Tuesday, July 10, 2018

സംഘം ഒരു വിജയ ഗാഥ-- സേതുവേട്ടന്‍


 സംഘം ഒരു വിജയ ഗാഥ





 രാഷ്ടീയ സ്വയം സേവക സംഘം എന്ന പ്രസ്ഥാനത്തിന്റെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളോളം ചുക്കാന്‍ പിടിച്ച പ്രാന്തപ്രചാരക് ആണ് എസ് സേതുമാധവന്‍. പ്രവര്‍ത്തകര്‍ക്കെല്ലാം

 സേതുവേട്ടന്‍. ഇപ്പോള്‍ ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഖിലഭാരതീയ കാര്യകാരി സദസ്യന്‍.
ചെറിയ പ്രായത്തില്‍ സംഘത്തിനായി സമര്‍പ്പിക്കപ്പെട്ടതാണ് സേതുമാധവനെ.  പാലക്കാട് സ്വദേശി' കെ ശങ്കരന്‍  സംഘവുമായി അടുക്കുന്നത് ഠേംഗ്ഡിജിയുടെ സമ്പര്‍ക്കത്തിലൂടെയാണ്. ഒരിക്കല്‍ ഠേംഗ്ഡിജി വീട്ടിലെത്തിയപ്പോള്‍ രണ്ടു വയസ്സുള്ള പുത്രന്‍ സേതു കൈയ്യിലുണ്ട്. ഇവന്‍ സംഘത്തിനുള്ളത് എന്ന ശങ്കരന്റെ വാക്കുകള്‍ യാഥാര്‍ത്യമാകുകയായിരുന്നു. ആറാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ആരാകണമെന്ന്  ചോദ്യത്തിന് സേതുവിന്റെ ഉത്തരം ഭരതേട്ടന്‍ എന്നായിരുന്നു. ആരാണീ ഭരതേട്ടന്‍ എന്ന് തിരക്കിയ അധ്യാപകനൊടുവില്‍ ആര്‍ എസ് എസ് പ്രചാരക് ടി എന്‍ ഭരതനാണെന്ന് മനസ്സിലായി. പത്താം ക്‌ളാസ് കഴിഞ്ഞപ്പോള്‍ 1958 ല്‍ ചിറ്റൂര്‍ കൊഴിഞ്ഞാമ്പാറയില്‍ വിസ്താരക് ആയിക്കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് തൊടുപുഴയില്‍ താലൂക്ക് പ്രചാരകനായി, ആനിക്കാട് കേന്ദ്രമായി കോട്ടയത്തു പ്രവര്‍ത്തിച്ച ശേഷം 1963 ല്‍ ചെങ്ങന്നൂരെത്തി. 71 ല്‍ ആലുവ ജില്ലാപ്രചാരക് .. 1975 ല്‍  ആര്‍ എസ് എസ് ആസ്ഥാനമായ എളമക്കരയിലെ മാധവനിവാസിന്റെ പാലുകാച്ചല്‍ ദിവസം കോഴിക്കോട് വിഭാഗ് പ്രചാരകനമായി പ്രഖ്യാപിക്കപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അതേദിവസമായിരുന്നതിനാല്‍ കോഴിക്കോടു പോകാതെ കൊച്ചിയില്‍ തുടര്‍ന്നു. 77 മുതല്‍ 81 വരെ കോഴിക്കോട് വീഭാഗ് പ്രചാരകായി ചുമതല വഹിച്ചു. 1981 ല്‍ പ്രാന്തീയ സേവാ പ്രമുഖായി. 86 ല്‍ സഹപ്രാന്തപ്രചാരകും 93 ല്‍ പ്രാന്തപ്രചാരകും ആയി .2004 ല്‍ സഹക്ഷേത്രീയ പ്രചാരകായി പ്രവര്‍ത്തന മേഖല കേരളത്തിനു പുറത്തേയ്ക്കാക്കി. 2004 മുതല്‍ 2011 വരെ ക്ഷേത്രീയ പ്രചാരകും അതിനു ശേഷം അഖിലഭാരതീയ കാര്യകാരി സദസ്യനുമാണ്. ഈ വിജയദശമിയോടെ സംഘം നവതിയിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ സംഘമുന്നേറ്റത്തെക്കുറിച്ച്  എസ് സേതുമാധവന്‍ കേസരി യ്ക്കുവേണ്ടി പി ശ്രീകുമാറിനോട്  സംസാരിക്കുന്നു


സംഘപ്രവര്‍ത്തനം നവതിയിലേക്ക് പ്രവേശിക്കുകയാണ്. 1925-ല്‍ ആരംഭിച്ച സംഘം 1942-ലാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അക്കാലത്തെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷം?  ആദ്യകാല സംഘപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യം?
 അക്കാലത്ത് കേരളത്തിലെ ഹിന്ദുമനസ്സ് വളരെയധികം നിരാശാജനകമായിരുന്നു. മാപ്പിള ലഹളയ്ക്ക് ശേഷമുണ്ടായ അന്തരീക്ഷം. പ്രതികരണശേഷി ഇല്ലാത്ത സമൂഹം. ലഹളയ്ക്ക് കാരണം കോണ്‍ഗ്രസാണെന്ന ചിന്ത കമ്മ്യൂണിസ്റ്റ് അനുകൂല കാലാവസ്ഥ സൃഷ്ടിച്ചു.  ഇഎംഎസ്, എകെജി തുടങ്ങിയവര്‍ കോണ്‍ഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റ് വിപ്ലവപാര്‍ട്ടി രൂപീകരിച്ചത് യുവാക്കളെ ആകര്‍ഷിക്കാന്‍ കാരണമായി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മോചനമന്ത്രമെന്ന് തെറ്റിദ്ധരിച്ച് ഒരു വിഭാഗം ബുദ്ധിജീവികളും സാധരണക്കാരില്‍ വലിയൊരു വിഭാഗവും കമ്മ്യൂണിസ്റ്റു മുദ്രാവാക്യങ്ങള്‍ക്കുപുറകേ പോകാന്‍ തയ്യാറായി.നമ്പൂതിരി, നായര്‍ തുടങ്ങിയ വിഭാഗത്തില്‍ പലതലത്തിലുണ്ടായ ജീര്‍ണതയും യുവാക്കളെ കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിച്ചു. യുവാക്കളുടെ ഹിന്ദുവികാരം കമ്മ്യൂണിസ്റ്റുകള്‍ മുതലാക്കി. ആര്‍എസ്എസ് മുസ്ലീം ക്രിസ്ത്യന്‍ വിരുദ്ധ പ്രസ്ഥാനമാണെന്ന പ്രചരണം അവര്‍ നടത്തി. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ളിടത്ത് ന്യൂനപക്ഷങ്ങളുടെ ശല്യമൊന്നുമില്ല. അതിനാല്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ഇവിടെ വേണ്ട. ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരുന്നിടത്ത് ആര്‍എസ്എസ് പ്രവര്‍ത്തനം തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ വേണ്ട എന്നതായിരുന്നു പൊതുവെ ഹിന്ദുക്കളുടെ നിലപാട്.
കേരളത്തില്‍ തെക്കന്‍ ഭാഗത്ത് തിരുവിതാംകൂറിലും മധ്യഭാഗത്ത് കൊച്ചിയിലും സംഘടിത ക്രിസ്തുമത പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, ബാങ്കിംഗ് തിടങ്ങിയ മേഖലകളിലെല്ലാം അവര്‍ പിടിമുറുക്കിയിരുന്നു. ബ്രിട്ടിഷുകാരുടെ പിന്തുണ രാജാക്കന്മാരെപോലും ധിക്കരിക്കാന്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് ധൈര്യം നല്‍കി. ജാതിവ്യത്യാസത്തിനും അയിത്തത്തിനുമെതിരെ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും നടന്നുകഴിഞ്ഞിരുന്നു. വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും ദേശീയ ശ്രദ്ധ  നേടി. 1936 ലെ ക്ഷേത്ര പ്രവേശന വിളംബരം ജാതിജന്യമായ അസമത്വങ്ങളെ അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയായി. എസ് എന്‍ ഡി പി, എന്‍ എസ് എസ്. സാധുജനപിരിപാലനയോഗം, യോഗക്ഷേമ സഭ തുടങ്ങിയവ യഥാക്രമം ഈഴവ, നായര്‍, പുലയ, നമ്പൂതിരി വിഭാഗങ്ങളുടെ ഉന്നമനത്തിനും പരിഷ്‌ക്കാരത്തിനും വേണ്ടി രൂപംകൊണ്ടു. 1940 കളായപ്പോഴേക്കും ദിവാന്‍ഭരണത്തിനെതിരായ രാഷ്ടീയ പ്രക്ഷോഭത്തിന് തിരുവിതാംകൂറില്‍ മുന്‍ഗണനവന്നു. നേതൃത്വത്തില്‍ കൃസ്ത്യാനികള്‍ക്ക് മുന്‍തൂക്കമുള്ള സ്റ്റേറ്റ് കോണ്‍ഗ്രസ് മുന്‍ നിരയില്‍ നിന്നു.
കൊച്ചിയില്‍ രാഷ്ടീയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാമുഖ്യമുണ്ടായിരുന്നത്. കൊച്ചി രാജ്യപ്രജാ മണ്ഡലമായിരുന്നു മുന്‍ പന്തിയില്‍. ജാതിയടിസ്ഥാനത്തില്‍ സംഘടനകള്‍ ഉണ്ടായിരുന്നെങ്കിലും ശക്തമായിരുന്നില്ല.
മലബാറില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യ സമരത്തിനായിരുന്നു പ്രാധാന്യം കൈവന്നത്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമായി നടന്ന ഹരിജനോദ്ധാരണം പോലുള്ള കാര്യങ്ങള്‍ക്ക് ഹിന്ദുസമാജത്തില്‍ നല്ല പ്രതികരണമുണ്ടാക്കി.. മുസ്‌ളീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ സംഭീതരായാണ് കഴിഞ്ഞത്. മാപ്പിള ലഹളയുടെ സൃഷ്ടിയായിരുന്നു ആ ഭീതി.

ഠേംഗ്ഡിജിയും  തേലങ്ങ്ജിയുമാണല്ലോ നാഗപൂരില്‍ നിന്ന് സംഘപ്രവര്‍ത്തനത്തിനായ ആദ്യം കേരളത്തിലെത്തിയവര്‍. ഇവര്‍ വഴി പ്രവര്‍ത്തനത്തിലെത്തിയവര്‍ ആരൊക്കെ?
പിന്നീട് ലോകം ആദരിച്ച ചിന്തകനും ബിഎംഎസ്, എബിവിപി എന്നിവയുടെ ആരംഭക്കാരനുമായ ദന്തോപന്ത് ഠേംഗ്ഡിജിയാണ് കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് 1942ല്‍ ഠേംഗ്ഡിജി ആദ്യം എത്തിയത് കോഴിക്കോടാണ്. ഠേംഗ്ഡിജിക്ക് വേണ്ട സഹായം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകന് ദാദാജി പരമാര്‍ത്ഥ് എഴുതിയ കത്തുമായിട്ടായിരുന്നു വരവ്. പ്രതികരണം നിരാശപ്പെടുത്തി, ആര്‍എസ്എസ് പ്രവര്‍ത്തനം കേരളത്തില്‍ ആവശ്യമില്ല തിരികെ പോകാനായിരുന്നു വക്കീലിന്റെ ഉപദേശം. എങ്കിലും വക്കീല്‍ ഠേംഗ്ഡിജി മങ്കാവിലെ സാമൂതിരി കോവിലകത്തെ തമ്പുരാനെ പരിചയപ്പെടുത്തി. കോവിലകത്തെ വലിയേട്ടന്‍ തമ്പുരാന്‍, ഭരതേട്ടന്‍ ( ടി എന്‍ ഭരതന്‍),   മാധവജി ( പി മാധവന്‍), വേണുവേട്ടന്‍( ആര്‍ വേണുഗോപാല്‍), അമ്പാടി കരുണാകരന്‍, ടി എന്‍ മാര്‍ത്താണ്ഡന്‍,എന്നിവരൊക്കെ ഠേംഗ്ഡിജിയുടെ സമ്പര്‍ക്കത്തില്‍ വരുകയും സംഘ ആദര്‍ശത്തിലേക്ക് ആകൃഷ്ടരാകുകയും ചെയ്തു.

 ഠേംഗ്ഡജി കോഴിക്കോടെത്തുന്ന സമയത്തുതന്നെ  ബാബു റാവു തേലങ്ങ് നാഗപൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. പല പ്രമുഖരുമായും അദ്ദേഹം ബന്ധപ്പട്ടു. യുവ അഭിഭാഷകന്‍ മാന്നാര്‍ പി കെ ഗോപാലന്‍നായര്‍ തിരുവനന്തപുരത്തുനിന്ന് നാഗപ്പൂരില്‍ പരിശീലനത്തിനു പോയി.കുറച്ചു നാളുകള്‍ക്ക് ശേഷം തേലങ്ങ് മടങ്ങിപ്പോയി, പകരം മധുകര്‍ റാവ് ഓക് വന്നു. അദ്ദേഹത്തിനു പിന്‍ഗാമിയായി മനോഹര്‍ദേവ് വന്നു. അഡ്വ. മാന്നാര്‍ ഗോപാലന്‍നായര്‍ ആയിരുന്നു മനോഹര്‍ദേവിനെ സഹായിക്കാനുണ്ടായിരുന്നത്. അന്ന് കഷ്ടപ്പെട്ട ജീവിതമായിരുന്നു പ്രചാരകന്മാരുടേത്. കൊല്ലത്ത് ചിലരെ കാണാന്‍പോയ മനോഹര്‍ദേവിന് തിരിച്ചു  വരാന്‍ ആവശ്യത്തിനു പണമുണ്ടായിരുന്നില്ല. കൊല്ലത്തുനിന്ന് റയില്‍പാളത്തിലൂടെ നടന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തി. അതായിരുന്നു അവസ്ഥ. പി.പരമേശ്വര്‍ജി, എം.എ. സാര്‍ (എം.എ. കൃഷ്ണന്‍),  കര്‍ത്താ സാര്‍ (പി. രാമചന്ദ്രകര്‍ത്ത), നാരായണ്‍ജി ( പി നാരായണന്‍)  എന്നിവരൊക്കെ തിരുവനന്തപുരത്തെ ആദ്യകാല സ്വയം സേവകരായി. കോഴിക്കോട് ആദ്യകാലത്ത് തദ്ദേശിയരായ യുവാക്കളെ സംഘപ്രവര്‍ത്തനത്തിനു കിട്ടിയപ്പോള്‍ തിരുവനന്തപുരത്ത് മറ്റ് സ്ഥലങ്ങളില്‍നിന്ന് പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളായിരുന്നു ആദ്യകാലത്തെ പ്രവര്‍ത്തകര്‍.  ചിഞ്ചോല്‍ക്കറായിരുന്നു കൊച്ചിയിലെത്തിയ ആദ്യ പ്രചാരകന്‍.ഹരിയേട്ടനും (ആര്‍.ഹരി) ഭാസ്‌കര്‍ജിയും (എ വി ഭാസ്‌കര്‍) ഭട്ജിയും ( രാധാകൃഷ്ണ ഭട്ട്) അവിടുത്തെ ആദ്യകാല സ്വയം സേവകരാണ്.1946-ല്‍ ഠേംഗ്ഡിജിക്കും പിന്നാലെ ശങ്കര്‍ ശാസ്ത്രി കോഴിക്കോട്ടും ചിഞ്ചോല്‍ക്കര്‍ക്ക് പിന്‍ഗാമിയായി ഭാസ്‌കര്‍റാവുജി ( കെ ഭാസ്‌ക്കര്‍ റാവു)കൊച്ചിയിലും എത്തി. കേരളത്തില്‍ ദീര്‍ഘകാലം താമസിച്ച് സംഘത്തിന്റെ വളര്‍ച്ചയ്ക്ക് അമൂല്യ സംഭാവനകളിലൂടെ കരുത്തു നല്‍കിയ ഭാസ്‌കര്‍റാവുജിയാണ്  കേരളം പ്രതേ്യക പ്രാന്തം ആയപ്പോള്‍ ആദ്യപ്രാന്ത പ്രചാരകനായതും.


മലയാളിയായ ആദ്യകാല സംഘപ്രചാരകന്മാരേയും അവരുടെ പ്രവര്‍ത്തനങ്ങളേയും വിലയിരുത്തിയാല്‍?


 വേണുവേട്ടന്‍ (രാ വേണുഗോപാല്‍) ആയിരുന്നു മലയാളിയായ ആദ്യ സംഘപചാരകന്‍. 1947ലാണ് വേണുവേട്ടന്‍ പ്രചാരകനായത്. മാധവ്ജി, ഭരതേട്ടന്‍ , പി. കുമാരന്‍ എന്നിവരും ആദ്യകാലപ്രചാരകന്മാരാണ്.1951-ല്‍ തിരുവനന്തപുരത്തുനിന്ന് പരമേശ്വര്‍ജിയും (പി. പരമേശ്വരന്‍), എംഎ സാറും (എം.എ. കൃഷ്ണന്‍) കര്‍ത്താ സാറും , പ്രചാരകന്മാരായി. കൊച്ചിയില്‍നിന്ന് ഹരിയേട്ടനും , ഭാസ്‌കര്‍ജിയും, പാലകാട്ടുനിന്ന് വി.പി. ജനേട്ടനും (വി പി ജനാര്‍ദ്ദനന്‍) സംഘ പ്രചാരകന്മാരായി. കേരളത്തിലെ പ്രചാരകന്മാരുടെ രണ്ടാമത്തെ ഗണമായിരുന്നു ഇത്. അപാരമായ സംഘടനാ മികവും ആദര്‍ശനിഷ്ഠയും ദൗത്യബോധവും ഉണ്ടായിരുന്ന ഇവരെല്ലാം സംഘത്തിന്റെ പ്രതിപുരുഷന്മാരായി  കേരളീയ സമൂഹത്തില്‍ പ്രവര്‍ത്തിച്ചു. വേണുവേട്ടന്‍ ബിഎംഎസ് ദേശീയ അധ്യക്ഷന്‍വരെയായി. സംഘപ്രവര്‍ത്തനത്തിന് ആത്മീയതയുടെ അടിത്തറ ബലപ്പെടുത്തിയത് മാധവജിയാണ്. ധൈഷണിക രംഗത്ത് സംഘത്തിന്റെ കേരളത്തിലെ അവസാന വാക്കാണ് പരമേശ്വര്‍ജി.  സംഘത്തിന്റെ ആദ്യ രാജനൈതിക മുഖമായി ഭരതേട്ടന്‍ മാറി. അഖില ഭാരതീയ ചുമതല വഹിച്ച  ആദ്യ മലയാളിയായി ഹരിയേട്ടന്‍ സംഘടനാരംഗത്ത് ഉയര്‍ന്നു. ബാലഗോകുലവും തപസ്യയുമൊക്കെ തുടങ്ങാന്‍ നേതൃത്വം നല്‍കിയ എം എ സാര്‍  സംഘത്തിന്റെ സാംസ്‌ക്കാരിക മുഖമായി. ദേശീയ വിദ്യാഭ്യാസത്തിന് മലയാളനാട്ടില്‍ അടിത്തറയും അടിസ്ഥാനവും ഉണ്ടാക്കിയ വിദ്യാനികേതന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ഭാസ്‌ക്കര്‍ജിയാണ്


മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി സംഘ പ്രവര്‍ത്തകര്‍ക്ക് കേരളത്തില്‍ നേരിടേണ്ടിവന്നത് കമ്മ്യൂണിസ്റ്റുകളുടെ എതിര്‍പ്പുകളെയായിരുമന്നു. ആദ്യകാല എതിര്‍പ്പുകള്‍  എന്തൊക്കയായിരുന്നു? 


സംഘസ്ഥാനില്‍ കാരമുള്ളും കുപ്പിച്ചില്ലും വിതറുക, മലവിസര്‍ജ്ജനം നടത്തുക തുടങ്ങി ശാഖയിലെത്തുന്നവരെ ശാരീരികമായി ആക്രമിക്കാന്‍ വരെ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായി. 1948ല്‍ ഗാന്ധിവധത്തെ തുടര്‍ന്ന് സംഘം നിരോധിച്ചപ്പോള്‍ പി. മാധവജി താമസിച്ചിരുന്ന വക്കീലിന്റെ വീട് എന്‍.ഇ ബലറാമിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വളഞ്ഞു. ആര്‍എസ്എസുകള്‍ ആയുധം ശേഖരിച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് എഴുതിതരണമെന്ന് വക്കീല്‍ ആവശ്യപ്പെട്ടു. ഇനിയും മറ്റൊരു സംഘംകൂടി വന്ന് പരിശോധിക്കാതിരിക്കാനാണെന്നും പറഞ്ഞു. എന്‍. ഇ. ബലറാം എഴുതികൊടുത്തു. ഈ കത്ത് വച്ച് വക്കീല്‍ കോടതിയില്‍പോയി. പോലീസിനു മാത്രമേ വീടു പരിശോധിക്കാന്‍ നിയമമുള്ളൂവെന്നു പറഞ്ഞ കോടതി പാര്‍ട്ടിക്കാരെ ശിക്ഷിക്കുകയും ചെയ്തു.1948-ല്‍ പൂജനീയ ഗുരുജിയുടെ കേരളയാത്രയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരിപാടി അലങ്കോലമാക്കാന്‍ മാര്‍ക്‌സിസ്റ്റും ആസൂത്രിതമായി ശ്രമിച്ചു. തിരുവനന്തപുരത്ത് മലയാറ്റൂര്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചവരെ സംഘപ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. പരമേശ്വരന്‍ജിയായിരുന്നു പരിപാടിയുടെ മുഖ്യ ശിക്ഷക്.ശാഖയിലെ മണ്ഡലയില്‍ കല്ലെറിയുകയെന്നത് മാര്‍ക്‌സിസ്റ്റുകാരുടെ വിനോദമായിരുന്നു. അത്തരമൊരു കൂട്ടരെ പിടികൂടി മണ്ഡലയിലിരുത്തി ഗണഗീതം പാടിച്ചു പിന്നീടവര്‍ സ്വയംസേവകരായി.

ഹിന്ദുക്കളുടെ സംഘടന എന്ന നിലയില്‍ മുസ്‌ളീം, കൃസ്ത്യന്‍ വിഭാഗങ്ങളും സംഘത്തെ എതിര്‍ക്കുകയായിരുന്നല്ലോ?


കേരളത്തില്‍ സംഘം തുടങ്ങി ഏഴെട്ട് വര്‍ഷത്തിനുള്ളിലാണ് മലപ്പുറം അങ്ങാടിപ്പുറത്ത് രാമസിംഗനേയും കുടുംബത്തേയും മുസ്ലീങ്ങള്‍ ക്രൂരമായി കൊല്ലുന്നത്. മുസ്ലീങ്ങള്‍ തകര്‍ത്ത മാലാപ്പറമ്പ് നരസിംഹമൂര്‍ത്തിക്ഷേത്രം പുനരുദ്ധരിക്കാന്‍ രാമസിംഹന്‍ ശ്രമിച്ചതാണ് നിഷ്ഠൂരമായ വധത്തിനു കാരണം. പ്രമുഖ മുസ്ലീം കുടുംബമായ കിളിയമണ്ണില്‍ ഉണേ്യന്‍ സാഹിബും മക്കളും സഹോദരനും ഹിന്ദുമതം സ്വീകരിച്ചത് മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ കോലാഹലമുണ്ടാക്കി. ഉണേ്യന്‍ സാഹിബ് രാമസിംഹന്‍ എന്നും, അനുജന്മാരായ കുഞ്ഞഹമ്മദ്, ഉദയസിംഹന്‍ എന്നും ആലിഫ് ദയാസിംഹന്‍ എന്നും പേരുകള്‍ സ്വീകരിച്ചു. ഉല്‍പതിഷ്ണുക്കളായ നമ്പൂതിരിമാര്‍ ദയാസിംഹന് ഒരന്തര്‍ജനത്തെ വേളി കഴിച്ചുകൊടുത്തു. ആ കുടുംബം തങ്ങളുടെ രാമസിംഹന്‍ എസ്റ്റേറ്റിലെ വസതിയില്‍ നമ്പൂതിരിച്ചിട്ടയില്‍ ജീവിച്ചു. . മതംമാറിയ ആ കുടുംബത്തിനു മാപ്പുകൊടുക്കാന്‍ മുസ്ലീം സമുദായം തയ്യാറായിരുന്നില്ല.. 1947 ആഗസ്റ്റ് പതിമൂന്നിന് രാതി ഒരു സംഘം കൊലയാളികള്‍ അവരുടെ ബംഗ്ലാവില്‍ കയറിച്ചെന്ന് രാമസിംഹന്‍, ദയാസിംഹന്‍, കമലാ അന്തര്‍ജനം, പാചകക്കാരന്‍ രാജു അയ്യര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തി. 
രാമസിംഹന്‍ സംഭവം  ഹിന്ദുകള്‍ക്കിടയില്‍ സംഭ്രാന്തി ഉളവാക്കി. ആ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിക്കാന്‍പോലും ആരും തയ്യാറായില്ല. സംഘപ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രിയും ആര്യസമാജത്തിലെ ബുദ്ധസിംഹനും അങ്ങാടിപ്പുറത്തെ യുവസ്വയം സേവകരും ചേര്‍ന്ന് അവ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു. രാമസിംഹന്‍ സംഭവത്തില്‍ കേരളത്തില്‍ ദുര്‍ബലമായ പ്രതിഷേധമേ ഉണ്ടായുള്ളൂ. പാലക്കാട്ടു നഗരത്തില്‍ സംഘപ്രചാരകനായിരുന്ന ടി.എന്‍. ഭരതന്റെ ശ്രമഫലമായി കടകളടച്ച് ഹര്‍ത്താലും പ്രതിഷേധപ്രകടനവും നടന്നു. കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്ന ആത്മവിശ്വാസഹീനതയുടെയും സംഭ്രാന്തിയുടെയും ലക്ഷണമായി ഇതിനെ കണക്കാക്കണം.
ഗോഹത്യാനിരോധന പ്രസ്ഥാനത്തിന് കേരളത്തില്‍ നേതൃത്വം നല്‍കിയത് സംഘമാമിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് പയ്യോളിയിന്‍ നടന്ന യോഗത്തിനു നേരെ മുസ്‌ളീങ്ങളുടെ ആക്രമണമുണ്ടായി.കേളപ്പജിയുടെ അനുയായിയും യോഗാദ്ധ്യക്ഷനുമായിരുന്ന കണ്ണന്‍ ഗുമസ്ഥനെ മുസ്ലീങ്ങള്‍ കൊന്നു. കൊലയ്ക്ക് നേതൃത്വം കൊടുത്ത കീഴൂരിലെ പക്കു, മൂസ എന്നിവരെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നു.1955-ല്‍ കോഴിക്കോട് നടുവട്ടത്ത് ക്ഷേത്രോത്സവത്തെ തടയാന്‍ ശ്രമിച്ച മുസ്ലീങ്ങളെ പോലീസ് വെടിവെച്ചു.1957-58ല്‍ ഗുരുവായൂര്‍ മണത്തല വിശ്വനാഥ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താന്‍ മുസ്ലീം ശ്രമം. ഹിന്ദുക്കള്‍ തിരിച്ചടിച്ചു. മാറാട് കൂട്ടക്കുരുതിയായിരുന്നു ഇത്തരത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന സംഘടിത മുസ്‌ളീം അതിക്രമം. മാറാട് നടന്നത് ഹിന്ദുക്കള്‍ക്ക് നേരെയുള്ള ഏകപക്ഷീയമായ മിന്നലാക്രമണമായിരുന്നു. എട്ട് ഹിന്ദുക്കള്‍ പൈശാചികമായി കൊല്ലപ്പെടുകയും 15 പേര്‍ക്ക് മരണതുല്യമായ പരുക്കേല്‍ക്കുകയും ചെയ്തു.
ക്രൈസ്തവര്‍ വളരെ ബുദ്ധിപൂര്‍മാണ് ഹിന്ദു മുന്നേറ്റത്തെ തടയാന്‍ ശ്രമിച്ചത്.1952-ല്‍ ശബരിമല ക്ഷേത്രം  അവര്‍ തീവെച്ചു നശിപ്പിച്ചു. അന്ന് അതിനെതിരെ ഫലപ്രദമായി പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്കായില്ല. അവരുടെ അമര്‍ഷത്തെ അനുകൂലമാക്കികൊണ്ടാണ് 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.1963-ല്‍ വിവേകാനന്ദപ്പാറയില്‍ ക്രൈസ്തവര്‍ കുരിശുനാട്ടി. .കോഴിക്കോട്ടു നിന്നുള്ള മത്സ്യതൊഴിലാളികളായ സ്വയംസേവകര്‍ അവിടെപോയി. 1963 മേയ് 19ന് പാറയിലെത്തി കുരിശ് നീക്കം ചെയ്ത് വിവേകാനന്ദഫലകം സ്ഥാപിച്ചു.  1983 ല്‍ നിലയ്ക്കലില്‍ കുരിശ്ശു വെച്ചതും ഹിന്ദുക്കളോടുള്ള കൃസ്ത്യാനികളുടെ വെല്ലു വിളിയായിരുന്നു. കുരിശ്ശു പിഴുതെറിയാന്‍ സംഘം നേതൃത്വം നല്‍കിയ സമരത്തിനു കഴിഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിയും ക്രൈസ്തവ ഗൂഡാലോചനയാണ്. അതിനെയും തകര്‍ത്തത് സംഘം നേതൃത്വം നല്‍കിയ സമരമാണ്


സംഘത്തിന് കേരളത്തിന്റെ സാമൂഹ്യ- സാംസ്‌ക്കാരിക ചിത്രത്തില്‍ അവഗണിക്കാനാകാത്ത സ്ഥാനം കൈവന്നത് എപ്പോളാണ്?

 എപ്പോഴാണ് എന്നതിന് കൃത്യമായ ഉത്തരം പറയാനാകില്ല. തുടര്‍ച്ചയായ പ്രവര്‍ത്തനം കൊണ്ട് ആ സ്ഥാനത്തെത്തുകയായിരുന്നു. ബാലഗോകുലത്തിന്റെയും തപസ്യയുടേയും പ്രവര്‍ത്തനം സാംസ്‌ക്കാരിക രംഗത്ത് സംഘത്തിന് സ്ഥാനം നല്‍കാന്‍ സഹായിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷം സമാജം എറ്റെടുത്തപ്പോള്‍ അത് സാമൂഹ്യ മുന്നേറ്റം കൂടിയായി. ക്ഷേത്ര സംരക്ഷണ സമിതിയും സാമൂഹ്യമാറ്റത്തിന് വഴിതുറന്നു.ക്ഷേത്രാചാരങ്ങളെയും പൂജാവിധികളെയും കുറിച്ച് മാധവ്ജി രചിച്ച 'ക്ഷേത്രചൈതന്യ രഹസ്യം'' എന്ന പുസ്തകത്തെ ക്ഷേത്രാനുഷ്ഠാനസംബന്ധിയായ ആധികാരികഗ്രന്ഥമായി കോടതി സ്വീകരിച്ചു എന്നത് ശ്രദ്ധേയമാണ്. 1982-ല്‍ കേരളത്തിലെ ഹൈന്ദവനവോത്ഥാനചരിത്രത്തിലെ വഴിത്തിരിവായിരുന്നു ഏപ്രില്‍ 4ന് എറണാകുളത്ത് നടന്ന വിശാലഹിന്ദു സമ്മേളനം. ഹിന്ദുക്കള്‍ നാമൊന്നാണ് എന്ന് പാടിക്കൊണ്ട് മുഴുവന്‍ കേരളത്തില്‍ നിന്നുമായി ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പങ്കെടുത്ത ബൃഹദ്‌സമ്മേളനം കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തു..ആ  ആഹ്വാനം കേരളമെമ്പാടും ഇന്ന് നടപ്പിലായിരിക്കുന്നു.1983ല്‍ ഏകാത്മതാ രഥയാത്ര, 1986 മുതല്‍ അയോധ്യാപ്രക്ഷോഭം അതിലെല്ലാം കേരളത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടായി.1986ല്‍ ആയിരക്കണക്കിന് പൂര്‍ണഗണവേഷധാരി സ്വയംസേവകര്‍ പങ്കെടുത്ത ഹിന്ദുസംഗമങ്ങള്‍ തിരുവനന്തപുരത്തും കണ്ണൂരും നടന്നു. സാമൂഹ്യമണ്ഡലത്തിന്റെ സര്‍വമേഖലകളിലും പ്രവര്‍ത്തനം വ്യാപിച്ചു. 2010 ല്‍ കൊല്ലത്ത് ഒരു ലക്ഷം ഗണവേഷധാരികളായ സ്വയം സേവകര്‍ പങ്കെടുത്ത മഹാ സാംഘിക് സംഘചരിത്രത്തിലെ നാഴികകല്ലാണ്.

സംഘപ്രവര്‍ത്തനം സംസ്ഥാനത്ത് ഹിന്ദത്വാഭിമാനം ഉണര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഹിന്ദു അവകാശ പോരാട്ടത്തിന് സംഘപ്രവര്‍ത്തകര്‍ ചുക്കാന്‍ പിടിച്ച സംഭവങ്ങള്‍ ഏതൊക്കയാണ്?


1954ലില്‍ കോഴിക്കോട് നടുവട്ടത്തുണ്ടായ പോലീസ് വെടിവെപ്പ് പോലീസ് വെടിവെപ്പ് മലബാറിനെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. ഹിന്ദുക്കള്‍ ക്ഷേതോത്സവത്തോടനുബന്ധിച്ച് നടത്തിവന്നിരുന്ന വാദ്യമേളത്തോടെയുള്ള ഘോഷയാത്രക്ക് പൊതുനിരത്തിലൂടെ പോകുന്നതിന് മുസ്‌ളീംങ്ങള്‍ എതിരുനിന്നു. ഘോഷയാത്ര പള്ളിക്കുമുന്നിലൂടെ പോകുമ്പോള്‍ തടയുകയും പങ്കെടുക്കുന്നവരെ ആക്രമിക്കുന്നതും പതിവായി. അപമാനകരമായ സംഗതിക്ക് അവസാനമുണ്ടാക്കാന്‍ ബേപ്പൂരിലെ ഹിന്ദുക്കള്‍ മുന്നോട്ടുവന്നു.ഏതു ഭീഷണിയേയും കൂസാതെ മാത്തോട്ടം ക്ഷേത്രത്തിലെ ഉത്സവം നട്ത്താന്‍ തീരുമാനിച്ചു. ഭരതേട്ടനായിരുന്നു അവര്‍ക്ക് നേതൃത്വവും ധൈര്യവും നല്‍കി മുന്നിലുണ്ടായിരുന്നത്. ഘോഷയാത്ര നടുവട്ടം പള്ളിക്ക് സമീപം തടയാന്‍ ആയിരക്കണക്കിന് മുസ്‌ളീംങ്ങള്‍ അക്രമാസക്തരായി മുന്നോട്ടു വന്നു. ഇവരെ പിരിച്ചുവിടാന്‍ പോലീസിന് വെടിവെയ്‌ക്കേണ്ടിവന്നു. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മുസ്‌ളീംങ്ങളുടെ ആക്രമോത്സുകമായ നിലപാടാണ് സംഘര്‍ഷത്തിനു കാരണമെന്നും വെടിവെപ്പില്ലായിരുന്നെങ്കില്‍ ഘോരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു കോടതിയുടെ നിഗമനം. വളരെക്കാലമായി നിര്‍ഭയം ഉത്സവാദികള്‍ നടത്താന്‍ കഴിയാതിരുന്ന ഹീന്ദുക്കള്‍ക്ക് ധൗര്യം പകര്‍ന്ന സംഭവമായിരുന്നു നടുവട്ടം.
ഹിന്ദുക്കളെ ഒറ്റക്കെട്ടായി സമരത്തിനണിനിരത്താന്‍ സംഘത്തിനു കഴിഞ്ഞസംഭവമായിരുന്നു ഗുരുവായൂര്‍ മണത്തല സംഭവങ്ങള്‍. മണത്തലയിലെ ശ്രീ വിശ്വനാഥക്ഷത്രം അവിടുത്തെ ഈഴവസമുദായത്തിന്റെ പ്രധാന ആരാധനാലയമായിരുന്നു. ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍നിന്ന് അവിടേയ്ക്ക് വരവുകള്‍ ഉണ്ടാകാറുണ്ട്. 1958 ലെ ഉത്സവത്തോടനുബന്ധിച്ച് വരവ് ആനപ്പുറത്തെഴുന്നള്ളിപ്പായി കൊണ്ടുപോകാന്‍ തീരുമാനിച്ചു.  മണത്തല പള്ളിക്കു മുന്നിലൂടെ ഘോഷയാത്ര പോകാന്‍ അനുവദിക്കില്ലന്നായി മുസ്‌ളീംങ്ങള്‍. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യപ്രകാരം സംഘം പ്രശ്‌നത്തിലിടപെട്ടു. നിയമമന്ത്രിയായിരുന്ന വി ആര്‍ കൃഷ്‌നയ്യര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പൊതുനിരത്തിലൂടെ വാദ്യഘോഷസഹിതം എഴുന്നള്ളിച്ചു കൊണ്ടുപോകാനുള്ള മൗലികാവകാശം കൈവിടില്ലന്ന് ഹിന്ദുക്കളും തടയുമെന്ന് മുസ്‌ളീംങ്ങളും നിലപാടെടുത്തു. സംഘര്‍ഷം ഒഴിവാക്കാന്‍ നിരോതനജ്ഞ പ്രഖ്യാപിച്ചു. മൗലികാവകാശം ധ്വംസിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഉത്സവത്തിന്റെ പുറത്തെ ചടങ്ങുകളെല്ലാം ഉപേക്ഷിച്ച് മൗനജാഥ നടത്തി.  അടുത്ത വര്‍ഷം ഉത്സവം അടുത്തപ്പോള്‍ ക്ഷേത്രഭാരവാഹികള്‍ സംഘത്തെ സമീപിക്കുകയും ഉത്സവം നിര്‍ബാനം നടത്താനുള്ള അവകാശം പു ന സ്ഥാപിച്ചുകിട്ടാനായി സത്യാഗ്രഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. നിരോധനാജ്ഞയെ ദുര്‍ബലപ്പെടുത്തി കോടതിവിധി വന്നു. മൗലികാവകാശം ധ്വംസിക്കുന്നവരെയാണ് തടയേണ്ടതെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് ആര്‍ഭാടപൂര്‍വം ഘോഷയാത്രയോടെ ഉത്സവം നടന്നു.. ഭയചികിതരും ആത്മവിശ്വാസം നഷ്ടപ്പെട്ടവരുമായിക്കഴിഞ്ഞ മലബാറിലെ ഹിന്ദുക്കള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്നതായിരുന്നു മണത്തല സമരം.
ഏലുര്‍ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിന്റെ മൈതാനത്തിനുചുറ്റും ദേവസ്വം മതില്‍ കെട്ടുന്നത് തടയാന്‍ മുഹമ്മദ് മൂപ്പന്‍ എന്ന മുസ്‌ളീം പ്രമാണിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമത്തിനെതിരെ ഉണ്ടായ സമരത്തിനും നേതത്വം നല്‍കിയത് സംഘമായിരുന്നു. മതില്‍ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടെങ്കിലും നൂറുകണക്കിന്‍ സ്ത്രീകള്‍ മതിനിന്മേല്‍ ചാരിനിന്ന് അതിനെ ചെറുത്തു. മതില്‍ പൊളിക്കാനുള്ള ഉത്തരവ് കോടതി നിരാകരിച്ചതിനെ തുടര്‍ന്ന് സമരം വിജയകരമായി അവസാനിച്ചു.
കോട്ടയം കൂരോപ്പടയിലെ മാതൃമല സംരക്ഷമായിരുന്നു തെക്കന്‍ കേരളത്തില്‍ സംഘം നേതൃത്വം നല്‍കിയ ആദ്യ സമരം. ക്ഷേത്രത്തിന്റെ ശേഷിപ്പുകള്‍ ഉണ്ടായിരുന്ന മലയില്‍ 1963 ല്‍   കുരുശ്ശുനാട്ടി.  തുടര്‍ന്ന് വര്‍ഷം തോറും അവിടേക്ക് തീര്‍ത്ഥയാത്ര. ദു:ഖ വെള്ളിദിവസം  വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ മലചവിട്ടാനെത്തും. സംഘത്തിന്റെ നേതൃത്വത്തില്‍ തുടക്കം മുതലേ  എതിര്‍പ്പുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടുനീണ്ട സമരത്തിലൊടുവില്‍ കുരിശ് കൃസ്ത്യാനികള്‍തന്നെ പിഴുതുമാറ്റി. പോപ്പ് വേദി തിരുവനന്തപുരം1986ല്‍ തിരുവനന്തപുരത്ത്  മാര്‍പ്പാപ്പ വന്ന് പ്രസംഗിച്ച ശംഖുമുഖത്തെ വേദി സ്മാരകമായി നിലനിര്‍ത്തനാന്‍ തീരുമാനമായി. സംഘത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പോപ്പ് വേദി പൊളിച്ച് മാറ്റേണ്ടിവന്നു.
1967 ലെ അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭം സംഘത്തിന്റെ നേതൃത്വത്തിലാണ് നടന്നത്.. കേളപ്പജിയെ മുന്നില്‍ നിര്‍ത്തി നടത്തിയ സമരം മുസ്ലീം- കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ എതിര്‍പ്പുകളെ പരാജയപ്പെടുത്തി ക്ഷേത്രപുനര്‍നിര്‍മ്മാണം സാധ്യമാക്കി,1983-ലെ നിലക്കല്‍ പ്രക്ഷോഭമാണ് മറ്റൊന്ന്.അയ്യപ്പന്റെ പൂങ്കാവനത്തിലെ കുരിശു കൃഷിയ്‌ക്കെതിരെയുള്ള വിജയ സമരമായിരുന്നു അത്. സകലവിധ എതിര്‍പ്പുകളേയും മര്‍ദ്ദനങ്ങളേയും അതിജീവിച്ചാണ് നിലയ്ക്കല്‍ സമരവിജയം കൈവരിച്ചത്. അയോധ്യ സമരത്തിനു പോലും മാതൃകയായിരുന്നു നിലയ്ക്കല്‍ സമരം. മാറാട് കൂട്ടക്കുരുതിയ്‌ക്കെതിരെ സംഘം നടത്തിയത് ജനകീയ ജനാധിപത്യ പ്രക്ഷോഭമായിരുന്നു. ചൂഷണത്തിനും മര്‍ദ്ദനത്തിനും പീഡനത്തിനും എതിരെ ഹിന്ദുജനത നടത്തിയ ഉജ്ജ്വലപോരാട്ടമായിരുന്നു മാറാട് പ്രക്ഷോഭം.മാറാട് സംഭവം കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തില്‍ ഉണ്ടാക്കിയ ഏറ്റവും ആരോഗ്യകരമായ മാറ്റം അത് ഹിന്ദുക്കള്‍ക്കിടയില്‍ രാഷ്ടീയത്തിനതീതമായ ഐക്യം വളര്‍ത്തിയെടുത്തു എന്നതാണ്. കേരളത്തിലെ എല്ലാ ഹിന്ദുസംഘടനകളും ഒറ്റക്കെട്ടായി നിന്ന് അഞ്ചുമാസക്കാലം എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് അതി ശക്തമായ പ്രക്ഷോഭം നയിച്ചു. ആറന്മുള വിമാനത്താവളത്തിനെതിരായ സമരവും ഇതില്‍ പെടും. ഹിന്ദുക്കളുടെ മാനബിന്ദുക്കളെ തകര്‍ക്കാനുള്ള ഗൂഡാലോചനയായിരുന്നു  ആറന്മുള വിമാനത്താവളം. കമ്മ്യുണിസ്സുകളെ വരെ ഒപ്പം നിര്‍ത്തി സമരം ജയിപ്പിക്കാന്‍  സംഘത്തിന്റെ സംഘടനാ പ്രവര്‍ത്തനത്തിനു കഴിഞ്ഞു. സംഘപ്രചാരകനായ കുമ്മനം രാജശേഖരനാണ് നിലയ്ക്കല്‍, മാറാട്, ആറന്മുള സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്

നാഗപ്പൂരില്‍നിന്ന് സംഘപ്രചാരകന്മാര്‍ കേരളത്തില്‍ വന്നത് ഏഴു പതിറ്റാണ്ടു മുമ്പുള്ള ചരിത്രം. ഇന്ന് മറ്റ് സ്ഥലങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പ്രചാരകന്മാര്‍ പോകുന്നു.സംഘവളര്‍ച്ചയില്‍ കേരളം വഹിക്കുന്ന പങ്കിനെ എങ്ങനെ വിലയിരുത്തുന്നു?

തിരുവനന്തപുരത്തുനിന്ന് പ്രചാരകനായ രാമചന്ദ്രന്‍ ചേട്ടനാണ് ( പി രാമചന്ദ്രന്‍) കേരളത്തിനു പുറത്ത് പ്രാചാരകനാകുന്ന ആദ്യ മലയാളി. തമിഴ് നാട്ടിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് പോയത്. പിന്നീട് സനല്‍ജി ( വി സനല്‍കുമാര്‍) മദ്രാസില്‍ പ്രചാരകനായി പോയി. പഞ്ചാബ് പ്രശ്‌നം കത്തി നില്‍ക്കുമ്പോള്‍ അവിടേയ്ക്ക് പ്രചാരകന്മാരായി പോയവരാണ് എന്‍സി റ്റി രാജഗോപാലും നന്ദകുമാറും. ആസാമിലേക്ക് പ്രചാരകനായി പ്പോയ മുരളിയെ ഉള്‍ഫ കലാപകാരികള്‍ വധിക്കുകയായിരുന്നു. മണിപ്പൂരിലേക്കുപോയ പാലക്കാട്ടുകാരന്‍ എം എം അശോകന്‍  ഇപ്പോള്‍ അവിടെ പ്രാന്തപ്രചാരക് ആണ്. ഇപ്പോള്‍ എല്ലാ വര്‍ഷവും ഏഴെട്ട് പ്രചാരകന്മാര്‍ ആസാമിലേക്ക് കേരളത്തില്‍ നിന്ന് പോകാറുണ്ട്. നേപ്പാളില്‍ പ്രചാരകനായിരുന്ന വി മോഹനനാണ് ഇന്ത്യക്ക് വെളിയിലേക്ക് നിയമിക്കപ്പെട്ട ആദ്യ മലയാളി പ്രചാരക്. ഹരിയേട്ടനാണ് കേരളത്തില്‍ നിന്ന് ആദ്യമായി അഖിലഭാരത ചുമതല കിട്ടുന്നത്. അഖിലഭാരത ബൗദ്ധിക് പ്രമുഖ് ചുമതല വരെ വഹിച്ചു.  അഖിലഭാരതീയ കാര്യകാരി സദസ്യനായ എനിക്കു പുറമെ ജെ നന്ദകുമാര്‍ ( സഹ ബൗദ്ധിക് പ്രമുഖ്) എ ഗോപാലകൃഷ്ണന്‍ ( സീമാ ജാഗരണ്‍ മഞ്ച്) എ ജയകുമാര്‍ ( വീജ്ഞാന്‍ ഭാരതി) പ. നന്ദകുമാര്‍ (വിശ്വ സംസ്‌കൃത പ്രതിഷ്ഠാന്‍) എന്നിവരാണ് കേരളത്തിനു പുറത്ത് ചുമതല വഹിക്കുന്ന പ്രാചരകന്മാര്‍

കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ സമൂഹത്തിലേക്ക് കടന്നുചെല്ലാന്‍ ബാലഗോകുലം ക്ഷേത്ര സംരക്ഷ സമിതി തുടങ്ങിയ വിവിധക്ഷേത്ര പ്രസ്ഥാനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.  ഈ കേരളീയ മാതൃക സംഘത്തിന്റെ ദേശീയതല പ്രവര്‍ത്തനത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?
ബാലഗോകുലം, തപസ്യ, ക്ഷേത്രസംരക്ഷണ സമിതി, ഭാരതീയ വിചാരകേന്ദ്രം, സ്വദേശി ശാസ്ത്ര പ്രസ്ഥാനം, മത്സ്യ പ്രവര്‍ത്തക സംഘം തുടങ്ങിയ സംഘടനകളൊക്കെ  പരിവാര്‍ സംഘടനകളായി കേരളത്തില്‍ രൂപം കൊണ്ടവയാണ്. ഇവയുടെ മാതൃക പിന്‍തുടര്‍ന്ന് ദേശീയ തലത്തിലും സമാന സംഘടനകള്‍ ഉണ്ടായി. തപസ്യയുടെ ദേശീയ രുപമാണ് സംസ്‌ക്കാര്‍ ഭാരതി. വിശ്വഹിന്ദു പരിഷത്ത് രൂപീകരണത്തിന് ക്ഷേത്ര സംരക്ഷണ സമിതിയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ടിട്ടുണ്ട്.സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ദേശീയ രൂപമാണ് വീജ്ഞാന്‍ ഭാരതി.സീമാ ജാഗരണ്‍ മഞ്ചിന് പ്രേരണ മത്സ്യ പ്രവര്‍ത്തക സംഘമാണ്. ഇതുമാത്രമല്ല  കേരളത്തിലെ പ്രവര്‍ത്തനത്തെയും പ്രവര്‍ത്തകരേയും ദേശീയ നേതൃത്വം എന്നും  ശ്രദ്ധയോടും സ്‌നേഹത്തോടെയുമാണ് വീക്ഷിച്ചിട്ടുള്ളത്. 

ഏഴു പതിറ്റാണ്ടിന്റെ കേരളത്തിലെ സംഘചരിത്രം ഒരു വിജയഗാഥയാണ്, ഈ പരിപ്പീമണ്ണില്‍ വേവില്ല എന്ന് പ്രതികരിച്ചവര്‍ ഇന്ന് സംഘ സ്വാധീനം തലകുലുക്കി സമ്മതിക്കുന്നു. ഈ വിജയഗാഥയെ എങ്ങനെ വിലയിരുത്തുന്നു?

നിരീശ്വരവാദവും ദേശവിരുദ്ധ സമീപനവും വര്‍ഗ്ഗസമര- ഉന്മുലനവാദ സിദ്ധാന്തവും കൈമുതലാക്കിയ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ദേശീയതയില്‍ അടിയുറച്ച സംഘപ്രസ്ഥാനത്തിനെതിരെ ആരംഭകാലം മുതല്‍ തന്നെ തെറ്റിദ്ധാരണകള്‍ പരത്താനും അക്രമമഴിച്ചുവിടാനും തയ്യാറായി.അവരുടെ ഹിന്ദുവിരുദ്ധ നിലപാടില്‍ ഇന്നും മാറ്റം വന്നിട്ടില്ല.  എന്നാല്‍ ഈ കള്ളപ്രചരണങ്ങളെയും ശാരീരികആക്രമണങ്ങളെയും  അതിജീവിച്ച് കേരളമാകെ വ്യാപിച്ചു എന്നു മാത്രമല്ല ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതരത്തില്‍ അതിന്റെ അടിത്തറ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സംഘശാഖയുള്ള സംസ്ഥാനമാണ് കേരളം. ദേശീയശക്തിയുടെ ഈ സംഘടിത സാന്നിധ്യം ആഗോളവത്കരണത്തിന്റെയും ഉപഭോഗ സംസ്‌കാരത്തിന്റെയും കടന്നുകയറ്റത്തിനിടയിലും വ്യത്യസ്തരീതികളിലൂടെ ഹിന്ദുചൈതന്യത്തെ സജീവമായി നിലനിര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്. മതതീവ്രവാദവിഘടനശക്തികള്‍ കേരളത്തില്‍ വളരെ സജീവമാണ്. തീവ്രവാദ ശക്തികളുടെ ഏറ്റവും സുരക്ഷിതസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. സംഘടിതമതപരിവര്‍ത്തനങ്ങളും വളരെ വ്യാപകമാണ്. ഈ രണ്ടു ശക്തികളും തഴച്ചു വളരുന്നത് നിയമവിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ കടത്തികൊണ്ടുവരുന്ന വിദേശപണത്തിന്റെ ബലത്തിലാണ്. കള്ളപ്പണത്തിന്റെതായ സമാന്തര സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയാണ്.അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് അതിവേഗം ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന ഹിന്ദു സമൂഹവും. കൂടുതല്‍ ദേശീയതയില്‍ അടിയുറച്ചുനില്‍ക്കുന്ന വ്യത്യസ്ത പ്രസ്ഥാനങ്ങള്‍ ഒന്നിച്ചുവന്ന് ഈ പ്രതിസന്ധിയെ മറികടക്കേണ്ടതായിട്ടുണ്ട്.  കേരളീയവും അഖിലഭാരതീയവും സാര്‍വ്വലൗകികവുമായ മാനങ്ങളുള്ളതുമാണ് ആധുനിക ഹിന്ദുനവോത്ഥാനപ്രസ്ഥാനം. അതിന്റെ ചാലക ശക്തി  ആര്‍ എസ്സ് എസ്സാണെന്ന തിരിച്ചറിവിലേക്ക് കേരളം ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഹിന്ദുക്കളുടെ യഥാര്‍ത്ഥ സംഘടന ആര്‍ എസ് എസ് മാത്രമാണെന്ന് ജ നം തിരിച്ചറിയുന്നു 

Sunday, July 8, 2018

ഗുജറാത്തിലെ മലയാളി ദേവന്‍


ഗുജറാത്തിലെ 
മലയാളി ദേവന്‍

പി ശ്രീകുമാര്‍


കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഗുജറാത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഒരു കാരണ വശാലും ഒഴിവാക്കാതിരുന്ന സ്ഥലമാണ് വഡോദര എന്ന പഴയ ബറോഡ. ബിജെപി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലം എന്നതു തന്നെയായിരുന്നു കാരണം. ജന്മഭൂമിക്കായി ഗുജറാത്തില്‍ റിപ്പോര്‍ട്ടിംഗിന് പോകണമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ഉറപ്പിച്ച ഒരു സ്റ്റോറിയാണ് വഡോദര കലക്ടറുമായി ഒരഭിമുഖം. ഭാവി പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച ആള്‍ എന്നതായിരുന്നില്ല കാരണം. ആ ഭാഗ്യം കിട്ടിയ മലയാളി എന്നതായിരുന്നു കളക്ടര്‍ വിനോദ് റാവുവിനുള്ള പ്രത്യേകത. തെരഞ്ഞെടുപ്പ് ചൂടിന്റെ തിരക്കിലായിരുന്നിട്ടും ആലപ്പുഴക്കാരനായിരുന്ന വിനോദ് റാവു കൂടിക്കാഴ്ചയക്ക് അവസരം തന്നു. ഗുജറാത്തിലെ യാത്രകള്‍ക്കെല്ലാം സൗകര്യം ഒരുക്കിയ ഹരിഭായിക്കൊപ്പമായിരുന്നു പോയത്. ഒന്നാം പേജ് സ്റ്റോറിക്കുള്ള വക കിട്ടുകയും ചെയ്തു. ഗുജറാത്തിലുള്ള മറ്റ് മലയാളി ഉന്നത ഉദ്യോഗസ്ഥരെകുറിച്ച് ചോദിച്ചപ്പോള്‍ വിനോദ് റാവുവാണ് വഡോദരയില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന ജനു ദേവന്റെ പേര് പറഞ്ഞത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുതുതായി രീപീകരിച്ച ഛോട്ടാ ഉദയപ്പൂര്‍ ജില്ലയുടെ കളക്ടറായി പോയതായും പറഞ്ഞു. ജെനു ദേവ് അടുത്ത പരിചയക്കാരനാണെന്ന് പറഞ്ഞ് ഹരി ഭായി ഫോണില്‍ വിളിച്ചു. ഛോട്ടാ ഉദയപ്പൂരിലേക്ക് വരാനായിരുന്നു മറുപടി. വഡോദരയില്‍നിന്ന് 110 കിലോമീറ്റര്‍ ദൂരമുണ്ട്. എത്തുമ്പോള്‍ രാത്രി വൈകുമെന്നു പറഞ്ഞപ്പോള്‍ അതൊന്നു പ്രശ്‌നമില്ല എത്താന്‍ ആവശ്യപ്പെട്ടു.
മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഛോട്ടാ ഉദയപ്പൂര്‍ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോള്‍  പത്തു മണിയായി. പിന്നോക്ക ഭൂരിപക്ഷ ജില്ലയിലെ പകുതിപേരെയെങ്കിലും പോളിംഗ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി രാപകല്‍ പണിയെടുത്ത ശേഷം കളക്ടര്‍ ജെനു ദേവന്‍ വീട്ടലെത്തിയതേയൂള്ളൂ. സഹായികള്‍ പോലും ഇല്ലാതിരുന്ന വീട്ടില്‍ അദ്ദേഹം ഇട്ടു തന്ന ചായയും ബിസ്‌ക്കറ്റും കഴിച്ച ഏറെ നേരം ഇരുന്നു. ഗുജറാത്തിലേയും കേരളത്തിലേയും രാഷ്ട്രീയവും വികസനവും താരതമ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യവമൊക്കെ ചര്‍ച്ചയായി. വീട്ടില്‍ തങ്ങി പിറ്റേന്ന് പോകാമെന്ന് സ്നേഹപൂര്‍വം നിര്‍ബന്ധിച്ചു. രാവിലെ മറ്റു പത്രക്കാര്‍ക്കൊപ്പം മോദിയുടെ ജന്മസ്ഥലമായ വടനഗറില്‍ പോകാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാനാല്‍ ക്ഷണം നിരസിക്കേണ്ടി വന്നു .പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഛോട്ടാ ഉദയപ്പൂര്‍ കളക്ടറെ മണല്‍ മാഫിയ വധിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത വന്നപ്പോളാണ് ജെനു ദേവനെ ഓര്‍ത്തത്. ജെനു സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിപ്പിക്കുകയായിരുന്നു. ഭ്ാഗ്യം കൊണ്ട് തല നാരിഴയ്ക്കാണ് ജെനുദേവന്‍ രക്ഷപെട്ടത്. ജെനു ദേവനെ കുറിച്ച് വീണ്ടും വാര്‍ത്ത വന്നത്.  മികച്ച ജില്ലാ കലക്ടര്‍ക്കുള്ള ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോളാണ്.  സിവില്‍ സര്‍വീസ് ദിനത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച പുരസ്‌കാരം ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  സമ്മാനിച്ചത്.
കോട്ടയം തെക്കേ ചെങ്ങളം ഉമ്പുക്കാട്ട് കുടുംബാംഗമായ ജെനു ദേവിന്റെ മികവ് ഗുജറാത്ത് സര്‍ക്കാറും അംഗീകരിച്ചു. ഗുജറാത്ത് ടൂറിസം കമ്മീഷണറും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു കൊണ്ടായിരുന്നു അത്.ടൂറിസം രംഗത്ത് വന്‍ കുതിച്ചു കയറ്റത്തിനൊരുങ്ങുന്ന ഗുജറാത്തില്‍ അതിന് നേതൃത്വം നല്‍കാന്‍ ടൂറിസം രംഗത്ത് വിജയം വരിച്ച കേരളത്തില്‍നിന്നുള്ള ഒരാള്‍ക്ക് സാധിക്കും എന്ന വിശ്വാസവും പിന്നിലുണ്ടാകാം.
സംസ്ഥാന തലസ്ഥാനമായ ഗാന്ധി നഗറിലെ ഉദ്യോഗഭവനിലെ ഗുജറാത്ത് ടൂറിസത്തിന്റെ ആസ്ഥാനത്തിരുന്ന് സംസ്ഥാനത്തിന്റെ ടൂറിസം മികവും പ്രതീക്ഷയും ജന്മഭൂമിക്കായി ജെനു ദേവന്‍ പങ്കുവെച്ചു.


മുഖം മാറ്റുന്ന നയം

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും സാംസ്‌കാരിക വൈവിധ്യങ്ങള്‍ കൊണ്ടും ടൂറിസം ഭൂപടത്തില്‍ സ്വന്തമായി ഒരിടം നേടിയിട്ടുള്ള നാടാണ് ഗുജറാത്ത്. അറബിക്കടലിന്റെ സൗന്ദര്യം പടര്‍ന്നുകിടക്കുന്ന ബീച്ചുകള്‍, പ്രകൃതി രമണീയത തുടിക്കുന്ന മലനിരകള്‍, സിംഹ സാന്നിധ്യമുള്ള ഗിര്‍ വനം, മഹാത്മാഗാന്ധിയുടെ സാന്നിധ്യം, ബുദ്ധ സര്‍ക്യൂട്ട്, നവരാത്രി,  പട്ടം പറത്തല്‍ , റാന്‍ ഓഫ് കച്ച് തുടങ്ങി നിരവധി കാഴ്ചാവിസ്മയങ്ങള്‍, ഗുജറാത്തിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. ടൂറിസം സാധ്യതകളെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഗുജറാത്തിലെ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  ടൂറിസം വികസനത്തിനായി  5 വര്‍ഷത്തെ ഒരു പദ്ധതി 2015 ല്‍ സര്‍ക്കാര്‍ തയ്യാറാക്കി. 2020 ഓടെ ഗുജറാത്ത് ടൂറിസത്തിന്റെ മുഖം മാറ്റുന്ന പദ്ധതിയാണിത്. അതിന്റെ ഗുണഫലങ്ങള്‍ പ്രതിഫലിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷം 4.5 കോടി പേരാണ് ഗുജറാത്ത് കാണാന്‍ എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധന. അവരില്‍ 98 ശതമാനം ആഭ്യന്തര ടൂറിസ്റ്റുകളും രണ്ട് ശതമാനവും വിദേശസഞ്ചാരികളാണ്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചയുണ്ടായി.വിനോദ സഞ്ചാരികളുടെ എണ്ണം കൂട്ടാനുള്ള  പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ടുറിസം  പ്രചാരണത്തിന് വിവര സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തും. ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാനും യാത്രാ ആവശ്യങ്ങള്‍ നിറവേറ്റന്നതില്‍ സഹായിക്കാനും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കും. നിലവിലുള്ള സൗകര്യങ്ങള്‍ നവീകരിക്കുകയും പുതിയ ടൂറിസം ആശയങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നത്  പ്രോത്സാഹിപ്പിക്കുകയാണ്. ടൂറിസ്റ്റുകള്‍ക്ക് വലിയ മ്യൂസിയങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 2015-20 ലെ സംസ്ഥാന ടൂറിസം നയം വന്‍ വിജയമാണ്. ഇതുവരെ 9000 കോടി വിലമതിക്കുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയ വ്യത്യസ്ത ടൂറിസം പദ്ധതികള്‍ക്കായി 220 അപേക്ഷകള്‍ നിലവിലുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്ക് മികച്ച ടൂറിസം അടിസ്ഥാന സൗകര്യം നല്‍കും


സാസ്‌ക്കാരിക ടൂറിസം

 സിന്ധു നദീതട സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഗുജറാത്ത് ചരിത്രത്തിലുടനീളം സുപ്രധാനമായ സാംസ്‌കാരിക സാമ്പത്തിക കേന്ദ്രമായിരുന്നു. സിന്ധു നദീതട സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്ന രണ്ട് കേന്ദ്രങ്ങള്‍ ഉണ്ട്. ഒന്ന് കച്ചിലും. മറ്റൊന്ന് അഹമ്മദാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ലോത്തലിലും.. ഇവിടെയുള്ള  മ്യൂസിയങ്ങള്‍ വിപുലീകരിക്കും..   ആ കാലഘട്ടത്തിലെ സംസ്‌കാരം, കരകൗശല അവശിഷ്ടങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന്  ഒരു ദേശീയ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് കൊണ്ട് വരും. ഗുജറാത്തി സംസ്‌കാരത്തിന്റെ തനിമ തെളിഞ്ഞു കാണുന്ന രാസ്, ഗര്‍ബ തുടങ്ങിയ ആഘോഷങ്ങള്‍ ഗുജറാത്തിനെ  അടുത്തറിയാന്‍ സഹായിക്കും. ഗുജറാത്തിലെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍ക്ക് ടൂറിസ്റ്റുകള്‍ക്കിടയില്‍ ആവശ്യക്കാരേറെയാണ്. ഗുജറാത്തികള്‍ ഉപയോഗിക്കുന്ന തലപ്പാവിനും കുപ്പായങ്ങള്‍ക്കുമാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രിയം കൂടുതല്‍. ചിത്രപ്പണികളോടുകൂടിയ ചോളികള്‍, പത്താനിലെ പടോല സാരികള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ധാരാളമുണ്ട്.തീര്‍ത്ഥാടനകേന്ദ്രങ്ങുടെ കാര്യത്തിലും ഗുജറാത്ത് സമ്പന്നമാണ്.  മതത്തിന്റേയും പുരാണങ്ങളുടെയും ചരിത്രത്തില്‍നിന്നും ഒഴിച്ചുനിര്‍ത്താനാകാത്ത ദ്വാരകയും സോമനാഥും.  അംബാജി ക്ഷേത്രവും ഗിര്‍നാര്‍ കുന്നുകളിലെ ഹിന്ദു - ജൈന ക്ഷേത്രങ്ങളും തീര്‍ത്ഥാടക ഭൂപടത്തില്‍ അനിഷേധ്യമായ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ള പുണ്യസ്ഥലങ്ങളാണ്. സനാ ജില്ലയിലെ മൊധേറയിലെ സൂര്യക്ഷേത്രം ഇതിനകം കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയിലാണ്. ഇത് വിപുലീകരിക്കുന്നതിനായി,  സൗരോധിഷ്ഠിത സ്വയം-സുസ്ഥിരയൂണിറ്റായ മോധേറ ഗ്രാമം നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ്. സൂര്യക്ഷേത്രത്തെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്നു.

 ഗാന്ധിജയും ശ്രീബുദ്ധനും

മഹാത്മാഗാന്ധിയുടെ സാന്നിധ്യം അനുഭവിപ്പിക്കാന്‍ ഇതിനകം തന്നെ രാജ്കോട്ടിലെ പോര്‍ബന്ദറിലും അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ട്. ദണ്ഡി ഹെറിറ്റേജ് സര്‍ക്യൂട്ട് രൂപപ്പെടുത്തുകയാണ്. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവമായിരുന്ന ദണ്ഡി യാത്ര അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ഒരുങ്ങും. ഒരു വലിയ ദണ്ഡി മ്യൂസിയം പണിയുകയാണ്. ഗാന്ധിജിയുടെ ആശയങ്ങളും തത്ത്വചിന്തകളും പ്രദര്‍ശിപ്പിക്കുകയും അതു സംവേദനാത്മകമാക്കുകയും ചെയ്യുന്ന മ്യുസിയമാകും ഇത്..
അന്താരാഷ്ട്ര ബുദ്ധ സര്‍ക്യൂട്ട് വികസിപ്പിച്ചെടുക്കുകയാണ്. 1960 ല്‍ ബുദ്ധദേവന്റെ അവശിഷ്ടങ്ങള്‍ വടക്കേ ഗുജറാത്തിലെ മെഷ്വോ ഡാമില്‍ നിന്ന് കണ്ടെടുത്തു. എം എസ് യൂണിവേഴ്സിറ്റിയിലെ ബറോഡ പുരാവസ്തു മ്യൂസിയം ഇത് സംരക്ഷിച്ചിട്ടുണ്ട്..ഇവിടെ നദീതീരത്തിനോ റിസര്‍വോയറിനോ സമീപം ഒരു വലിയ ബുദ്ധ സമുച്ചയം ആസൂത്രണം ചെയ്യുന്നു.
ബുദ്ധന്റെ ജീവിതവും ബുദ്ധ സംസ്‌ക്കാകരവും പാരമ്പര്യവും ഒക്കെ പ്രദര്‍ശിപ്പിക്കുന്ന സമുച്ചയത്തില്‍ 150 മീറ്റര്‍ ഉയരമുള്ള ബുദ്ധ  പ്രതിമയും ഉണ്ടാകും.. ജുനാഗഡ്, ഗിര്‍, സോംനാഥ്, ഭാവ്നഗര്‍ എന്നിവിടങ്ങളില്‍ ബുദ്ധമത ഗുഹകളും വിഹാരങ്ങളും ബന്ധിപ്പിച്ച് കാണപ്പെടുന്ന ഒരു സര്‍ക്യൂട്ട് ഉണ്ട്.  സ്വദേശ് ദര്‍ശന്‍ സ്‌കീമിന് കീഴില്‍  ഇത്  പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ മികച്ച പിന്തുണ പദ്ധതിക്കുണ്ട്. കിഴക്കേ ഏഷ്യയില്‍ നിന്ന് നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കും എന്നാണ് കരുതുന്നത്

റാന്‍ ഉത്സവവും പട്ടം പറത്തലും

റാന്‍ ഓഫ് കച്ച് പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ഏകദേശം 30,000 സ്‌ക്വയര്‍ കിലോമീറ്ററോളം ദൂരം പരന്നു കിടക്കുന്ന ഇവിടം ശൈത്യകാലങ്ങളില്‍ ഉപ്പു കൊണ്ടു നിറഞ്ഞ ഒരു മരുഭൂമിയും വേനല്‍ക്കാലങ്ങളില്‍ ഇത് അപ്രത്യക്ഷമായി ചതുപ്പു നിറഞ്ഞ ഭൂമി ആവുകയും ചെയ്യുന്ന സ്ഥലമാണ്. ഇത് മറ്റ് ഇടപെടലുകള്‍ ഒന്നും ഇല്ലാതെ കൃതിയില്‍ നടക്കുന്ന കാര്യമാണ്. അതിനാലാണ് ഇതിനെ പ്രകൃതിയുടെ അത്ഭുതം എന്നു പറയുന്നത്
 വിനോദ സഞ്ചാരം വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ 2005 ല്‍ ആരംഭിച്ച പരിപാടിയാണ് റാന്‍ ഉത്സവ്. റാനിന്റെ മനോഹാരിതയും ഇവിടുത്തെ തദ്ദേശീയ ആചാരങ്ങളും ഭക്ഷണങ്ങളും ജീവിത രീതികളും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ തുടങ്ങിയ ഇതിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.
 ഗുജറാത്തിലെ ആകാശങ്ങള്‍ പട്ടങ്ങള്‍ കീഴടക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലും സഞ്ചാരികളെ അകര്‍ഷിക്കും.. തലസ്ഥാനമായ അഹമ്മദാബാദാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍ പ്രധാനമായും നടക്കുന്നത്.  സംസ്ഥാനത്തെ വിവിധ നഗരങ്ങളിലും കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്

വിശാല തീരവും മലനിരകളും

 അറബിക്കടലിന്റെ സൗന്ദര്യം പടര്‍ന്നുകിടക്കുന്ന ബീച്ചുകള്‍, സഹ്യാദ്രി മലനിരകള്‍, ആരവല്ലി മലനിരകള്‍, സത്പുര മലനിരകള്‍, റാന്‍ ഓഫ് കച്ച് തുടങ്ങി നിരവധി കാഴ്ചാവിസ്മയങ്ങള്‍ ഗുജറാത്തിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.. റ്റിത്താല്‍ ബ്ലാക്ക് സാന്‍ഡ് ബീച്ച്, മാണ്ട്വി ബീച്ച്, ചോര്‍വാദ് ബീച്ച്, അഹമ്മദ്പൂര്‍ മാണ്ട്വി ബീച്ച്, സോമനാഥ് ബീച്ച്, പോര്‍ബന്ദര്‍ ബീച്ച്, ദ്വാരക ബീച്ച് ഇങ്ങനെ നീണ്ടുപോകുന്നു പ്രശസ്തമായ ബീച്ചുകള്‍.
ഗിര്‍നാറിലെയും സപുത്താരയിലെയും മലനിരകള്‍ ആരെയും ആകര്‍ഷിക്കും. അപൂര്‍വ്വയിനം സിംഹങ്ങളുടെ നാടെന്ന ഖ്യാതിയും ഗുജറാത്തിനുണ്ട്. സിംഹങ്ങള്‍ക്ക് പുറമെ അപൂര്‍വ്വയിനത്തില്‍പെട്ട കഴുതകള്‍, മാനുകള്‍ എന്നിവയടക്കം നിരവധി വന്യജീവികളുടെ വിഹാരകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഗിര്‍ നാഷണല്‍ പാര്‍ക്ക്, വന്‍സ്ഡ നാഷണല്‍ പാര്‍ക്ക്, വെരവാദാര്‍ ബ്ലാക്ക്ബക്ക് നാഷണല്‍ പാര്‍ക്ക്, നാരായണ്‍ സരോവര്‍ വൈല്‍ഡ്‌ലൈഫ് സാങ്ങ്ചുറി, തോല്‍ ലേക്ക് ബേര്‍ഡ് സാങ്ങ്ചുറി, കച്ച് ഗ്രേറ്റ് ഇന്ത്യന്‍ ബസ്ടാര്‍ഡ് സാങ്ങ്ചുറി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍.

ബോര്‍ഡര്‍ ടൂറിസം

 അടുത്തിടെ ആരംഭിച്ച  'ബോര്‍ഡര്‍ ടൂറിസം' നല്ല പ്രതികരണമാണ് ഉണ്ടാക്കുന്നത്.പാക് അതിര്‍ത്തി പങ്കിടുന്ന ബനാസ് കാന്ത ജില്ലയിലെ നാദബെറ്റ് പാക്കേജിന്റെ ഭാഗമായി ടൂറിസ്റ്റുകള്‍് സന്ദര്‍ശിക്കാന്‍ അനുവദിക്കും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് കാവല്‍ക്കാര്‍  എങ്ങനെ അവിടെ താമസിക്കുന്ന എന്നറിയുന്ന പ്രദര്‍ശന കേന്ദ്രം അവിടെയുണ്ട്.് സൂര്യാസ്തമയ സമയത്ത് ടൂറിസ്റ്റുകളെ അതിര്‍ത്തിയിലെ ബി എസ്.എഫ് പരേഡ് കാണാന്‍ കാണാന്‍ അനുവദിക്ക്ും.ഓഡിയോ വിഷ്വല്‍ റൂം, റിട്രീറ്റ് സെറിവേറ്റഡ് ഏരിയ, ആംഫിതിയേറ്റര്‍, വിഐപി ലോഞ്ച്, ഫുഡ് സ്റ്റാളുകള്‍, പബ്ലിക് ടോയ്ലറ്റുകള്‍, സെല്‍ഫി സോണ്‍, ടവറുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടുണ്ട്..ബി.എസ്.എഫിന്റെ ഫ്യൂഷന്‍ ബാന്‍ഡ് പ്രകടനം, ഒട്ടക പ്രദര്‍ശനം, പക്ഷി നിരീക്ഷണം, ആയുധങ്ങള്‍ പ്രദര്‍ശനം, ഫോട്ടോ ഗാലറി, ബി.എസ്.എഫ് ചരിത്രം എന്നിവ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കും. വാഗാ ബോര്‍ഡറിലെ പരേഡിനു സമാനമായ പരേഡാണിവിടെയും.ഏക വ്യത്യാസം നാദബെറ്റില്‍ ഇന്ത്യയുടെ പരേഡ് മാത്രമാണ് ഉള്ളത് എന്നതാണ്.


വിപണി

 2006 മുതല്‍ ഗുജറാത്ത് ടൂറിസം വളര്‍ച്ചയിലാണ്. ഏതാനും വര്‍ഷങ്ങളായി ഗുജറാത്ത് ടൂറിസം ഡബ്ല്യുടിഎം ലണ്ടന്‍, ഐടിബി ബെര്‍ലിന്‍ എന്നീ മെഗാ ടൂറിസം മേളകളില്‍ പങ്കെടുക്കുന്നുണ്ട്.  വാദേശ സഞ്ചാരികളുടെ  കാര്യത്തില്‍ യു.കെ.യാലാണ്  ഒന്നാമത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലകളില്‍ നിന്നും ഒഴുക്കുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിലും വളര്‍ച്ചയാണ്. ഈ വര്‍ഷം 114.76 ലക്ഷം ടൂറിസ്റ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. മഹാരാഷ്ട്ര (19.2%), മധ്യപ്രദേശ് (15.6%), ഉത്തര്‍പ്രദേശ് / ബീഹാര്‍ (12.9%) എന്നിവയാണ് പട്ടികയില്‍ മുന്നില്‍.
ഇന്ത്യ മുഴുവനും  സ്രോതസ്സായി കാണുന്നു. എന്നിരുന്നാലും അയല്‍ സംസ്ഥാനമായ മഹാരാഷ്ട്ര, എം.പി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പരമാവധി  ആളുകളെ പതീക്ഷിക്കുന്നു.


www.janmabhumidaily.com/news826309


https://www.janmabhumidaily.com/news826309