ആദിശങ്കരന്റെ അദ്വൈതബോധവും സ്വാമി വിവേകാനന്ദന്റെ സമരാത്മകതയും ശ്രീനാരായണ ഗുരുദേവന്റെ അനുകമ്പയും മഹര്‍ഷി അരവിന്ദന്റെ ആത്മജ്ഞാനവും കാറല്‍ മാര്‍ക്‌സിന്റെ അപഗ്രഥന പാടവവും ഭിന്നമാത്രകളില്‍ സ്വാംശീകരിച്ച ഒരാള്‍ . ധ്യാനനിര്‍ഭരമായ മനസ്സും കര്‍മനിരതമായ ശരീരവും ആശയങ്ങളുടെ അക്ഷയസ്രോതസ്സായ ബുദ്ധിയും നല്‍കി ജഗദീശ്വന്‍ കനിഞ്ഞനുഗ്രഹിച്ച മഹാത്മാവ് . ദേശീയത എന്ന സങ്കല്‍പ്പത്തിന് ഭാവനയുടെ ചിറകുകള്‍ നല്‍കിയ കവി, ആദര്‍ശം മുഖമുദ്രയാക്കിയ ആര്‍എസ്എസ് പ്രചാരകന്‍, ആധുനിക കേരളം കണ്ട അതുല്യസംഘാടകന്‍, മാതൃഭാഷയായ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും അയത്‌നലളിതമായും ആധികാരികമായും ആകര്‍ഷകമായും ഒരുപോലെ എഴുതാനും പ്രസംഗിക്കാനും കഴിയുന്നയാള്‍, സര്‍വോപരി ഹിന്ദുത്വ ദര്‍ശനത്തിന്റെ സൈദ്ധാന്തികന്‍… അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി.പരമേശ്വര്‍ജിക്ക് നല്‍കാവുന്ന വിശേഷണങ്ങള്‍. ഇവയോരൊന്നും മറ്റാരെക്കാളും ഈ മഹാമനീഷി അര്‍ഹിക്കുന്നു.
സംഘവുമായുള്ള ബന്ധം പറഞ്ഞോ എഴുതിയോ ഫലിപ്പിക്കാനാകുന്നതല്ല എന്നായിരുന്നു വാര്‍ഷികപതിപ്പിലേക്ക് രാഷ്ട്രീയ സ്വയം സേവകസംഘവും ഞാനും എന്ന വിഷയത്തില്‍ ലേഖനം ചോദിച്ചപ്പോള്‍ പി. പരമേശ്വരന്റെ മറുപടി. അമ്മയോടുള്ള ബന്ധം എങ്ങനെയെന്നു ചോദിച്ചാല്‍ എങ്ങനെ വിശദീകരിക്കും. അതുപോലെ ഒന്നാണ് സംഘവുമായുള്ള ബന്ധവും. വാക്കുകള്‍ക്ക് ഒതുങ്ങാത്ത അനുഭവമാണത്. ആ ബന്ധം വിശദീകരിക്കാനുള്ള ശ്രമം പ്രസംഗം നോക്കി വായിക്കുന്നതു പോലെ യാത്രികമാകും. അതിനാല്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം നല്‍കാം എന്ന നിബന്ധന അദ്ദേഹം വെച്ചു. അതനുസരിച്ചപ്പോള്‍ കിട്ടിയത ഹിന്ദുത്വ ചിന്തയുടെ കേരളത്തിലെ ഏറ്റവും ശക്തമായ വക്താവ് പി. പരമേശ്വരന്‍ രാഷ്ട്രീയസ്വയം സേവകസംഘവുമായി എങ്ങനെ ലയിച്ചുചേര്‍ന്നിരിക്കുന്നു എന്നതിന്റെ ഉത്തരമായിരുന്നു. അദ്ദേഹം പറഞ്ഞതുപോലെ എഴുതിപിടിപ്പിക്കാന്‍ കഴിയാത്ത ബന്ധം.
വീട്ടിലെ സാഹചര്യം:
ആലപ്പുഴ ചേര്‍ത്തലയിലെ മുഹമ്മയില്‍ 1926 ലായിരുന്നു ജനനം. കന്നിമാസത്തിലെ തിരുവോണനാളില്‍.
കുഗ്രാമമായിരുന്നെങ്കിലും ജ്യോതിഷികളും കവികളും ഒക്കെയായി പണ്ഡിതന്മാര്‍ ധാരാളമുണ്ടായിരുന്നു അക്കാലത്ത് അവിടെ . അച്ഛന്‍ ................... കവിതാവാസന ഉള്ള ആളായിരുന്നു. നാട്ടിലെ നല്ലാ നല്ലകാര്യങ്ങള്‍ക്കും മുന്‍നിരയില്‍ നിന്നിരുന്നു. ധര്‍മ്മനിഷ്ഠമായ അന്തരീക്ഷമായിരുന്നു വീട്ടില്‍. മുടങ്ങാതെ ജപവും കൃത്യമായി പൂജയും ഒക്കെ നടന്നിരുന്നു. എന്നെ മികച്ച പ്രാസംഗികനാക്കണം എന്ന ആഗ്രഹം അച്ഛനുണ്ടായിരുന്നു. സ്‌കൂള്‍ കൂട്ടിയായിരിക്കുമ്പോള്‍ മലയാള ബ്രാഹ്മണസമാജത്തിന്റെ പരിപാടിയില്‍ പ്രസംഗിപ്പിക്കുയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസത്തിന്റെ സ്വാധീനം ഗ്രാമത്തില്‍ ശക്തമായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായി കെ.കെ.കുമാരനായിരുന്നു ഏറ്റവും അടുത്ത സുഹൃത്ത്. തികഞ്ഞ ആദര്‍ശശാലിയായ അദ്ദേഹം മരിക്കുംവരെ ആ ബന്ധം നിലനിര്‍ത്തി. (കുമാരന്‍ തന്നോടൊപ്പം തിരുവനന്തപുരത്തേക്ക് പഠിക്കാന്‍ വന്നിരുന്നെങ്കില്‍ നല്ല ഒരു സ്വയംസേവകനായി മാറിയേനെ എന്ന കാര്യത്തില്‍ പി. പരമേശ്വരന് തര്‍ക്കമില്ല) പ്രാഥമിക വിദ്യാഭ്യാസം മുഹമ്മ സ്‌കൂളിലായിരുന്നു. പ്രീഡിഗ്രി ചങ്ങനാശ്ശേരി എസ്ബി കോളേജില്‍. എല്ലാ വിഷയങ്ങളിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്.എം.എ ബിരുദത്തിന് തുല്യമായ ബിഎ ഓണേഴ്‌സിന് ഒന്നാംസ്ഥാനവുcസ്വര്‍ണമെഡലും നേടി. യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയപ്പോഴാണ് സംഘത്തെ അടുത്തറിയാന്‍ അവസരം ഒരുങ്ങിയത്.
ആഗമാനന്ദസ്വാമിയില്‍നിന്ന് ഗുരുജിയിലേക്ക്:
ചെറുപ്പംമുതല്‍ ആദ്ധ്യാത്മകതയുടേയും ദേശസ്‌നേഹത്തിന്റെയും സംയുക്ത പരിണയം മനസ്സില്‍ ഉണ്ടായിരുന്നു. ആഗമനാനന്ദസ്വാമിയുമായുള്ള അടുപ്പവും സഹവാസവും ആദ്ധ്യാത്മികതയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. വിവേകാനന്ദ-രാമകൃഷ്ണ ദര്‍ശനങ്ങളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം.പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് കല്‍ക്കട്ട ബേലൂല്‍മഠം ആഗമാനന്ദസ്വാമിയോടൊപ്പം സന്ദര്‍ശിച്ചിരുന്നു. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിലേക്ക് പോകാന്‍ സാധ്യതയും പ്രേരണയും ഉണ്ടായിരുന്നു.ആഗമാനന്ദനൊപ്പം വിദ്യാര്‍ത്ഥിജീവിതകാലത്തുതന്നെ ഭാരതതീര്‍ത്ഥാടനം നടത്തിയ പരമേശ്വര്‍ജി രാമകൃഷ്ണമിഷനില്‍നിന്ന് ദീക്ഷ സ്വീകരിച്ചയാളാണെന്ന് അധികമാര്‍ക്കും അറിയില്ല.
സംഘത്തിന്റെ രണ്ടാമത്തെ സംര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെ കാണാനിടയായത് വഴിത്തിരിവായി. തമിഴ്‌നാട്ടിലെ ആറ്റൂരില്‍ നടന്ന ക്യാമ്പില്‍ വെച്ചാണ് ഗുരുജിയെ ആദ്യം കാണുന്നത്. ഗുരുജിയുടെ വാക്കുകള്‍ കേട്ടപ്പോള്‍, ഇതുതന്നെയല്ല വിവേകാനന്ദന്‍ പറഞ്ഞത് എന്ന ചിന്ത വന്നു. വിവേകാന്ദന്‍ ഉണര്‍ത്തിവിട്ട പ്രേരണ പ്രയോഗികമാക്കുന്നത് സംഘപ്രവര്‍ത്തമാണെന്ന വിചാരം ശക്തമായി. ആഗമാനന്ദസ്വാമിയില്‍ നിന്ന് ഗുരുജിയിലേക്കുള്ള മാറ്റമായിരുന്നു അത്. പിന്നീട് ഗുരുജി കേരളത്തിലെത്തിയപ്പോഴൊക്കെ കൂടെ യാത്രചെയ്യാന്‍ അവസരമുണ്ടായി. ട്രയിനില്‍ ഗുരുജിക്കൊപ്പമുള്ള യാത്രകള്‍ വലിയ അനുഭവമായിരുന്നു. യാത്രയിലുടെ നീളം വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. റയില്‍വേ സ്റ്റേഷനുകളില്‍ ഗുരുജി നേരത്തേ എത്തും.ഫ്‌ളാറ്റ്‌ഫോമില്‍ ഗുരുജിക്ക് ഇരിക്കാനായി സ്റ്റേഷന്‍മാസ്റ്റര്‍ കസേര ഇട്ടുകൊടുക്കുമായിരുന്നു. കുറെ സ്വയംസേവകരും എത്തും. ട്രയിന്‍ വരുന്നതുവരെ അവരുമായി ഗുരുജി ആശയവിനിമയം നടത്തും. നാഗപ്പൂര്‍ കാര്യാലയത്തില്‍ താമസിക്കാനുള്ള അവസരം അന്നുണ്ടായി. ശ്വാസസംബന്ധമായ അസുഖത്തെതുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന എന്നോട് പുനയിലുള്ള ഹോമിയോ ഡോക്ടര്‍ നാം ജോഷിയെ ചെന്നുകാണാന്‍ ഗുരുജി നിര്‍ദ്ദേശിച്ചു. പൂനയിലെ ചികിത്സക്ക് ശേഷം രണ്ടുമാസം നാഗപ്പൂര്‍ കാര്യാലയത്തിലായിരുന്നു താമസം. ഗുരുജിക്കൊപ്പം ശാഖയില്‍ പങ്കെടുക്കും. ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം. കാര്യവും തമാശയും ഒക്കെപറഞ്ഞ് സംമയം എടുത്തായിരുന്നു ഭക്ഷണം കഴിപ്പ്
സംഘത്തെക്കുറിച്ച് ആദ്യം പറഞ്ഞത് എം പി മന്മഥന്‍:
ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ പഠിക്കുമ്പോള്‍ അവിടെ യംങ്‌മെന്‍ അസോസിയേഷന്‍ എന്ന ഒരു സംഘടന രൂപീകരിച്ചിരുന്നു. അസോസിയേഷന്റെ പരിപാടിക്ക് എം പി മന്മഥന്‍ സാറിനെ വിളിച്ചു. എന്‍ എസ് എസ് കോളേജിന്റെ വാര്‍ഡനായിരുന്നു അന്ന് അദ്ദേഹം. ശിവജിയുടേയും റാണാപ്രതാപന്റേയും ചിത്രത്തില്‍ രക്തമാലചാര്‍ത്തി പ്രതിജ്ഞ എടുക്കുന്ന സംഘടന വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദുക്കളുടെ നന്മക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേര് രാഷ്ട്രീയ സ്വയം സേവക സംഘം എന്നാണെന്നും മന്മഥന്‍ സാര്‍ പ്രസംഗത്തില്‍ പറഞ്ഞു.
ആദ്യശാഖ; ആര്‍ ശങ്കര്‍ സംഘ ശാഖയില്‍
ആദ്യശാഖ ഏതായിരുന്നു എന്നു ചോദിച്ചാല്‍ ശരിയുത്തരം ഏതെന്ന സംശയമുണ്ട്. ചങ്ങനാശ്ശേരിയില്‍ പഠിക്കുമ്പോള്‍ പെരുന്നയില്‍ നടന്നിരുന്ന ശാഖയില്‍ പോയിരുന്നു. സംഘത്തെ അറിഞ്ഞിട്ടോ സ്വയംസേവകനെന്ന നിലയിലോ ആയിരുന്നില്ല അത്. ആനിലയില്‍ പങ്കെടുക്കുന്നത് തിരുവനന്തപുരത്തെ ശാഖയിലാണ്. ഇപ്പോള്‍ സംസ്‌കൃതിഭവന്‍ നില്‍ക്കുന്നിടത്തായിരുന്നു ശാഖ. പിന്നീട് പ്രചാരകന്മാരായി മാറിയ എം എ കൃഷ്ണന്‍, പി നാരായണന്‍, പ്രകൃതി ചികിത്സയുടെ വക്താവായിരുന്ന വര്‍മ്മ , ബൊക്കാറോ സ്റ്റീല്‍ പ്‌ളാന്റിന്റെ ജനറല്‍ മാനേജരായി മാറിയ കുമാരസ്വാമി എന്നിവരൊക്കെ ഈ ശാഖയിലെ സ്വയംസേവകരായിരുന്നു.സംഘത്തിന്റെ കായിക കാര്യങ്ങളില്‍ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അ കാര്യത്തില്‍ പിന്‍നിരക്കാരനായിരുന്നു. ആശയപരവും ബൗദ്ധികവുമായ കാര്യങ്ങളിലാണ് ശ്രദ്ധിച്ചത്.
ഗാന്ധി വധത്തെത്തുടര്‍ന്ന് സംഘത്തെനിരോധിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു. പഠനവും ഒരു വര്‍ഷം മുടങ്ങി. അപ്പോള്‍ കൊല്ലത്തേക്ക് പോയി സംഘപ്രവര്‍ത്തനം ചെയ്യാന്‍ എന്നോടാവശ്യപ്പെട്ടു. കൊല്ലം നഗരത്തിലായിരുന്നു ശാഖ. നിരവധി അഭിഭാഷകര്‍ ഈ ശാഖയില്‍ വരുമായിരുന്നു. മുന്‍മുഖ്യമന്ത്രിയും എസ് എന്‍ ഡി പി യോഗം സെക്രട്ടറിയുമൊക്കെയായിരുന്ന ആര്‍ ശങ്കര്‍ ഈ ശാഖയില്‍ വരുമായിരുന്നു
ക്യാമ്പില്‍നിന്ന് പറഞ്ഞയച്ചു
എനിക്ക് പോകേണ്ടിയിരുന്ന ഒ.ടി.സി (ഓഫീസേഴ്‌സ് ട്രയനിംഗ് കോഴ്‌സ്) തമിഴ്‌നാട്ടിലെ നെല്ലൂരിലായിരുന്നു. ബിരുദാനന്തര ബിരുദ പരീക്ഷ കഴിഞ്ഞ് വൈവക്ക് നില്‍ക്കാതെ ഒ.ടി.സി ക്ക് പോയി. ദാദാജി പരമാര്‍ത്ഥിനായിരുന്നു ക്യമ്പിന്റെ ചുമതല. വിവരമറിഞ്ഞ അദ്ദേഹം എന്നോട് ബാഗുമെടുത്ത് തിരികെപോകാന്‍ ആവശ്യപ്പെട്ടു. ആദ്യം പരീക്ഷ എന്നിട്ട്മതി ക്യാമ്പ് എന്നതായിരുന്നു ദാദാജിയുടെ നിലപാട്. തിരിച്ചുവന്ന് വൈവയ്ക്ക് ഹാജരായി. പരീക്ഷ ജയിച്ചു.അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ.
പ്രചാരകനാകാന്‍ ഇന്നത്തെതുപോലുള്ള രീതി അന്നില്ലായിരുന്നു. അറിയാതെ പ്രചാരക് ആയി മാറുകയായിരുന്നു എന്നു പറയാം. നാഗപ്പൂരില്‍നിന്ന് എത്തിയ പ്രചാരകന്‍ മനോഹര്‍ ദേവുയുള്ള വ്യക്തിബന്ധവും അതിനുകാരണമായി. ഗാന്ധിവധത്തെത്തുടര്‍ന്നുള്ള നിരോധനവും കുടുംബത്തിന്റെ പ്രതീക്ഷക്ക് വിപരീതമായി പ്രചാരകനായി പോകേണ്ടിവരുന്നതും പ്രതികൂല ഘടകമായിരുന്നു. എന്തോ നല്ലാ കാര്യത്തിന് പോയിരിക്കുന്നു എന്നുമാത്രമേ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുള്ളൂ. നല്ല കാര്യത്തിനാണേലും സ്വന്തം മകന്‍ പോകുമ്പോഴത്തെ വിഷമം സ്വാഭാവികമായി അച്ഛനുണ്ടായിരുന്നു
നിരോധനം നീങ്ങിയതോടെ ആര്‍എസ്എസ് പ്രചാരകനായി. ചങ്ങനാശ്ശേരിയിലും കൊല്ലത്തും കുറച്ചുകാലം നിയോഗിക്കപ്പെട്ടു. പിന്നീട് പ്രവര്‍ത്തനമേഖല കോഴിക്കോട് കേന്ദ്രീകരിച്ച് മലബാറിലേക്ക് മാറ്റി. ഇക്കാലത്താണ് ഇപ്പോള്‍ ദേശീയതയുടെ മാധ്യമാവിഷ്‌കാരമായി മാറിയിരിക്കുന്ന 'കേസരി' വാരിക തുടക്കം കുറിച്ചത്. 'കേസരി'യുടെ പത്രാധിപരായി
1958 ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. ഒമ്പത് വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1967 ല്‍ കോഴിക്കോട് ചേര്‍ന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും അഞ്ചാറുവര്‍ഷം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. ഈ പദവിയിലിരിക്കെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അതില്‍ പ്രതിഷേധിച്ച് അറസ്റ്റുവരിച്ചതും തടവനുഭവിച്ചതും. ജയില്‍മോചിതനായശേഷം ജനസംഘം ലയിച്ച് ജനതാപാര്‍ട്ടി രൂപീകൃതമായതോടെ കക്ഷിരാഷ്ട്രീയത്തോട് എന്നേക്കുമായി വിടപറഞ്ഞു. ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മയ്ക്കായി സ്ഥാപിക്കപ്പെട്ട ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്.
. 1982ല്‍ തിരിച്ചെത്തിയതുമുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്ന ചുമതല വഹിക്കുന്നു. ഒപ്പം കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അധ്യക്ഷപദവിയും. എല്ലാം സംഘം പ്രവര്‍ത്തനം തന്നെ.
സംഘവും കമ്മ്യൂണിസവും
കമ്മ്യൂണിസ്റ്റാശയങ്ങള്‍ക്കൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തെയും അടുത്തറിഞ്ഞ പരമേശ്വരന്‍ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചെറുചലനങ്ങള്‍പോലും സൂക്ഷ്മമായി വീക്ഷിച്ചു. സോവിയറ്റ് യൂണിയനിലെ ഇരുമ്പുമറ തകര്‍ന്ന് അപ്രിയസത്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടും മുഖംതിരിച്ചുനിന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ കാപട്യം പി പരമേശ്വരന്‍ തുറന്നുകാട്ടി. ഒടുവില്‍ സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍നിന്ന് മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ പുറത്തുകൊണ്ടുവന്നപ്പോള്‍ പരമേശ്വരന്റെ പ്രവചനങ്ങളാണ് ശരിവയ്ക്കപ്പെട്ടത്. 'ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും' എന്ന പുസ്തകത്തിലൂടെ ഗോര്‍ബച്ചേവിന്റെ ആശയങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും പരമേശ്വരനായിരുന്നു.
'കമ്മ്യൂണിസ്റ്റുകാരുമായി യോജിക്കുക എന്നത് സാങ്കല്‍പ്പികം മാത്രമാണ്. പ്രത്യയശാസ്ത്രാധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ല എന്നതാണതിന് ഒരുകാരണം. അധികാരത്തില്‍ വരാന്‍ ആരോടും കൂട്ടുപിടിക്കുകയാണവര്‍. സംഘത്തോടുള്ള സഹകരണം ഇതിന് പ്രയാസം സൃഷ്ടിക്കും. കമ്മ്യൂണിസ്റ്റുകളുടെയും അടിത്തറ ഹിന്ദുക്കളാണ്. അടിയന്തരാവസ്ഥകാലത്ത് ഇരുകൂട്ടരും ഒരുമിച്ച് ജയിലില്‍ കിടന്നിരുന്നു. അപ്പോള്‍ നേതാക്കള്‍ തമ്മിലും പുറത്ത് അണികള്‍ക്കിടയിലും നല്ല ബന്ധം നിലനിന്നിരുന്നു. പുറത്തുവന്നപ്പോള്‍ ആ ബന്ധം നിലനിര്‍ത്തുന്നത് അപകടമാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോന്നി. അതിന്റെ ഫലമാണ് തലശ്ശേരി കലാപം.'പി പരമേശ്വരന്‍ പറഞ്ഞു
ഇ.എം.എസ്.നമ്പൂതിരിപ്പാട് പലപ്പോഴും തന്റെ സൈദ്ധാന്തിക എതിരാളിയായി കണ്ടത് പരമേശ്വരനെയായിരുന്നു
. ഇഎംഎസ് ഉന്നയിക്കുന്ന വാദഗതികള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയതോടൊപ്പം അദ്ദേഹത്തെ ഉത്തരംമുട്ടിക്കുന്ന മറുചോദ്യങ്ങളും പരമേശ്വരന്‍ പറഞ്ഞു
ഉന്നയിച്ചുപോന്നു. ശങ്കരദര്‍ശനത്തെക്കുറിച്ചുള്ള സംവാദം ഇതിലൊന്നായിരുന്നു.
സംഘത്തില്‍ വന്നതുകൊണ്ടുണ്ടായ നേട്ടം:
'മഹാപുരുഷസംശ്രയം' ആണ് സംഘപ്രവര്‍ത്തനം കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം. ദൈവാനുഗ്രഹംകൊണ്ട് മൂന്നുകാര്യങ്ങളാണ് കിട്ടുന്നത്. മനുഷ്യനായി പിറക്കുക, മോക്ഷത്തിനായി ആഗ്രഹിക്കുക, മോക്ഷം കിട്ടാന്‍ മഹാപുരുഷ സംശ്രയം സാധ്യമാകുക എന്നിവയാണവ. നിരവധി മഹാപുരുഷന്മാരുമായി ഇടപഴകാന്‍ കഴിഞ്ഞു എന്നത് സംഘപ്രവര്‍ത്തനംകൊണ്ട് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണ്.
സംഘപ്രവര്‍ത്തനം ഇന്ന്:
കൗമാരകാലത്തെ ആദര്‍ശവാദവും കാല്‍പ്പനികതയും ആണ് ഒരാളെ സംഘത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഇക്കാര്യത്തില്‍ കാലഘട്ടത്തിന്റെ വിത്യാസം സംഘത്തിലും ഉണ്ടായിട്ടുണ്ട്. ഹിന്ദുത്വാഭിമാനം ഇന്ന് പലരും പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ അത് ക്രിയാത്മകമാണോ എന്നതാണ് നോക്കേണ്ടത്. നമ്മോട് മറ്റുള്ളവര്‍ക്കുള്ള എതിര്‍പ്പിനെ ആശ്രയിച്ചുവേണ്ടത്. കൃസ്ത്യാനിയും മുസ്ലീവും ഇല്ലായിരുന്നെങ്കിലും ഹിന്ദുക്കളുടെ അസംഘടിത അവസ്ഥ മാറ്റാന്‍ സംഘം രൂപീകരിച്ചേനേ എന്ന് ഗുരുജി പറഞ്ഞിട്ടുണ്ട്. ഹിന്ദുത്വവബോധത്തില്‍ അധിഷ്ഠിതമായ ഹിന്ദുത്വാഭിമാനമാണ് ഉണ്ടാകേണ്ടത്. അതിനുള്ള പരിശ്രമമാണ് സംഘത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോഴും നടത്തികൊണ്ടിരിക്കുന്നത്.
സംഘത്തിന്റെ ഭാവി
ആഗ്രഹിക്കുന്ന പരിവര്‍ത്തനം സമാജത്തില്‍ വന്നുകഴിഞ്ഞാല്‍ സംഘത്തിന് പ്രതേ്യക സംഘടനയായി നിലനില്‍ക്കേണ്ടതില്ല. സമാജത്തില്‍ ആദര്‍ശനിഷ്ഠയും പരസ്പരബന്ധവും ഉണ്ടെങ്കില്‍ പിന്നെ സംഘം വേണ്ട. സംഘടിത സമാജത്തിന്റെ ബീജരൂപമാണ് സംഘം. സമാജപരിവര്‍ത്തനമാണ് സംഘത്തിന്റെ ലേം. അത് പല ഘടകങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്. വലിയൊരളവുവരെ പ്രവര്‍ത്തനത്തേയും പ്രവര്‍ത്തകരേയും ആശ്രയിച്ചാണിത്. യോഗ്യരായ പ്രവര്‍ത്തകര്‍ പര്യാപ്തമായ സംഖ്യയില്‍ ഉണ്ടെങ്കില്‍ ഈ പരിവര്‍ത്തനം വേഗം വരും. സമാജപരിവര്‍ത്തനത്തിലൂടെ രാഷ്ട്രീയ പരിവര്‍ത്തനം സാധ്യമാകും. എന്നാല്‍ രാഷ്ട്രീയ പരിവര്‍ത്തനം സമാജപരിവര്‍ത്തനത്തീലൂടെ വരില്ല. രാഷ്ട്രീയത്തിന് സംഘം അമിതപ്രാധാന്യം കൊടുക്കാത്തതും അതിനാലാണ്
.
ഭാരതീയ വിചാരകേന്ദ്രം
ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനുഭവങ്ങള്‍ കൈമുതലാക്കി 1982 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഭാരതീയ വിചാരകേന്ദ്രം സംവാദത്തിന്റെയും സത്യാന്വേഷണത്തിന്റെയും പുതിയൊരു വഴിത്താര വെട്ടിത്തുറന്നു. ദേശീയ ചിന്താസരണികള്‍ക്കൊപ്പം ദേശീയ ചിന്തകരേയും വിചാരകേന്ദ്രം പരിചയപ്പെടുത്തി. ചരിത്രം, തത്വചിന്ത, ദര്‍ശനം, പ്രത്യയശാസ്ത്രം, സമ്പദ്‌വ്യവസ്ഥ, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളില്‍ വിചാരകേന്ദ്രം നടത്തിയ ആശയസമരങ്ങള്‍ ഈടുവെപ്പുകളാണ്.
ഗ്രന്ഥകാരനെന്ന നിലയ്ക്ക് അദ്വിതീയമാണ് പരമേശ്വര്‍ജിയുടെ സ്ഥാനം. ആശയസമരത്തിന്റെ ശക്തമായ ആയുധങ്ങളും മാറ്റത്തിന് വഴിമരുന്നിടുന്നവയുമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. ഹിന്ദുധര്‍മവും ഇന്ത്യന്‍ കമ്മ്യൂണിസവും, സ്വാമി വിവേകാനന്ദനും കാറല്‍ മാര്‍ക്‌സും, മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്ക് എന്നീ ഗ്രന്ഥത്രയങ്ങള്‍ മാര്‍ക്‌സിസത്തിന്റെ ജയാപജയങ്ങള്‍ പരിശോധിച്ച് ബദല്‍ നിര്‍ദ്ദേശിക്കുന്നു. ഭ്രാന്താലയത്തില്‍നിന്ന് തീര്‍ത്ഥാലയത്തിലേക്ക്, ശ്രീനാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്നിവ കേരളത്തിന്റെ സാമൂഹ്യപരിഷ്‌കരണങ്ങള്‍ക്കു നേര്‍ക്കുപിടിച്ച കണ്ണാടിയാണ്. ഹാര്‍ട്ട്ബീറ്റ്‌സ് ഓഫ് ഹിന്ദു നേഷന്‍, ഭാരതം ഗതിയും നിയതിയും എന്നിവ ഭാവിഭാരതത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്നു. സ്വാമി വിവേകാനന്ദനെ സോഷ്യലിസ്റ്റാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ് വിവേകാനന്ദനും മാര്‍ക്‌സും എന്ന മാസ്റ്റര്‍പീസ് (ഇംഗ്ലീഷിലും മലയാളത്തിലും) പിറവിയെടുത്തത്. ശ്രീനാരായണ ഗുരുദേവനെ ദേശീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പരമേശ്വര്‍ജിയുടെ പുസ്തകത്തിലൂടെയാണ് കേരളത്തിനുപുറത്തുള്ളവര്‍ ആ മഹാത്മാവിന്റെ മഹത്വം ശരിയായി അറിഞ്ഞത്. അരവിന്ദദര്‍ശനത്തെ പരിചയപ്പെടുത്തുന്ന മഹര്‍ഷി അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍, ദിശാബോധത്തിന്റെ ദര്‍ശനം തുടങ്ങിയവയാണ് മറ്റ് ഗ്രന്ഥങ്ങള്‍. വ്യത്യസ്തമായ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന നൂറുകണക്കിന് ലേഖനങ്ങളും ഡസന്‍കണക്കിന് ലഘുലേഖകളും പരമേശ്വര്‍ജിയുടെ തൂലികയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്. അംഗീകാരങ്ങള്‍ നിരവധിയാണ് പരമേശ്വര്‍ജിയെ തേടിയെത്തിയിട്ടുള്ളത്. ഹനുമാന്‍ പൊദ്ദാര്‍ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, ഹിന്ദു ഓഫ് ദ ഇയര്‍ പുരസ്‌കാരം, വിദ്യാധിരാജ ദര്‍ശന പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, പത്മശ്രീ, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം എന്നിവ ഇവയില്‍പ്പെടുന്നു.