Sunday, December 1, 2019

അനര്‍ഘ നിമിഷം; അത്യപൂര്‍വ സംഗമം

അനര്‍ഘ നിമിഷം; അത്യപൂര്‍വ സംഗമം


വേശത്തേക്കാള്‍ ആദ്യവസാനം ആഢ്യത്വം തുളുമ്പി  ദുബായ്  ഇത്തിസലാത്ത് അക്കാദമി സ്‌റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ സദസ്സ്.  വേദിയില്‍ നടന വിസ്മയം മോഹന്‍ലാല്‍ എന്ന മഹാനടന്‍  നിറഞ്ഞാടുന്ന മെഗാഷോ. മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ പരിപാടി മനം നിറഞ്ഞ് ആസ്വദിക്കുന്ന ജനക്കൂട്ടം. ഒന്നര മണിക്കൂര്‍ പിന്നിട്ടതാരും അറിഞ്ഞില്ല.
വേദിയിലേക്ക് മൈക്കുമായെത്തിയ യുവസുന്ദരി സ്വയം പരിചയപ്പെടുത്തി. 'ഞാന്‍ കീര്‍ത്തി. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും  നടി മേനകയുടേയും മകള്‍. ഇത്തരമൊരു പരിപാടിയില്‍ ഭാഗമാകാനായത് പുണ്യം. ഈശ്വരാനുഗ്രഹം'. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാര ജേത്രിയായ കീര്‍ത്തി സുരേഷിന്റെ ഓരോ വാക്കുകളും സന്തോഷാധിക്യത്തോടെ സദസ്സ് സ്വീകരിച്ചു. കുറച്ചു കൂട്ടുകാരെക്കൂടി പരിചയപ്പെടുത്താം എന്നു പറഞ്ഞ് കീര്‍ത്തി പേരു വിളിച്ചു .'പ്രണവ് മോഹന്‍ലാല്‍'.  നിലയക്കാത്ത കൈയ്യടി. മുന്‍നിരയില്‍നിന്ന് എഴുന്നേറ്റ് സ്‌റ്റേജിലെത്തി സദസ്സിനെ പ്രണമിച്ച പ്രണവ് നിരത്തിയിട്ട കസേരയിലിരിക്കാതെ പിന്നില്‍ നിന്നു. അടുത്ത കൂട്ടുകാരിയെ വിളിച്ചു. 'വിസ്മയ മോഹന്‍ലാല്‍'. സദസ്സില്‍ ഒപ്പം ഇരുന്ന അച്ഛന്‍ മോഹന്‍ലാലിന്റേയും അമ്മ സുചിത്രയുടേയും അനുഗ്രഹം വാങ്ങി വിസ്മയയും വേദിയിലെത്തി സഹോദരന്‍ പ്രണവിന്  ഓരം ചേര്‍ന്നു നിന്നു. കീര്‍ത്തി വീണ്ടും കൂട്ടുകാരുടെ പേരുകള്‍ വിളിച്ചു.  നിരഞ്ജന്‍ രാജു, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍, കുഞ്ഞുണ്ണി എസ് കുമാര്‍. അവസാനം സഹോദരി രേവതിയേയും. എല്ലാവരും വേദിയിലെത്തി നിരത്തിയിട്ടിരുന്ന കസേരകളുടെ പിന്നിലായി നിന്നു. ഇനി, മുന്നിലിട്ടിരിക്കുന്ന കസേരകളിലേക്ക് ഞങ്ങളുടെ മാതാപിതാക്കളെ ക്ഷണിക്കുന്നുവെന്ന്  കീര്‍ത്തി പറഞ്ഞപ്പോള്‍ മുന്‍നിരയിലിരുന്ന, മലയാള സിനിമയില്‍ ആമുഖമൊന്നും തന്നെ ആവശ്യമില്ലാത്തവര്‍ എഴുന്നേറ്റ് വേദിയിലേക്ക്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സുചിത്ര, സുരേഷ് കുമാര്‍ മേനക, എസ്. കുമാര്‍, മണിയന്‍പിള്ള രാജു, ഇന്ദിര. എല്ലാവരും തങ്ങളുടെ മക്കളുടെ മുന്നിലെ കസേരകളില്‍ ഇരുന്നു.
 ദുബായിയില്‍ ജന്മഭൂമി സംഘടിപ്പിച്ച മോഹന്‍ലാലും കൂട്ടരും@41 പരിപാടിയിലെ സുന്ദര നിമിഷം. സിനിമയില്‍ ഉന്നതങ്ങള്‍ കീഴടക്കിയ മാതാപിതാക്കളുടേയും ഉന്നതിയിലേക്ക് കുതിക്കുന്ന മക്കളുടേയും അത്യപൂര്‍വ സംഗമം. മലയാള സിനിമയിലല്ല, ഇന്ത്യന്‍ സിനിമയിലല്ല ലോക സിനിമയില്‍ പോലും ഇത്തരമൊരു നിമിഷം സാധ്യമല്ലന്ന് പറഞ്ഞ് ജനപ്രതിനിധിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍ വേദിയിലെത്തി ആശംസ നേര്‍ന്നു.
ജന്മഭൂമിയുടെ എല്ലാമെല്ലാമായ, ഏവരുടേയും പ്രിയങ്കരനായ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജേട്ടനെക്കൂടി വേദിയിലേക്കു ക്ഷണിക്കുന്നു എന്നു പറഞ്ഞപ്പോള്‍ തുടങ്ങിയ കൈയ്യടി അവസാനിച്ചത് കുമ്മനം രാജശേഖരന്‍ വേദിയിലെത്തി അഭിവാദ്യം ചെയ്ത ശേഷം. മോഹന്‍ലാലും പ്രിയദര്‍ശനും ഉള്‍പ്പെടെ എല്ലാവരും കൂപ്പു കൈകളോടെ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു.
41 ദിവസത്തെ വ്രതമെടുക്കുന്ന മണ്ഡലകാലത്ത്  41 വയസ്സ് പിന്നിട്ട ജന്മഭൂമി സൗഹൃദ കൂട്ടായ്മയുടെ 41-ാം വാര്‍ഷികം ആഘോഷിക്കുന്നു. എല്ലാം ഒത്തുവന്നത് ദൈവനിശ്ചയമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു കുമ്മനത്തിന്റെ പ്രസംഗം.  നാലു പതിറ്റാണ്ടിലേറെയായി തുടങ്ങിയ സൗഹൃദത്തിന് ഒരു കോട്ടവും തട്ടാതെ സിനിമയില്‍ ഉയരങ്ങളിലെത്തിയ മാതാപിതാക്കള്‍. അവരുടെ വഴിയെ സഞ്ചരിച്ച് സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന മക്കള്‍. രണ്ടു തലമുറകളുടെ ഈ ഒത്തുചേരല്‍ തന്നെയാണ് യാഥാര്‍ത്ഥ നവോത്ഥാനം  എന്നും കുമ്മനം പറഞ്ഞപ്പോള്‍ വേദിയിലും സദസ്സിലും നിലയ്ക്കാത്ത കൈയ്യടി.  മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കീര്‍ത്തിയെ അനുമോദിക്കാന്‍ ജന്മഭൂമി സാരഥികളായ എം. രാധാകൃഷ്ണന്‍ (മാനേജിങ് ഡയറക്ടര്‍), കെഎന്‍ആര്‍ നമ്പൂതിരി (എഡിറ്റര്‍), കെ.കുഞ്ഞിക്കണ്ണന്‍ (റെസി.എഡിറ്റര്‍), കെ.ബി ശ്രീകുമാര്‍(ജനറല്‍ മാനേജര്‍) എന്നിവരും വേദിയിലേക്ക്. രാജേട്ടന്‍ പൊന്നാട അണിയിച്ചപ്പോള്‍ കീര്‍ത്തി പാദനമസ്‌കാരം ചെയ്തു. അനുഗ്രഹം തേടി. അതില്‍ത്തന്നെയുണ്ടായിരുന്നു പരിപാടിയുടെ അന്തസും ആഭിജാത്യവും സംസ്‌കാരവും എല്ലാം.  ജന്മഭൂമിയുടെ ഫലകം മോഹന്‍ലാല്‍ സമ്മാനിച്ചതോടെ മെഗാഷോയുടെ ഇടയിലെ ഔദ്യോഗിക ചടങ്ങ് പര്യവസാനിച്ചു.
താരങ്ങളില്‍ താരമായി കുമ്മനം
സിനിമാതാരങ്ങള്‍ പ്രഭ ചൊരിഞ്ഞ  പരിപാടിയില്‍   താരങ്ങളില്‍ താരമായി കുമ്മനം രാജശേഖരന്‍. സദസ്സില്‍ ഏറ്റവുമധികം കൈയ്യടി ഉയര്‍ന്നത് കുമ്മനത്തെ വേദിയിലേക്ക്  ക്ഷണിച്ചപ്പോള്‍. അദ്ദേഹം വേദിയിലെത്തിയപ്പോള്‍ ഏവരും ബഹുമാനസൂചകമായി എഴുന്നേറ്റുനിന്നു.  മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കീര്‍ത്തി സുരേഷ്  പാദത്തില്‍ തൊട്ടു വന്ദിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്.  പിന്നീട് കീര്‍ത്തി ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ കുമ്മനത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്കു കൂട്ടുന്നതുകണ്ട്് യഥാര്‍ത്ഥ താരം രാജേട്ടനെന്ന് മുതിര്‍ന്ന താരങ്ങള്‍ പറയുന്നുണ്ടായിരുന്നു
മോഹന്‍ലാലിന്റെ നടക്കാതെ പോയ ആഗ്രഹം
സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ മുളച്ച ഒരാഗ്രഹം സാധ്യമായില്ല. അതിനി സാധിക്കുകയുമില്ല.  ലാലിന്റെ ആദ്യകാല നായിക മേനകയാണ് നടക്കാതെ പോയ ആഗ്രഹ രഹസ്യം പരസ്യമാക്കിയത്. ഒന്നിച്ചഭിനയിച്ചപ്പോഴാണ് ലാലേട്ടന്‍ തന്റെ ആഗ്രഹം പറഞ്ഞതെന്നും മേനക വെളിപ്പെടുത്തി.  ശ്രീദേവിയോടെപ്പം അഭിനയിക്കണം എന്നായിരുന്നു ലാല്‍ ആഗ്രഹിച്ചത്.
''അമ്മ'' പ്രസിഡന്റ് സ്ഥാനം തിരിച്ചു ചോദിച്ച് ഇന്നസെന്റ്
''അമ്മ''യുടെ പ്രസിഡന്റ് സ്ഥാനമെങ്കിലും തിരിച്ചുതരുമോ' എന്നായിരുന്നു ഇന്നസെന്റിന്്   മോഹന്‍ലാലിനോടു ചോദിക്കാനുണ്ടായിരുന്നത്്. ദല്‍ഹിക്ക് ഇനി പോകാനാകില്ല. ഇരിങ്ങാലക്കുടക്കാര്‍ തോല്‍പിച്ചു. എം പിയായി മത്സരിക്കാന്‍ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനാല്‍ അതും പോയി. സിനിമയിലേക്കും വിളിക്കുന്നില്ല. എല്ലാം കൊണ്ടും നഷ്ടം.  എനിക്കു ശേഷം അമ്മയുടെ അധ്യക്ഷനായ ലാല്‍ ആ ചുമതലയെങ്കിലും തിരിച്ചു തരുമോ. ഇന്നസെന്റ് ചോദിച്ചു. ഉത്തരം മോഹന്‍ലാല്‍ ചിരിയിലൊതുക്കി.
അസൂയ വെളിപ്പെടുത്തി നെടുമുടി
മോഹന്‍ലാലിനോട് നെടുമുടി വേണുവിന് വലിയ അസൂയ ഉണ്ട്. അഭിനയത്തില്‍ തന്നേക്കാള്‍ ഉന്നതിലെത്തിയതിലുള്ള അസൂയയല്ല.  ലാലിന്റെ വളര്‍ച്ച അടുത്തു നിന്നു കണ്ട നെടുമുടിക്ക് അഭിനയത്തിന്റെ കാര്യത്തിലല്ല അസൂയ. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും കൂട്ടുകാരാക്കാനും അതു നിലനിര്‍ത്താനും ഉള്ള ലാലിന്റെ കഴിവിനോടാണ് അസൂയ.
കിരീടത്തിന്റെ പേര് മണ്ണായാല്‍
മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കിരീടത്തിന്  ഉദ്ദേശിച്ചിരുന്ന പേര് മറ്റൊന്നായിരുന്നു. ആദ്യം ഗുണ്ട എന്നും പിന്നീട് മണ്ണ് എന്നുമായിരുന്നു പേരിട്ടത്. അവസാനമാണ് കിരീടം എന്ന പേര് നല്‍കിയത്. ആദ്യം നിശ്ചയിച്ചിരുന്ന പേരുകളായിരുന്നെങ്കില്‍ നിര്‍മ്മാതാവിന്റെ പേര് എന്താകുമെന്ന് എം.ജി. ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ കിരീടം ഉണ്ണി ഉള്‍പ്പെടെ കുലുങ്ങി ചിരിച്ചു.

ആഹ്ലാദത്തേരിലേറ്റി ലാലും കൂട്ടുകാരും പി. ശ്രീകുമാര്‍

ആഹ്ലാദത്തേരിലേറ്റി ലാലും കൂട്ടുകാരും


അഭ്രപാളിയില്‍ നടന മികവിന്റെ പ്രഭപരത്തുന്ന മഹാനടന്‍ മോഹന്‍ലാല്‍. 41 വര്‍ഷം പിന്നിടുന്ന അഭിനയ ജീവിതത്തിലെന്നപോലെ സ്വജീവിതത്തിലും അദ്ദേഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഉറ്റസുഹൃത്തുക്കളുണ്ട്. ഒരു കുടുംബം പോലെ കഴിയുന്നവര്‍. അവരെയെല്ലാം അണിനിരത്തി ജന്മഭൂമി നവംബര്‍ 22 ന് ദുബായ് ഇത്തിസലാത്ത് അക്കാദമി സ്റ്റേഡിയത്തില്‍ ഒരു ദൃശ്യവിരുന്ന് ഒരുക്കി. മോഹന്‍ലാലിന്റേയും കൂട്ടുകാരുടേയും സൗഹൃദവും സ്‌നേഹവും ഇഴചേര്‍ന്നു നിന്ന കാഴ്ചയുടെ വസന്തത്തിലൂടെ...
''ഇത്തരമൊരു ഷോ കണ്ടിട്ടില്ല, ഇനി കാണുവാനും പോകുന്നില്ല' എന്ന് പറഞ്ഞ് കാണികള്‍ പിരിഞ്ഞപ്പോള്‍ പാതിരാത്രി കഴിഞ്ഞു. ആയിരങ്ങളെ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റി നൃത്ത സംഗീത ഹാസ്യാനുഭൂതി പകര്‍ന്ന അഞ്ചര മണിക്കൂര്‍. 'മോഹന്‍ലാലും കൂട്ടുകാരും@41'  എന്ന പേരില്‍ ജന്മഭൂമി സംഘടിപ്പിച്ച മെഗാ ഷോ മലയാളി കണ്ട എല്ലാത്തരം ദൃശ്യവിരുന്നുകളേയും പിന്നിലാക്കുന്നതായി.
മോഹന്‍ലാലും ഉറ്റ സുഹൃത്തുക്കളും പിന്നിട്ട വഴികളുടെ ദൃശ്യാവിഷ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മകളുടെ ചെപ്പ് തുറന്നപ്പോള്‍ അരനൂറ്റാണ്ടുകാലത്തെ മലയാളസിനിമയുടെ ചരിത്രമാണ് വിരിഞ്ഞത്. മോഹന്‍ലാല്‍ തന്നെ പരിപാടിയുടെ അവതാരകനായെത്തിയത് കാണികള്‍ക്കും അപൂര്‍വ്വ അനുഭവമായി.  ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും എന്നുവേണ്ട കളിയിലും പഠനത്തിലും സിനിമയിലും എല്ലാം ഒപ്പം നിന്ന കൂട്ടുകാരെ ഓരോരുത്തരെയും സദസ്സിലേക്ക് ആനയിച്ചു കൊണ്ടുവന്നു. അവരുമ ായുള്ള ബന്ധം, കടപ്പാട്, സ്‌നേഹം ഒക്കെ വിശദീകരിച്ചു. മാത്രമല്ല, സ്വയം പാട്ടുപാടിയും കൂട്ടുകാരെക്കൊണ്ട് പാടിപ്പിച്ചും പറയിപ്പിച്ചും മോഹന്‍ലാല്‍ ഷോ അസാധാരണമാക്കി. ഒരുപക്ഷേ  മോഹന്‍ലാല്‍ എന്ന നടനുമാത്രം സാധ്യമാകുന്ന ഒന്ന്. 
പ്രേമോദാരനായ് അണയൂ നാഥാ... എന്ന ഗാനത്തിന്റെ അകമ്പടിയില്‍ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം നര്‍ത്തകര്‍ അണിനിരന്ന അവതരണ നൃത്തത്തോടെയാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് എം.ജി. ശ്രീകുമാറിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി. ഇഷ്ടമുള്ള പാട്ടുപാടാന്‍ ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീകുമാര്‍ ഓര്‍മ്മകളോടിക്കളിക്കുവാന്‍.... എന്ന മനോഹരഗാനം ആലപിച്ചു. സദസ്സിനെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കെ.എസ്. ചിത്ര എത്തി ഞാറ്റുവേലക്കിളിയേ നീ.... പാടി. ലാലിന്റെ ആദ്യ സംവിധായകന്‍ അശോക് കുമാറും ലേഡി മോഹന്‍ലാല്‍ മഞ്ജുവാര്യരും എത്തി. എംജി കോളേജിലെ പഠനവും ഇന്ത്യന്‍ കോഫി ഹൗസിലെ ഒത്തുചേരലും ഒക്കെ പങ്കുവച്ച് ലാലും അശോക് കുമാറും സൗഹൃദത്തിന്റെ ദൃഢത എന്തെന്ന് വരച്ചിട്ടു. ദൂരെക്കിഴക്കുദിക്കും മാണിക്ക ചെമ്പഴുക്ക... ലാലും മഞ്ജുവും ചേര്‍ന്ന് മനോഹരമായി പാടിയപ്പോള്‍, ചിത്രം സിനിമയ്ക്കുവേണ്ടി ആ ഗാനം ആലപിച്ച എം.ജി. ശ്രീകുമാറും  ദൃശ്യവല്‍ക്കരിച്ച എസ്.കുമാറും സംവിധാനം ചെയ്ത പ്രിയദര്‍ശനും കൈയ്യടിച്ചു.
മധു ബാലകൃഷ്ണന്റെ ഹരിമുരളീരവം... പാട്ടിനുശേഷം ഷംനാകാസിമും നിഥിനും ചേര്‍ന്നുള്ള നൃത്തം.  ജ്യോത്സ്‌നയുടെ എന്തേ മനസ്സിലൊരു നാണം..., ചിത്രയും  മധു ബാലകൃഷ്ണനും ചേര്‍ന്നുള്ള നീയെന്‍ കിനാവോ.... ഗാനങ്ങള്‍ക്ക് ശേഷം ദുര്‍ഗ്ഗാകൃഷ്ണയും അര്‍ജ്ജുന്‍ലാലും ചേര്‍ന്നുള്ള ചെമ്പൂവേ പൂവേ... നൃത്തം. കള്ളിപൂങ്കുയിലെ...യും നൃത്തത്തിന്റെ അകമ്പടിയോടെ  ബൊമ്മ, ബൊമ്മ...യും പാടി എം.ജി. ശ്രീകുമാര്‍ കയ്യടി വാങ്ങി. പാടി തൊടിയിലേതോ... പാടി കെ.എസ്. ചിത്ര. സ്വാസികയും നിഥിനും ചേര്‍ന്ന് ഒന്നാനാം കുന്നിന്‍ മേലെ.... നൃത്തം. ശ്രീകുമാറിന്റെ സ്വാമിനാഥ പരിപാലയാ ശുമാം.....ഗാനം എന്നിവയക്ക് ശേഷമായിരുന്നു  ഇരുതലമുറകളുടെ അപൂര്‍വ്വ സംഗമം.
അതിനുശേഷം മോഹന്‍ലാല്‍ തന്റെ ആദ്യ നായകന്‍ ശങ്കറുമായെത്തി. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഴിയോരം നനഞ്ഞൊഴുകും...പാട്ടുമായി മധു ബാലകൃഷ്ണനും വന്നു. നെടുമുടിയെ കൈപിടിച്ച് ലാല്‍ വീണ്ടും. ''മോഹന്‍ലാല്‍ എന്ന നടന്റെ വളര്‍ച്ച അടുത്തു നിന്നു കാണാനായിട്ടുണ്ട്. ഒരസൂയയും തോന്നിയിട്ടില്ല. എന്നാല്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃദം കാക്കാനുള്ള ലാലിന്റെ കഴിവിലൊരല്‍പ്പം  അസൂയയുണ്ടുതാനും''. നെടുമുടിയുടെ വാക്കുകള്‍... അതിരുകാക്കും മലയൊന്നു തുടുത്തേ..... നാടന്‍പാട്ടുമായി നെടുമുടി കയ്യടി വാങ്ങി. തന്റെ ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശനെയാണ് പിന്നീട് ലാല്‍ പരിചയപ്പെടുത്തിയത്. അമ്മൂമ്മക്കിളി വായാടിയുമായി... ഷംനാ കാസിമിന്റെ നൃത്തം. കെ.എസ് ചിത്രയൊടോപ്പം എത്തിയ ലാല്‍ ഇരുവരും തമ്മിലുള്ള പരിചയത്തിന്റേയും സ്‌നേഹത്തിന്റേയും കഥ പറഞ്ഞു..  ലാല്‍ ആവശ്യപ്പെട്ടതനുസരിച്ച്   ശ്യാമമേഘമേ നീ.... ഗാനം ആലപിച്ചാണ് ചിത്ര മടങ്ങിയത്.
ഇന്നസെന്റിന്റെ കൈപിടിച്ച്  മോഹന്‍ലാല്‍ വേദിയിലേക്ക്. തമാശ പറഞ്ഞും പാട്ടുപാടിയും ഇന്നസെന്റ് സദസ്സിനെ കൈയ്യിലെടുത്തു. 'ഇരങ്ങാലക്കുടക്കാര്‍ തോല്‍പിച്ചതിനാല്‍ ദല്‍ഹിക്കിനി പോകേണ്ട. എംപിയായി മത്സരിക്കാന്‍ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനാല്‍ അതുംപോയി. സിനിമയിലേക്കും വിളിക്കുന്നില്ല. എല്ലാം കൊണ്ടും നഷ്ടം. അമ്മയുടെ പ്രസിഡന്റ് സ്ഥാനമെങ്കിലും തിരിച്ചുതരുമോ' എന്ന ചോദ്യത്തിനുത്തരം മോഹന്‍ലാല്‍ ചിരിയിലൊതുക്കി.
 ശ്രീകുമാറും ജ്യോത്സ്‌നയും ചേര്‍ന്ന് മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി യുഗ്മഗാനം പാടി തീര്‍ന്നപ്പോള്‍ തന്റെ മുഖത്ത് ചായംതേച്ച മണിയന്‍പിള്ള രാജുവിനെ ലാല്‍ പരിചയപ്പെടുത്തി. മോഡല്‍ സ്‌ക്കൂളിലെ പഠനകാലവും നാടക പ്രവര്‍ത്തനവുമൊക്കെ ഇരുവരും അയവിറക്കി. തുടര്‍ന്ന് ലാലും മധു ബാലകൃഷ്ണനും ചേര്‍ന്ന് സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ.... പാടി തകര്‍ത്തു. ലാലിനെ ഒപ്പം നിര്‍ത്തി... കണ്ടു ഞാന്‍ പാടി ശ്രീകുമാറും.
മേനകയുമായി അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് മോഹന്‍ലാല്‍. ശ്രീദേവിക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തന്നോടു പങ്കുവെച്ചതും, ആ രഹസ്യം മേനക പരസ്യമാക്കിയപ്പോള്‍ തലകുലുക്കി സമ്മതിച്ചു ലാല്‍. ആഗ്രഹിച്ചതെല്ലാം നേടിയിട്ടുള്ള ലാലിന്റെ ഈയൊരു ആഗ്രഹം സാധിക്കില്ലല്ലോ എന്നതില്‍ സങ്കടപ്പെട്ട് മേനകയും.
രാമായണക്കാറ്റേ..... പാട്ടിനൊപ്പം നൃത്തം വെച്ച് സ്വാസികയും നിഥിനും സംഘവും.
പൂച്ചയ്‌ക്കൊരു മൂക്കു കുത്തിയ സൗഹൃദത്തിന്റെ കഥയുമായി പ്രിയദര്‍ശനേയും ജി.സുരേഷ് കുമാറിനേയും സനല്‍കുമാറിനേയും ഒപ്പം നിര്‍ത്തി മോഹന്‍ലാല്‍. സുഹൃത്തുക്കള്‍  മമ്മൂട്ടിയെ നായകനാക്കി എടുത്ത  രാക്കുയിലിന്‍ രാഗസദസ്സിലെ പൂമുഖ വാതില്‍ക്കല്‍...പാടി മോഹന്‍ലാല്‍ സ്‌നേഹം വിടര്‍ത്തി.
തന്റെ മുഖം ആദ്യമായി ക്യാമറയില്‍ പകര്‍ത്തുകയും ഏറ്റവും കൂടുതല്‍ ചിത്രങ്ങളിലും ഒപ്പിയെടുത്ത എസ്. കുമാറുമായിട്ടാണ് ലാല്‍ പിന്നീടെത്തിയത്. കുമാറിന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൊണ്ട് മനോഹരമായ ഊട്ടി പട്ടണം, പൂട്ടി കട്ടണം സൊന്നാ വാടാ..  ഒന്നിച്ചു പാടി എം.ജി. ശ്രീകുമാറും മധു ബാലകൃഷ്ണനും സൗഹൃദത്തെ സാക്ഷ്യപ്പെടുത്തി. ഗോപികാ വസന്തം ....നടനമാടി ആശാ ശരത്തും സംഘവും. പിന്നെ കിരീടം ഉണ്ണിയെന്ന സുഹൃത്തിനൊപ്പം വേദിയിലെത്തി മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ കിരീടം ഉണ്ണി എന്നൊരാള്‍ ഉണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞപ്പോള്‍, കിരീടത്തിന് ആദ്യം നിശ്ചയിച്ച പേര് മണ്ണ് എന്നായിരുന്നുവെന്ന് എം ജി. ശ്രീകുമാര്‍. എങ്കില്‍ ഉണ്ണിയുടെ പേരെന്താകുമായിരുന്നു എന്ന ചോദ്യത്തിനുത്തരം പൊട്ടിച്ചിരി. 'കിരീട'ത്തിലെ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി... കാണികളുടെ കരളലിയിപ്പിച്ചാണ് ശ്രീകുമാര്‍ പാട്ടു നിര്‍ത്തിയത്. തമാശ വിതറി  നോബി, നെല്‍സണ്‍, ലാല്‍ ബാബു, അനീഷ്, ബിനുമോന്‍  സംഘം മൂന്നു സ്‌കിറ്റുകളും അവതരിപ്പിച്ചു.
ദൃശ്യചാരുതയാര്‍ന്ന് ദുര്‍ഗ്ഗകൃഷ്ണ, ജ്യോത്സ്‌ന എന്നിവരുടെ നൃത്തം. രാവേറെയായ് പൂവേ... എന്ന ഗാനം മധു ബാലകൃഷ്ണന്‍ പാടാന്‍ തയ്യാറെടുക്കുമ്പോള്‍ ദുബായ് പോലീസെത്തി. രാത്രി പന്ത്രണ്ടരയായി. അനുവദിച്ചതിലും ഒന്നര മണിക്കൂര്‍ അധികം. നിശ്ചയിച്ചിരുന്ന രണ്ടുപാട്ടും ഒരു നൃത്തവും ഉപേക്ഷിച്ച് ഷോയുടെ ലൈറ്റ് അണഞ്ഞു.  
ലോക സിനിമാ ചരിത്രത്തില്‍ വിസ്മയമാകുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ ഒരു മഹാനടനും അദ്ദേഹത്തിന്റെ 41 വര്‍ഷത്തെ കൂട്ടായ്മയും ആഘോഷമാക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയിലാകെ നിറഞ്ഞ മോഹന്‍ലാല്‍. ഒപ്പത്തിനൊപ്പമെന്നപോലെ പ്രിയദര്‍ശന്‍ എന്ന സംവിധായകനും നിര്‍മാതാവ് ജി.സുരേഷ്‌കുമാറുമുണ്ട്. അതത് മേഖലയില്‍ ബദലില്ലാത്ത വ്യക്തിത്വങ്ങള്‍.  മോഹന്‍ലാലിനെ നോക്കി ആദ്യം സ്റ്റാര്‍ട്ട് പറഞ്ഞ സംവിധായകന്‍ അശോക് കുമാര്‍, മുഖത്ത് ചായംതേച്ച മണിയന്‍പിള്ള രാജു. ആദ്യമായി മോഹന്‍ലാലിന്റെ മുഖം ക്യാമറയിലൊപ്പിയ എസ്. കുമാര്‍, നിര്‍മാതാക്കളായ സനല്‍കുമാര്‍, കിരീടം ഉണ്ണി...  പഠനത്തിലും കളിയിലും കലയിലും പിരിയാത്ത സന്മനസ് തെളിയിച്ചവര്‍. വെറുതെയെങ്കിലും ഇടയ്‌ക്കൊക്കെ കലഹിക്കുന്നവര്‍... 41 വര്‍ഷമായി തുടരുന്ന സൗഹൃദത്തില്‍ അണിചേര്‍ന്നവരും നിരവധി. അവരെയും കുടുംബത്തെയും ഒരു വേദിയില്‍ അണിനിരത്തുകയായിരുന്നു മലയാളത്തിന്റെ മഹാസത്യമായ 'ജന്മഭൂമി' ആവിഷ്‌കരണത്തിലും അവതരണത്തിലും വ്യത്യസ്തതയും നവീനതയും പുലര്‍ത്തി പ്രമുഖ സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ അണിയിച്ചൊരുക്കിയ ഷോ അഞ്ചര മണിക്കൂര്‍ കാണികളെ ആഹ്‌ളാദത്തിന്റേയും ആവേശത്തിന്റേയും കൊടുമുടിയിലെത്തിച്ചു. മോഹന്‍ലാലും കൂട്ടുകാരും പിന്നിട്ട വഴികളും  സംഭവങ്ങളും അഴകപ്പന്റെ ക്യാമറയുടേയും സുജിത്തിന്റെ കാര്‍ട്ടൂണിന്റേയും  പിന്‍ബലത്തില്‍ 30 മീറ്റര്‍  സ്‌ക്രീനില്‍ മിന്നി മറയുന്നതിനനുസരിച്ച് വേദിയില്‍ ദൃശ്യവല്‍കരിച്ചുകൊണ്ട് മെഗാ ഷോകള്‍ക്ക് പുതിയൊരുമാനം നല്‍കുവാനും രാജീവ് കുമാറിന് സാധിച്ചു