Saturday, November 30, 2019

പള്ളികള്‍ അമ്പലങ്ങള്‍ ആകുമ്പോള്‍

പള്ളികള്‍  അമ്പലങ്ങള്‍ ആകുമ്പോള്‍


 പി.ശ്രീകുമാര്‍




അമേരിക്കയിലും ഇംഗ്ലണ്ടിലും പള്ളികള്‍ വെറുതെ കിടക്കുന്നു. ചിലതൊക്കെ ക്ഷേത്രങ്ങളായി മാറുന്നു.  ഈ കേട്ടത് ആദ്യമൊന്നും വിശ്വസിച്ചില്ല. ഇന്ത്യയില്‍ മുട്ടിന് മുട്ടിന്  പള്ളികള്‍ ഉയരുകയും അതിനുള്ള സാമ്പത്തിക സഹായം അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും ലഭിക്കുമ്പോള്‍ അവിടങ്ങളില്‍ പള്ളികള്‍ പൂട്ടുന്നു എന്ന് പറയുന്നതില്‍ അല്‍പ്പം അതിശയോക്തിയില്ലേ?. പ്രാര്‍ത്ഥിക്കാന്‍ ആളില്ലെങ്കില്‍ തന്നെ പള്ളികള്‍ എന്തിനു വില്‍ക്കണം. വിറ്റാല്‍ തന്നെ ക്ഷേത്രമാക്കാന്‍ എന്തിനു നല്‍കണം. ക്ഷേത്രം പണിയാന്‍ എന്തിനു പള്ളി തന്നെ വാങ്ങണം എന്നിങ്ങനെയായി  സംശയങ്ങള്‍. ഫിലാഡല്‍ഫിയയിലെ ചിന്മയാ മിഷന്‍ ആസ്ഥാനമായ യാര്‍ഡിയിലെ മധുവനത്തിലെത്തിയപ്പോള്‍ സംശയം ദുരീകരിക്കപ്പെട്ടു.



എട്ട് പതിറ്റാണ്ടു പഴക്കമുള്ള പള്ളി മനോഹര ശ്രീകൃഷ്ണ ക്ഷേത്രമായി മാറിയിരിക്കുന്നത് നേരില്‍ കണ്ടു. കുര്‍ബാനയും കുമ്പസാരവും ഒക്കെ നടന്ന സ്ഥലത്തിപ്പോള്‍ പൂജയും ആരതിയും നടക്കുന്നു. യേശു ക്രിസ്തുവിന്റേയും കന്യാമറിയത്തിന്റേയും ചിത്രങ്ങള്‍ക്ക് പകരം സ്വാമി ചിന്മയാനന്ദന്റെയും സ്വാമി ശിവാനന്ദ സരസ്വതിയുടേയും ചിത്രങ്ങള്‍.

ചിന്മയാമിഷന്റെ ഫിലാഡല്‍ഫിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്വാമി സിദ്ധാനന്ദയുടെ വിശദീകരണം പള്ളികള്‍ എന്തുകൊണ്ട്  അമ്പലങ്ങളാകുന്നു എന്ന സംശയത്തിനുള്ള ഉത്തരമായി. അമേരിക്കയില്‍ ടൗണ്‍ഷിപ്പുകള്‍ വികസിപ്പിച്ചെടുക്കുകയാണ്. രൂപരേഖ തയ്യാറാക്കുമ്പോള്‍ തന്നെ വീടുകള്‍, സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക സ്ഥലം നിശ്ചയിക്കും. അതനുസരിച്ചു മാത്രമേ നിര്‍മ്മാണം അനുവദിക്കൂ. ആരാധനാലയങ്ങള്‍ക്കായി നീക്കിവെച്ച സ്ഥലത്ത് അതുമാത്രമേ നിര്‍മ്മിക്കാവൂ എന്ന് പല സംസ്ഥാനങ്ങളിലും നിയമമുണ്ട്. ആരാധനാലയം ആണെങ്കിലും നികുതി കൊടുക്കണം. വിശാലമായ പാര്‍ക്കിംഗ്, ഹാളുകള്‍, ഓഡിറ്റോറിയം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉള്ളവയായിരിക്കും പള്ളികള്‍. പള്ളികളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. യുവാക്കളുടെ പ്രാതിനിധ്യം ഇല്ലാതാകുന്നു. നികുതി നല്‍കാന്‍ പോലും വരുമാനമില്ലാതെ പ്രയാസപ്പെടുന്നു. വ്യത്യസ്ത സഭകള്‍ക്ക് നിശ്ചിത ദിവസം എന്ന കണക്കില്‍ ആരാധനയ്ക്കായി വാടകയ്ക്ക് നല്‍കിയും മറ്റു പിടിച്ചു നില്‍ക്കുന്ന പള്ളികളുണ്ട്. അതിനും കഴിയാതെ വരുമ്പോള്‍ വില്‍ക്കുകയല്ലാതെ വഴിയില്ല. അതേസമയം ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണം കൂടിയതോടെ പ്രധാന നഗരങ്ങളിലെല്ലാം ക്ഷേത്രം വേണമെന്നാണ് ആവശ്യം. പള്ളികള്‍ വാങ്ങുന്നതാണ് എളുപ്പം. ആരാധനയ്ക്കല്ലാതെ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന നിയമമുള്ളതിനാല്‍ പള്ളികള്‍ വിറ്റുപോകാന്‍ പ്രയാസമാണ്. വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാം എന്നതാണ് മെച്ചം.


മധുവനം അങ്ങനെ വാങ്ങിയതാണ്. മൂന്ന് ഏക്കര്‍ വരുന്ന സ്ഥലത്ത് 5335 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 1940 ല്‍ നിര്‍മ്മിച്ച പള്ളിയാണ്. പഴമയും പ്രൗഢിയും സമ്മേളിക്കുന്ന കരിങ്കല്‍ ഭിത്തിയില്‍ ബ്രീട്ടീഷ് മാതൃകയില്‍ നിര്‍മ്മിച്ച മനോഹര കെട്ടിടം. ആരാധനയ്ക്ക് ആരും എത്താതായപ്പോള്‍ വില്‍പ്പനയ്ക്കിടുകയായിരുന്നു. ചിന്മയാമിഷന് പറഞ്ഞ വിലയ്ക്ക് കിട്ടി. കെട്ടിടത്തിന് മാറ്റമൊന്നും വരുത്താതെ ക്ഷേത്രമാക്കി മാറ്റി.
വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ളത് ഗുജറാത്തിലെ സ്വാമി നാരായണ്‍ ഗ്രൂപ്പിനാണ്. അവരുടെ അമേരിക്കയിലെ പ്രധാന ആറു ക്ഷേത്രങ്ങളും മുമ്പ് പള്ളികളായിരുന്നു. വെര്‍ജീനിയ, കാലിഫോര്‍ണിയ, ലൂസിവില്ല, പെന്‍സില്‍വാനിയ, ലോസ് ആഞ്ചലസ്, ഒഹിയോ എന്നിവിടങ്ങളിലാണ് സ്വാമി നാരായണ്‍ ക്ഷേത്രങ്ങളുള്ളത്.

വേദാന്ത സൊസൈറ്റി
'നാലു പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഞങ്ങള്‍ക്ക്, ഇതേവരെ ഇവിടെ വന്നില്ലല്ലോ എന്നോര്‍ത്ത് കുറ്റബോധം തോന്നുന്നു'. ഹോളിവുഡിലെ വേദാന്ത സൊസൈറ്റി ആസ്ഥാനം കണ്ടിറങ്ങിയ ഉടന്‍ ഡോ. രാംദാസ് പിള്ള പറഞ്ഞു. പതിറ്റാണ്ടുകളായി അമേരിക്കയില്‍ സ്ഥിര താമസക്കാരായ രവി വള്ളത്തേരിയും വിനോദ് ബാഹുലേയനും ഇതേ വികാരം പ്രകടിപ്പിച്ചു. അമേരിക്കയിലെത്തിയ കുമ്മനം രാജശേഖന്റെ യാത്രാചുമതല വഹിച്ചവരാണ് മൂവരും. മലയാളികളുടെ സാംസ്‌കാരിക സംഘടനയുടെ ഉന്നത പദവിയില്‍ ഇരിക്കുന്ന പൊതുപ്രവര്‍ത്തകര്‍.
അമേരിക്കയിലും ലോസാഞ്ചല്‍സിലും പലതവണ വന്നിട്ടുള്ള എനിക്കും ഏതാണ്ട് അതേ വികാരമായിരുന്നു. എന്തുകൊണ്ട് ഇതേവരെ ഇവിടെ വന്നില്ല. അത്രയ്ക്ക് ആകര്‍ഷകമാണ്. ആത്മീയതയും പവിത്രതയും ശാന്തതയും സമാധാനവും ഒക്കെ തളം കെട്ടി നില്‍ക്കുന്നിടം.
ശ്രീരാമകൃഷ്ണ മഠങ്ങള്‍ അമേരിക്കയില്‍ വേദാന്ത സൊസൈറ്റി എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. 1929 ല്‍ സ്ഥാപിതമായ ഹോളിവുഡിലെ വേദന്ത സൊസൈറ്റി കേന്ദ്രത്തിന്റെ പഴമ കോട്ടം വരാതെ സംരക്ഷിച്ചിരിക്കുന്നു. സെന്ററിന്റെ ചുമതലയുള്ള സ്വാമി സര്‍വദേവാനന്ദയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
ചര്‍ച്ചയ്ക്കിടെ മലയാളികളായ സ്വാമിമാര്‍ ആരെങ്കിലും അമേരിക്കയില്‍ വേദാന്ത സൊസൈറ്റിയില്‍ ഉണ്ടോ എന്ന് കുമ്മനം ആരാഞ്ഞപ്പോഴാണ് കാലിഫോര്‍ണിയയിലെ പ്രധാന ആശ്രമത്തിന്റെ ചുമതല വഹിക്കുന്നത് മലയാളി സ്വാമിയാണെന്നറിഞ്ഞത്. പേര് കേട്ടപ്പോള്‍ കുമ്മനത്തിനും ആശ്ചര്യമായി. സ്വാമി തത്വമയാനന്ദ. അദ്ദേഹത്തിന് തൃശ്ശൂരില്‍ പ്രബുദ്ധകേരളത്തിന്റെ ചുമതലയുണ്ടായിരുന്നു. അടുത്തറിയാവുന്ന ആള്‍. ഒരുമാസത്തെ യാത്രയ്ക്കിടെ കുമ്മനം വായിക്കാന്‍ കരുതിയിരുന്ന പുസ്തകം സ്വാമി എഴുതിയ ഹിന്ദു മതം- ഇന്നലെ ഇന്ന് നാളെ. ആശ്ചര്യത്തിനു കാരണവും അതായിരുന്നു. ഉടന്‍ സ്വാമിയെ വിളിച്ചു. കാലിഫോര്‍ണിയ ആശ്രമത്തില്‍ വരാതെ പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിറ്റേദിവസം കാലിഫോര്‍ണിയയില്‍ മാതാ അമൃതാനന്ദമയിയുടെ ആശ്രമം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. തത്വമയാനന്ദ സ്വാമിയെ കണ്ടശേഷം അമ്മയുടെ ആശ്രമത്തില്‍ പോകാം എന്നുറപ്പിച്ചു.
മൂന്നുമണിയോടെ സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ഉത്തര കാലിഫോര്‍ണിയയിലെ വല്ലിജോ സ്ട്രീറ്റിലെ വേദാന്ത സൊസൈറ്റി ആസ്ഥാനത്തെത്തി.  രണ്ടര മണിക്കൂറിലധികം അവിടെ സമയം ചിലവിട്ടു. അടുത്തു തന്നെയുള്ള ക്ഷേത്രം കണ്ടേ മടങ്ങാവൂ എന്ന് സ്വാമി നിര്‍ദ്ദേശിച്ചു.
പാശ്ചാത്യ ലോകത്തെ ആദ്യ ഹിന്ദുക്ഷേത്രം. ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള മകുടങ്ങളോടുകൂടിയ ക്ഷേത്രം നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണ്. 1906 ല്‍ സ്ഥാപിച്ച ക്ഷേത്രത്തിന്റെ ചരിത്രവും പ്രവര്‍ത്തനവും ശ്രീരാമകൃഷ്ണ മഠത്തില്‍ 'ചിരഞ്ജീവി' എന്നറിയപ്പെടുന്ന അമേരിക്കന്‍ വംശജനായ 90 വയസ്സ് കഴിഞ്ഞ സ്വാമി സത്യാനന്ദ, വിശദീകരിച്ചു.


 അമേരിക്കയിലെ വള്ളിക്കാവ്


രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഡൊണാള്‍ഡ് ഡോയലിന്റെ പേരിലുള്ള ദേശീയ പാതയിലൂടെ സഞ്ചരിച്ച് ഫോസ്റ്രിയ സംസ്ഥാന പാതയിലൂടെ ഡീര്‍ വുഡ് റോഡില്‍ അല്‍പം സഞ്ചരിച്ചപ്പോള്‍ വഴിയരികില്‍ ബഹുവര്‍ണ്ണ സൂചികാ ബോര്‍ഡ്. മാതാ അമൃതാനന്ദമയീ സെന്റര്‍ എന്നാണെഴുതിയിരിക്കുന്നത്. പച്ച ബോര്‍ഡില്‍ വെളുത്ത അക്ഷരത്തിലുള്ള ഔദ്യോഗിക ബോര്‍ഡുകളല്ലാതെ ഒരു സൂചിക ബോര്‍ഡുകളും കാണാനില്ലാത്ത  റോഡിലെ ആ കാഴ്ച അസാധാരണമായിരുന്നു.
സൂചിക അനുസരിച്ച് വണ്ടി മുന്നോട്ടു പോയത് ചെമ്മണ്‍ പാതയിലൂടെ. അത്തരം റോഡും അമേരിക്കയില്‍ അസാധാരണം. ആശ്രമവനത്തിനുള്ളിലൂടെയാണ് സഞ്ചാരമെന്നും പൊതുവഴിയല്ലാത്തതിനാലാണ് ടാര്‍ ചെയ്യാത്തതെന്നും പിന്നീടാണറിഞ്ഞത്. കുന്നും മലയും അരുവിയും തടാകവും മരങ്ങളും മൃഗങ്ങളും എല്ലാം ഉള്ള സ്ഥലത്തിന്റെ നടുവിലായാണ് ആശ്രമം.
200 ഏക്കറോളം പരന്നുകിടക്കുന്ന ആശ്രമം. 'അമ്മ' എന്ന മന്ത്രത്തിന്റെ നിശ്ശബ്ദസാന്നിദ്ധ്യം ഇവിടെ സദാ പ്രസരിച്ചു നില്‍ക്കുന്നു. പ്രകൃതിയുടെ കനിവും ആവോളം.
അധികം ഉയരമില്ലാത്ത മലകള്‍, കൊച്ചുകൊച്ചു കുന്നുകള്‍, കാടുകള്‍, കുളങ്ങള്‍, പൊയ്കകള്‍ എല്ലാം കൊണ്ടും സമ്പന്നമായ ഭൂപ്രകൃതി. ആരുടെയും മനസ്സ് അറിയാതെ മൗനമാവും. ഇടയ്ക്കിടെ അന്തരീക്ഷത്തില്‍ കേള്‍ക്കുന്ന കാട്ടുപറവകളുടെ സംഗീതം. മാനുകളും സദാ ചുരക്കുന്ന അകിടുമായി നാലുപാടും മേഞ്ഞുനടക്കുന്ന ഗോക്കളും ഇവിടെയുണ്ട്. വടക്കേ അമേരിക്കയില്‍ അമ്മയുടെ ആസ്ഥാന കേന്ദ്രമാണ് സാന്‍ റാമോണിലെ ഈ ആശ്രമം. 1989 ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇന്ത്യക്ക് പുറത്ത് അമ്മയുടെ പേരില്‍ സ്ഥാപിക്കുന്ന ആദ്യ ആശ്രമമായിരുന്നു ഇത്. പിന്നീട് അമ്മയുടെ ആഗോള മാനുഷിക പ്രവര്‍ത്തനങ്ങളുടെ സംഘടനാ കേന്ദ്രവും ആത്മീയ റിട്രീറ്റ് സെന്ററുമായി ഇവിടം മാറി. വള്ളിക്കാവ് കഴിഞ്ഞാല്‍ അമ്മ ഏറ്റവും കൂടുതല്‍  വസിക്കുന്നതും ഇവിടെയാണ്.
 അമ്മയുടെ മുതിര്‍ന്ന ശിഷ്യന്‍ ദയാമൃത ചൈതന്യയ്ക്കാണ് വടക്കേ അമേരിക്കയിലെ ആശ്രമ സെന്ററുകളുടെയും സത്സംഗങ്ങളുടെയും ചുമതല. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ആത്മീയ കേന്ദ്രമാണ് എംഎ സെന്റര്‍.  സാന്‍ റാമോണിലെ ഈ ആശ്രമത്തിനുപുറമെ സിയാറ്റില്‍ (വാഷിംഗ്ടണ്‍), ലോസാഞ്ചല്‍സ് (കാലിഫോര്‍ണിയ), സാന്താഫെ (ന്യൂ മെക്‌സിക്കോ), ഡാളസ് (ടെക്‌സസ്),ഹോംസ്റ്റെഡ് (അയോവ), ചിക്കാഗോ (ഇല്ലിനോയിസ്), അറ്റ്‌ലാന്റ (ജോര്‍ജിയ), വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍(മസാച്ചുസെറ്റ്‌സ്). എന്നിവിടങ്ങളിലും എം എ സെന്ററുകളുണ്ട്.

https://www.janmabhumidaily.com/news/pallikal-ambalangalakumpol3421.html




Friday, November 29, 2019

അക്കിത്തം: ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്ന കവി

 അക്കിത്തം:ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി
 വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്ന കവി

 പി ശ്രീകുമാര്‍

 കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്‌ക്കാരം ആര്‍ക്കു നല്‍കണം എന്നു ചിന്തിച്ചപ്പോള്‍ വന്ന ഒരേയൊരു പേര് അക്കിത്തമാണ്. സന്തോഷ വിവരം അറിയിക്കാന്‍ പുരസ്‌ക്കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ സി.രാധാകൃഷ്ണന്‍ , സാഹിത്യവേദി കോ ഓര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കൊപ്പം  കുമരനല്ലൂരിലെ അക്കി്ത്തത്തിന്റെ മനയില്‍ എത്തിയത് ജ്ഞാനപീഠ പുരസക്കാര നിര്‍ണ്ണയ സമയത്തായിരുന്നു.  സി രാധാകൃഷ്ണന്‍ കൂടി അംഗമായിരുന്ന അന്നത്തെ ജ്ഞാനപീഠ പുരസക്കാര സമിതി അക്കിത്തത്തെ തെരഞ്ഞെടുക്കുമെന്ന് കരുതി. അത്തരമൊരു സൂചന സി രാധാകൃഷ്ണന്‍ നല്‍കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ്് ജ്ഞാനപീഠം പ്രഖ്യാപിച്ചപ്പോള്‍ പേര് വന്നത് അക്കിത്തത്തിന്റേതായിരുന്നില്ല. അന്ന് അക്കിത്തത്തേക്കാള്‍ ദു:ഖം എനിക്കുണ്ടായി.
ഡോ.എം.ലീലാവതി, സി രാധാകൃഷ്ണന്‍ , മാടമ്പ് കുഞ്ഞുകുട്ടന്‍, ശ്രീകുമാരന്‍ തമ്പി, വി.മധുസൂധനന്‍നായര്‍, ജി. പ്രഭ .പി നാരായണക്കുറുപ്പ്്്, ആലങ്കോട് ലീലാകൃഷ്ണന്‍  തുടങ്ങിയ പ്രതിഭകളെയെല്ലാം അണിനിരത്തി തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ ആര്‍ഷദര്‍ശന പുരസ്‌ക്കാരം ചടങ്ങ് സംഘടിപ്പിക്കാനായപ്പോളാണ് വിഷമം അല്പം മാറിയത്. ശാരീരിക  പ്രശ്‌നങ്ങള്‍ അധികമുണ്ടായിട്ടും അക്കിത്തം നേരിട്ടെത്തി പുരസക്കാരം സ്വീകരിച്ചു

 രണ്ടാമതൊരു തവണകൂടി അക്കിത്തത്തിന് പുരസക്കാരം നിര്‍ണ്ണയിക്കുന്നതില്‍ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ജന്മഭൂമി ലജന്‍ഡ് ഓഫ് കേരള പുരസ്‌ക്കാരമായിരുന്നു അത്.  കേന്ദ്ര സംസ്ഥാന മന്ത്രിമാരും മമ്മൂട്ടയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കെടുത്ത ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കാനുമായി.
മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സര്‍ഗ്ഗ പാരമ്പര്യം നിലനിര്‍ത്തിപ്പോന്ന മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ ഇന്നും കേരളമനസ്സില്‍ ഉണര്‍ത്തുന്ന ആധുനികകവികളുടെ ശ്രേണിയില്‍ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയിരിക്കുന്ന മഹാകവിയാണ് അക്കിത്തം. ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്നു. മഹാകവിത്രയത്തെ തുടര്‍ന്ന് ഇടശ്ശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധി എന്ന നിലയില്‍ അക്കിത്തം നാളെയുടെ വഴികാട്ടിയാണ്.



ശ്രീമല്‍മഹാഭാഗവതത്തിന്റെ വൃത്താനുവൃത്ത പദാനുപദപരിഭാഷയിലൂടെ നേരിട്ടും സ്വകാവ്യങ്ങളുടെ അന്തര്‍ധാരയായും ഭാരതീയദര്‍ശനത്തിന്റെ പരിമളം പ്രസരിപ്പിക്കുന്നതിന് അക്കിത്തം തന്റെ ഇത:പര്യന്തമുള്ള സാര്‍ത്ഥകജീവിതത്തില്‍ അവിശ്രമം അനുസ്യുതം പരിശ്രമിച്ചുപോരുന്നു. ഋഷിമാരുടെ ജീവിതദര്‍ശനമാണ് അക്കിത്തത്തിന്റെ കവിതയുടെ കാതല്‍.  ഭരണകര്‍ത്താക്കളെപ്പോലും വിനീതവിധേയരാക്കാന്‍ ഋഷിമാര്‍ക്ക് കഴിഞ്ഞിരുന്നു. അവരുടെ ജീവിത ദര്‍ശനമാണ് ആര്‍ഷഭാരത സംസ്‌കാരം. അതിന്റെ ഉത്തമപ്രതിനിധിയാണ് അക്കിത്തം.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഭരണകര്‍ത്താക്കള്‍ക്കുള്ള ഉപദേശമാണ്.\


കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് രൂപംകൊണ്ട അധികാരകേന്ദ്രങ്ങളെ കൂസാത്ത നിസ്വന്റെ പ്രതികരണങ്ങളാണ് മഹാകവി അക്കിത്തത്തിന്റെ കവിതകളുടെ തന്റേടമായി വിലയിരുത്തപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കേരളത്തെ ആകെ തിരുത്തുകയായിരുന്നു കവി. എഴുത്തുകാരന്റെ ചേരി സര്‍ഗാത്മകതയുടേതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര മഹാകവിയിലെ സാമൂഹ്യ സാംസ്‌കാരിക നായകന്റെ തിരനോട്ടമായിരുന്നു. പക്ഷമില്ലാത്തവന്റെ പക്ഷം ഉയര്‍ത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാന്‍ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭ കൊണ്ട് പ്രശസ്തിയുടെ ഹിമാലയം താണ്ടി.  പത്മശ്രീ, മൂര്‍ത്തീദേവി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സഞ്ജയന്‍ പുരസ്‌കാരം, വയലാര്‍, വള്ളത്തോള്‍, ആശാന്‍ അവാര്‍ഡുകള്‍ ഓടക്കുഴല്‍ പുരസ്‌കാരം,ആര്‍ഷദര്‍ശന പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ മഹാകവിയെ തേടിയെത്തിയിട്ടുണ്ട്. ജന്മഭൂമിയുടെ ലെജന്‍ഡ്‌സ് കേരള പുരസ്‌കാരമായിരുന്നു അവസാനമായി മഹാകവി അക്കിത്തം സ്വീകരിച്ചത്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരമായ ജ്ഞാനപീഠവും.