി. അടയ്ക്കാനുള്ള 35 ലക്ഷം രൂപ അടയ്ക്കാമെന്നേറ്റു. നിലവിലുണ്ടായിരുന്ന മാനേജ്‌മെന്റിനോടുതന്നെ സ്‌കൂള്‍ തുടര്‍ന്ന് നടത്താന്‍ പറഞ്ഞെങ്കിലും തയ്യാറായില്ല.

വിശ്വാസം നഷ്ടപ്പെട്ടതിനാല്‍  കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിക്കും എന്നായിരുന്നു മറുപടി. തുടര്‍ന്ന് ഉദയ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ സ്‌കൂള്‍ നടത്തിവഷളകയാണ്. 300 കുട്ടികളുമായി ആരംഭിച്ച സ്‌കൂളില്‍ ഇപ്പോള്‍ 1400 പേരുണ്ട്. 3000 പേര്‍ക്ക് പഠിക്കാന്‍ കഴിയും. സൗകര്യത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ മികച്ച സ്‌കൂളുകളിലൊന്നായി മാറിയതില്‍ സന്തോഷമുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഒരു സ്‌കൂള്‍ തുടങ്ങാന്‍ ആഗ്രഹമുണ്ട്. മികച്ച വിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ക്ക് പ്രാപ്യമാക്കുക എന്ന എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിക്കുക മാത്രമാണ് ലക്ഷ്യം'

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ റോള്‍ മോഡലായി രാജശേഖരന്‍ നായരെ കാണാം. തന്റെ സ്ഥാപനങ്ങളില്‍ പുലര്‍ത്തുന്ന ശുചിത്വം മാത്രമല്ല കാരണം. 17 വര്‍ഷം മുന്‍പ് തിരുവനന്തപുരം നഗരസഭ  'ഗ്രീന്‍ സിറ്റി കഌന്‍ സിറ്റി' പദ്ധതിയുമായി വന്നപ്പോള്‍ സഹകരണം പ്രഖ്യാപിക്കുകയും അന്ന് ഏറ്റെടുത്ത കാര്യങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കുകയും ചെയ്യുന്നു. വെള്ളയമ്പലത്തെ അയ്യങ്കാളി പാര്‍ക്ക്, തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനു മുന്നിലെ പൊന്നറ ശ്രീധര്‍  പാര്‍ക്ക്, തിരുവനന്തപുരം വിമാനത്താവള പരിസരം, ദേശീയ പാതയിലെ വിവിധ ജംഗ്ഷനുകള്‍ എന്നിവയുടെ സംരക്ഷണ ചുമതല ഉദയ സമുദ്ര ഗ്രൂപ്പിനാണ്.

                              നായിക, താര കുടുംബം

രാജശേഖരന്‍ നായര്‍ ഭാര്യ രാധ, മക്കളായ വിഘ്‌നേഷ്, കാര്‍ത്തിക, തുളസി എന്നിവര്‍ക്കൊപ്പം
ആകാരത്തിലും സൗന്ദര്യത്തിലും ഏതൊരു സിനിമാ താരത്തിനും ഒപ്പം നില്‍ക്കും രാജശേഖരന്‍ നായര്‍. ബിസിനസ്സ്  വിജയത്തിന് ഗഌമറും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. പക്ഷേ സിനിമയുമായുള്ള ബന്ധം 1991 ല്‍ തെന്നിന്ത്യന്‍ നായിക നടി രാധയെ വിവാഹം ചെയ്തതോടെയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നൂറ്റിഇരുപതോളം സിനിമകളില്‍ അഭിനയിച്ച നടി. പ്രമുഖ നടി അംബികയുടെ സഹോദരി. മലയാളവും തമിഴും തെലുങ്കും കന്നടയും ഒക്കെ രാധയുടെ ഡേറ്റിനായി കാത്തു നിന്ന കാലമുണ്ട്. ചിരഞ്ജീവി, രജനീകാന്ത്, സത്യരാജ്, വിജയകാന്ത്, പ്രഭു, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍, ഭാരതിരാജ, കാര്‍ത്തിക്, മോഹന്‍ലാല്‍, ഭരത് ഗോപി, നസീര്‍, നാഗാര്‍ജുന, വിഷ്ണുവര്‍ദ്ധന്‍, വെങ്കടേഷ്, മോഹന്‍ ബാബു തുടങ്ങി പ്രമുഖ നായകര്‍ക്കൊപ്പം രാധ അഭിനയിച്ചു.

രാജശേഖരന്‍രാധ ദമ്പതികളുടെ പെണ്‍മക്കളായ കാര്‍ത്തികയും തുളസിയും അമ്മയുടെ പാത പിന്‍തുടര്‍ന്നു. തെലുങ്കിലായിരുന്നു കാര്‍ത്തികയുടെ അരങ്ങേറ്റം. ജോഷ് എന്ന സിനിമയില്‍ നാഗചൈതന്യയുടെ നായിക. മകരമഞ്ഞ്, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ മലയാള ചിത്രങ്ങളിലും തമിഴ്, കന്നട സിനിമകളിലും കാര്‍ത്തിക നായികയായി. മണിരത്‌നത്തിന്റെ കാതല്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച തുളസിനായര്‍, യാന്‍ എന്ന തമിഴ് സിനിമയില്‍ ജീവയുടെ നായികയായി മികച്ച അഭിനയം കാഴ്ചവച്ചു. രാധയ്ക്കും കാര്‍ത്തികയ്ക്കും തുളസിക്കും അഭിനയകാര്യത്തില്‍ രസകരമായ സാദൃശ്യമുണ്ട്. മൂവരുടേയും അരങ്ങേറ്റം 16ാം വയസില്‍. മകന്‍ വിഘ്‌നേഷ് അച്ഛന്റെ പാത പിന്തുടരാന്‍ ലണ്ടനില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി പരിശീലനത്തിനായി ലീല ഗ്രൂപ്പില്‍ മാനേജരായി ജോലിനോക്കുന്നു.

കാര്‍ത്തികയും തുളസിയും പഠിക്കുന്നതും ലണ്ടനിലാണ്. രാധയുടെ യഥാര്‍ത്ഥ പേര് ഉദയചന്ദ്രിക. സമുദ്രതീരത്ത് തുടങ്ങിയ റിസോര്‍ട്ടിന് ഉദയസമുദ്ര എന്ന പേരു വന്നതും അങ്ങനെ.
കഠിനാധ്വാനത്തിനൊപ്പം ഈശ്വരാനുഗ്രഹവും. അതാണ് തന്റെ വിജയത്തിന് കാരണമെന്നാണ് രാജശേഖരന്‍ നായരുടെ നിലപാട.് 16 മണിക്കുര്‍ പണിയെടുക്കുക എന്നത് 16ാം വയസില്‍ തുടങ്ങിയതാണ്. 61ാം വയസിലും അത് തുടരുന്നു. 'ലോകത്തെവിടെയാണെങ്കിലും രാവിലെ കുളിച്ച് പൂജയ്ക്ക് ശേഷമേ വെള്ളം പോലും കുടിക്കൂ എന്ന ശീലത്തിനും മുടക്കം വരുത്താറില്ല' രാജശേഖരന്‍ നായര്‍ പറഞ്ഞു സാഗരത്തെ സാക്ഷിയാക്കി രാജശേഖരന്‍ തുടങ്ങിയ റിസോര്‍ട്ടുകള്‍ യഥാര്‍ത്ഥത്തില്‍ ഈ രംഗത്തെ ഉദയസൂര്യനെന്ന് നിസ്സംശയം പറയാം.

No comments:

Post a Comment